48 മണിക്കൂർകൊണ്ട് നട്ടത് 5000 വൃക്ഷത്തൈകൾ; റെക്കോർഡ് നേട്ടവുമായി സഹോദരങ്ങൾ

tree-planting
Representative Image
SHARE

കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവുമെല്ലാം ചെറുക്കാൻ മനുഷ്യനു മുന്നിൽ അവശേഷിക്കുന്ന ഒരേയൊരു വഴിയാണ് ഭൂമിയെ പച്ചപ്പുകൊണ്ടു പൊതിയുക എന്നത്. ഇതിനായുള്ള പരിശ്രമങ്ങൾ ശക്തിപ്പെടുത്താൻ ലോകമെമ്പാടുമുള്ള പരിസ്ഥിതിസ്നേഹികൾ ആഹ്വാനം ചെയ്യുന്നുമുണ്ട്. ഈ സാഹചര്യങ്ങൾ മനസ്സിലാക്കി സ്വന്തം പ്രവർത്തനങ്ങൾ കൊണ്ട്  മാതൃകയാവുകയാണ് തമിഴ്നാട്ടിലെ വിരുദുനഗർ സ്വദേശികളായ അരുൺ, ശ്രീകാന്ത് എന്നീ സഹോദരങ്ങൾ.  5000 വൃക്ഷത്തൈകൾ 48 മണിക്കൂർ നേരം കൊണ്ട് നട്ടുപിടിപ്പിച്ച് റെക്കോർഡ് നേടിയിരിക്കുകയാണ് ഇരുവരും. 

കഴിഞ്ഞവർഷം ലോക്ഡൗൺ സമയത്താണ് ഉപകാരപ്രദമായ എന്തെങ്കിലും കാര്യങ്ങൾ ചെയ്യണമെന്ന തീരുമാനത്തിൽ വീട്ടുമുറ്റത്ത് രണ്ടു വൃക്ഷത്തൈകൾ നട്ടത്. നാൾക്കുനാൾ അവ വളരുന്നത് കണ്ട് ഏറെ സന്തോഷം തോന്നിയതോടെ തമിഴ്നാട്ടിലെ പല പ്രദേശങ്ങളിലായി വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കാനും സ്വന്തം ജില്ലയെ പച്ചപ്പുകൊണ്ട് നിറയ്ക്കാനും ഇരുവരും തീരുമാനിക്കുകയായിരുന്നു. സമാനമായ രീതിയിൽ ചിന്തിക്കുന്നവരുടെ  പിന്തുണയോടെ ഇത്തരമൊരു പദ്ധതി നടത്താനായിരുന്നു ഉദ്ദേശിച്ചത്. ആ ലക്ഷ്യത്തിലേക്ക് എത്താൻ ഒരു മാർഗം കൂടി ഇവർ കണ്ടെത്തി. സംസ്ഥാനത്തുടനീളം സൈക്കിളിൽ എത്തി വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുക എന്നതായിരുന്നു അത്. 

അങ്ങനെയാണ് 'സൈക്ലിങ് ഫോർ റീസൈക്ലിങ് ' എന്ന പേരിൽ പദ്ധതി ആരംഭിച്ചത്. വൃക്ഷത്തൈകളുമായി സൈക്കിൾ ചവിട്ടി എത്തി ക്ഷേത്രങ്ങളുടെയും സർക്കാർ ഓഫിസുകളുടെയും പരിസരത്തും  പ്രദേശവാസികൾ വിട്ടുനൽകിയ സ്ഥലങ്ങളിലുമെല്ലാമാണ്  തൈകൾ നട്ടുപിടിപ്പിച്ചത്. ഇക്കഴിഞ്ഞ ജനുവരി 21 നും 26 നും ഇടയ്ക്ക് 48 മണിക്കൂർ സമയം കൊണ്ട് 5000 ചെടികളാണ് ഇരുവരും ചേർന്ന് ഇത്തരത്തിൽ നട്ടത്. തൊഴിലുറപ്പ് പദ്ധതിയിൽ അംഗമായവരുടെ സഹായത്തോടെയാണ് കുഴികൾ എടുത്തത്. 

മുപ്പത് ഇനത്തിൽപ്പെട്ട വൃക്ഷങ്ങൾ നട്ടുപിടിപ്പിക്കുന്നതിനായി തിരഞ്ഞെടുത്തിരുന്നു. സൈക്കിളിങ്ങിനൊപ്പം  പരിസ്ഥിതിക്ക് കൈത്താങ്ങേകുന്ന ഈ രീതിക്ക് എല്ലാ ഭാഗത്തു നിന്നും പിന്തുണയും ലഭിച്ചിരുന്നു. 25കാരനായ അരുണിന്റെയും 22കാരനായ ശ്രീകാന്തിന്റെയും പ്രവർത്തനങ്ങൾ കണക്കിലെടുത്ത് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ  ഇവർക്ക് ഇടം നേടാനായി . സൈക്കിളിങ്ങ്  പ്രയോജനകരമായ രീതിയിൽ ഉപയോഗിച്ചു എന്നത് കണക്കിലെടുത്താണ് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് ഇവർക്ക്  സർട്ടിഫിക്കറ്റ്  നൽകിയിരിക്കുന്നത്.

English Summary: Cyclist Brothers Plant 5000 Saplings In 48 Hours

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GREEN HEROES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA