ADVERTISEMENT

വെട്ടിയിട്ട അയ്നിപ്ലാവിന്റെ ചില്ലകൾക്കിടയിൽ നിന്നു കിട്ടിയ കിളിക്കുഞ്ഞ് തൃശൂർ വരവൂർ നടുവട്ടത്തെ ‘കിളിത്തട്ട്’ വീടിന്റെ വാത്സല്യച്ചൂടേറ്റു ചിറകുവിരിക്കുന്നു. കന്യാസ്ത്രീ കൊക്കെന്നും കരിങ്കൊക്കെന്നുമൊക്കെ വിളിക്കപ്പെടുന്ന ഇനത്തിൽപ്പെട്ട പക്ഷിക്കുഞ്ഞ് രണ്ടരമാസം മുൻപാണ് ഈ വീട്ടിൽ അതിഥിയായി എത്ത‍ിയത്. മനുഷ്യരോടു കൂട്ടുക‍ുടാതെ ഒറ്റപ്പെട്ടു ജീവിക്കുന്ന വർഗത്തിൽപെട്ടതാണെങ്കിലും ഈ പക്ഷി വീട്ടുകാരുമായി ഇണങ്ങി ജീവിക്കുന്ന കാഴ്ച എല്ലാവർക്കും കൗതുകമേകുന്നു.

വീടിനു സമീപത്തെ ഉയരമുള്ള മരം വെട്ടിയപ്പോൾ കൂടു തകർന്നു താഴെ വീണ കുഞ്ഞിനെ ജഹാംഗീർ ബാഷയുടെയും സുബൈറയുടെയും മകൾ തസ്‌ലീമ നസ്റിനാണു പരിചരിച്ചത്. മരംവെട്ടിയതിന്റെ മൂന്നാംദിവസം തൂവലുകളൊട്ടി പുഴുവരിച്ചു കിടക്കുന്ന നിലയിലായിരുന്നു കിളിക്കുഞ്ഞിനെ കണ്ടത്. ജീവൻ രക്ഷിക്കാനാകുമെന്ന് ഉറപ്പില്ലായിരുന്നെങ്കിലും തസ്‌ലിമ കിളിക്കുഞ്ഞിനെ മരുന്നും ഭക്ഷണവും നൽകി വളർത്തിയെടുത്തു.

‘ബൂണോ’ എന്ന ചെല്ലപ്പേരിൽ വീടിന്റെ ഓമനയായി പക്ഷിക്കുഞ്ഞു വളർന്നു. ക‍ൂട്ടിലൊന്നും അടയ്ക്കാതെ തുറന്നു വിട്ടിരിക്കുകയാണെങ്കിലും പറന്നകലാൻ ബൂണോ തുനിയാറില്ല. രാവിലെ ചുറ്റുപാടും പറന്നു കറങ്ങിയ ശേഷം കൃത്യമായി വീട്ടിലേക്കു തിരിച്ചെത്തും. 3 നേരങ്ങളിലായി അരക്കിലോ പച്ചമീൻ ബുണോയ്ക്കു നൽകാറുണ്ടെന്നു തസ്‌ലിമ പറയുന്നു. അപൂർവ കാഴ്ച അടുത്തുനിന്നു കാണാൻ പലരും വീട്ടിലേക്ക് എത്താറുണ്ട്. 

ഉയരമുള്ള മരത്തിൽ മാത്രം താമസിക്കുന്ന കന്യാസ്ത്രീ കൊക്കുകൾ വൂളി നെക്ക്ഡ് സ്റ്റോർക് വിഭാഗത്തിൽപ്പെട്ടതാണ്. സംരക്ഷണം വേണ്ട വിഭാഗമായ ഈ പക്ഷികൾ മധ്യകേരളത്തിലാണ് കൂടുതൽ കണ്ടുവരാറുള്ളത്. ഭാരതപ്പുഴയുടെ തടത്തിലും പെരിയാറിനടുത്തുമെല്ലാമുള്ള പൊക്കമുള്ള മരങ്ങളിലാണു താമസം. ഇപ്പോൾ മൊബൈൽ ടവറുകളിലും മറ്റും ഇവർ കൂടൊരുക്കുന്നതു കാണാറുണ്ടെന്ന് പക്ഷി നിരീക്ഷകനായ  മനോജ് കരിങ്ങാമഠത്തിൽ പറ‍ഞ്ഞു.

English Summary: Unusual bird-human friendhip

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com