രക്ഷിച്ചത് 300 തെരുവുനായകളെ, വച്ചുപിടിപ്പിച്ചത് നിരവധി മരങ്ങൾ; പരിസ്ഥിതിക്ക് കാവലായി 24 കാരൻ!

Meet the 24-yo who rescued over 300 strays and planted three dense forests
Image Credit: Ashish Joshi /Facebook
SHARE

സഹജീവികൾക്ക് വേണ്ടി ജീവിക്കാനും നാടിന് നന്മ ചെയ്യാനും പണമോ പ്രതാപമോ വേണമെന്നില്ല. മറ്റുള്ളവരോട് കരുതലുള്ള ഒരു ഹൃദയമുണ്ടായാൽ മാത്രം മതി. ഇത് തന്റെ ജീവിതംകൊണ്ട്  തെളിയിച്ചിരിക്കുകയാണ് ഔറംഗബാദ് സ്വദേശിയായ ആശിഷ് ജോഷി എന്ന 24കാരൻ.  ഭക്ഷണമോ സുരക്ഷയോ ഇല്ലാതെ തെരുവിൽ അലഞ്ഞ മുന്നൂറിലധികം നായകൾക്ക് അഭയം നൽകിയ ആശിഷ് നാടിനുവേണ്ടി  നട്ടുവളർത്തിയത് മൂന്ന് നിബിഡവനങ്ങളാണ്.

ഫ്രീലാൻസ് ആർക്കിടെക്ടായി ജോലിചെയ്യുന്ന ആശിഷിനൊപ്പം  ഈ പ്രവർത്തനങ്ങളിൽ കൂട്ടായി രണ്ടു സുഹൃത്തുക്കളുമുണ്ട്. മൂവർക്കും ലഭിക്കുന്ന ശമ്പളത്തിൽ നിന്നും പ്രതിമാസം എൺപതിനായിരത്തോളം രൂപ നായകൾക്കായി നീക്കിവയ്ക്കുന്നു. വീടിന് നാലഞ്ച് കിലോമീറ്റർ ചുറ്റളവിലുള്ള ഇരുന്നൂറിലധികം തെരുവു നായകൾക്ക് ദിവസവും ഭക്ഷണമെത്തിക്കുന്നുണ്ട് ആശിഷ്.  മൃഗങ്ങളോടുള്ള സ്നേഹം ചെറുപ്പം മുതൽ തന്നെ ആശിഷിനൊപ്പമുണ്ട്.  മകന്റെ സന്മനസ്സിന് മാതാപിതാക്കളും പിന്തുണയേകിയതോടെ സേവനപ്രവർത്തനങ്ങൾ തുടരുകയായിരുന്നു.

തനിയെ ജീവിക്കാൻ നിവൃത്തിയില്ലാത്ത മൂന്ന് നായകളെ വീട്ടിൽ തന്നെ ദത്തെടുത്ത് വളർത്തുന്നുണ്ട്. രണ്ടു കാലുകളും ഇല്ലാത്ത ഒരു നായയും കാഴ്ചശക്തിയില്ലാതെ ശരീരം തളർന്ന മറ്റൊരു നായയും അക്കൂട്ടത്തിൽപ്പെടും. ഭക്ഷണം നൽകുന്നതിനു പുറമേ പരിസരത്തുള്ള തെരുവുനായകൾക്ക് വേണ്ട ചികിത്സകൾ നൽകാനും കുത്തിവയ്പ്പുകൾ എടുക്കാനുമൊക്കെയാണ് ഒഴിവുസമയങ്ങൾ നീക്കിവയ്ക്കുന്നത്. മൃഗങ്ങൾക്ക് സ്വാഭാവിക ജീവിതം നിലനിർത്തുന്നതിന് പരിസ്ഥിതി സംരക്ഷണം പ്രധാനമാണെന്ന തിരിച്ചറിവിനെ തുടർന്നാണ് മരങ്ങൾ വച്ചുപിടിപ്പിക്കാൻ തീരുമാനിച്ചത്.

തരിശായി കിടന്ന ഒരു ഭൂമിയിൽ 280 മരങ്ങൾ വച്ചുപിടിപ്പിച്ചുകൊണ്ടായിരുന്നു തുടക്കം. നഗരപ്രദേശങ്ങളിൽ കഴിഞ്ഞുകൂടാൻ  ജീവികൾക്ക് ഏറെ ബുദ്ധിമുട്ടുണ്ടാകാറുണ്ട്. അവയ്ക്ക് സ്വാഭാവിക ആവാസ വ്യവസ്ഥ ഒരുക്കി നൽകുന്നതിനായാണ്  ഇത്തരമൊരു ഉദ്യമം ആരംഭിച്ചതെന്ന് ആശിഷ് പറയുന്നു. ദിവസവും രാവിലെ 3. 30ന്  തന്നെ ഉണരുന്ന ആശിഷ്  മരങ്ങൾക്ക് വെള്ളമൊഴിക്കാനും നായകൾക്ക് ഭക്ഷണം നൽകാനുമാണ് ആ സമയമത്രയും നീക്കിവയ്ക്കുന്നത്.

എന്നാൽ  തന്റെ ശ്രമങ്ങൾക്ക് നേരെ എതിർപ്പുകളുമായി വരുന്നവരും ഏറെയാണെന്ന് ആശിഷ് പറയുന്നു. തെരുവുനായകൾക്ക് ഭക്ഷണം നൽകുന്നതിനെതിരെ സമീപവാസികളിൽ ചിലർ പ്രതിഷേധം അറിയിച്ചതിനെ തുടർന്ന് അവർക്ക് കൂടുതൽ അവബോധം നൽകുന്നതിനായി ഒരു ഇൻസ്റ്റാഗ്രാം പേജ് ആരംഭിച്ചിട്ടുണ്ട്. നായകളുടെ രക്ഷാപ്രവർത്തനങ്ങൾ ഏതു സാഹചര്യത്തിലാണ് നടത്തുന്നതെന്നും   അവയ്ക്ക് കരുതലേകേണ്ടതിന്റെ ആവശ്യകതയും എല്ലാമാണ് പേജിലൂടെ ആശിഷ് പങ്കുവയ്ക്കുന്നത്.

English Summary: Meet the 24-yo who rescued over 300 strays and planted three dense forests

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GREEN HEROES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA