ADVERTISEMENT

ചെർണോബിലിൽ ആണവറിയാക്ടർ തകർന്നുണ്ടായ ചോർച്ച കുപ്രസിദ്ധമാണ്. അന്നു പുറത്തേക്കെത്തിയ റേഡിയേഷൻ ഏറ്റവും ഉച്ചസ്ഥായിയിലേക്കു കടക്കുമ്പോഴേക്കും ഭൂരിപക്ഷം മനുഷ്യരെയും പ്രദേശത്തു നിന്നു മാറ്റിയിരുന്നു. എന്നാൽ അത്തരത്തിലുള്ള റേഡിയേഷൻ വൻതോതിൽ വന്നു പതിച്ചാലും യാതൊരു കുഴപ്പവും പറ്റാതെ ജീവിക്കാനാകുന്ന ഒരു ജീവിയുണ്ട്– ലോകത്തിലെ ഏറ്റവും ‘കരുത്തുറ്റ’ ജീവി എന്നു വിശേഷിപ്പിക്കുന്ന അതിനു പക്ഷേ വലുപ്പം ഏകദേശം 0.5 മില്ലിമീറ്ററേയുള്ളൂ. എത്ര കഠിനമായ ചൂടും തണുപ്പും മർദവും മാരക റേഡിയേഷനുകളുമെല്ലാം ആണെങ്കിലും അതിനെയെല്ലാം ടാർഡിഗ്രേഡ് എന്ന ഈ ജീവി അതിജീവിക്കും. 

 

ഒരിക്കലും മരിക്കാതെ ചിരഞ്ജീവിയായി കഴിയാൻ ഇവയ്ക്ക് എങ്ങനെ സാധിക്കുന്നു എന്നായിരുന്നു ഇത്രയും കാലം ഗവേഷകരുടെ സംശയം. അതിനിപ്പോൾ ഉത്തരമായിരിക്കുന്നു. ടാർഡിഗ്രേഡുകളുടെ ശരീരത്തിലെ ഒരു പ്രത്യേകതരം പ്രോട്ടീനാണ് ഏതു കഠിനസാഹചര്യവും നേരിടാനുള്ള പടച്ചട്ട ഇവയ്ക്കു നൽകുന്നത്. കാഴ്ചയിൽ ഒരു വമ്പൻ കരടിയെപ്പോലെയാണെന്നതിനാൽ ജലക്കരടിയെന്നും ഇവയ്ക്കു പേരുണ്ട്. 300 ഡിഗ്രി ഫാരൻഹീറ്റ് വരെയുള്ള ചൂട് താങ്ങാൻ ടാർഡിഗ്രേഡിനാകും. ബഹിരാകാശത്തെ കൊടുംതണുപ്പിനെ പോലും പ്രതിരോധിക്കും. ലോകത്തിലെ ഏറ്റവും ആഴമുള്ള ഭാഗമായ മരിയാന ട്രഞ്ചിന്റെ ആഴങ്ങളിലേക്ക് മനുഷ്യൻ ഇറങ്ങിയാൽ മർദവ്യതിയാനം കാരണം അധികം സഞ്ചരിക്കാനാകില്ല. എന്നാൽ അതിന്റെയും ആറിരട്ടി മർദമാണെങ്കിലും ടാർഡിഗ്രേഡ് ഒരു കുഴപ്പവും പറ്റാതെ നിൽക്കും. 

 

മറ്റു മൃഗങ്ങൾക്ക് മാരകമാകുന്ന റേഡിയേഷന്റെ ആറിരട്ടി പതിച്ചാലും ഈ ജലക്കരടി ‘കൂൾ’. ആയിരക്കണക്കിന് ഗ്രേ (Gy) യൂണിറ്റ് വരുന്ന റേഡിയേഷൻ പതിച്ചാലും ഇവ ചാകില്ല. 10 ഗ്രേ റേഡിയേഷൻ അടിച്ചാൽത്തന്നെ മനുഷ്യനു മാരകമാണെന്നോർക്കണം. ടാർഡിഗ്രേഡുകൾ ഉൽപാദിപ്പിക്കുന്ന ഒരുതരം പ്രോട്ടീനാണ് അവയ്ക്കു സഹായകരമാവുന്നതെന്നാണു കണ്ടെത്തൽ. ഡാമേജ് സപ്രസ്സർ എന്നാണ് പ്രോട്ടീന് ഗവേഷകർ നൽകിയിരിക്കുന്ന പേര്. ഡിസപ് എന്നു ചുരുക്കി വിളിക്കാം. മനുഷ്യർക്ക് ഏറെ ഉപകാരപ്പെടുന്ന കണ്ടെത്തലാണ് ഈ പ്രോട്ടീനിലൂടെ കലിഫോർണിയ സർവകലാശാലയിലെ ഗവേഷകര്‍ നടത്തിയത്. 

 

എക്സ് റേ രശ്മികൾ ഇവയുടെ ശരീരത്തിലേക്കു വൻതോതിൽ പതിപ്പിച്ചായിരുന്നു പരീക്ഷണം. ടാർഡിഗ്രേഡിന്റെ ശരീരകോശങ്ങൾക്ക് ചുറ്റിലും മേഘപടലം പോലെ ഒരു ആവരണം സൃഷ്ടിച്ചാണ് ഡിസപ് സഹായിക്കുന്നതെന്നു കണ്ടെത്തി. പ്രോട്ടീനു രണ്ടു ഭാഗങ്ങളുണ്ട്. ഇതിലൊന്ന് കോശങ്ങളിലെ ക്രോമാറ്റിനോടു ചേർന്നിരിക്കുന്നു. രണ്ടാമത്തേതാണ് ഡിഎൻഎയെ പുറത്തുനിന്നുള്ള ആക്രമണങ്ങളിൽ നിന്ന് ആവരണം തീര്‍ത്തു സംരക്ഷിക്കുന്നത്. കോശങ്ങളിൽ ഡിഎൻഎ സ്ഥിതി ചെയ്യുന്നത് ക്രോമാറ്റിനുള്ളിലാണ്. അകത്തും പുറത്തും ഒരേസമയം സംരക്ഷണം തീര്‍ക്കാൻ ഡിസപിനാകുമെന്നു ചുരുക്കം. 

 

2016ലാണ് ആദ്യമായി ഈ പ്രോട്ടീൻ കണ്ടെത്തുന്നത്. മനുഷ്യശരീരത്തിൽ കോശങ്ങൾക്ക് റേഡിയേഷൻ കാരണമുണ്ടാകുന്ന പ്രശ്നങ്ങള്‍ 40% വരെ കുറയ്ക്കാൻ ഡിസപിനാകുമെന്നും കണ്ടെത്തി. ഇതേ ഡിസപിനെ ടാർഡിഗ്രേഡ് എങ്ങനെയാണ് സ്വയരക്ഷയ്ക്കായി ഉപയോഗപ്പെടുത്തുന്നതെന്നതായിരുന്നു ഗവേഷകരുടെ പഠനവിഷയം. ഒരുകാലത്ത് ഈ പ്രോട്ടീൻ മനുഷ്യനിലും സുരക്ഷാകവചമായി ഉപയോഗിക്കപ്പെടാമെന്നുമുള്ള ശുഭാപ്തി വിശ്വാസവും ഗവേഷകർ പങ്കുവയ്ക്കുന്നു. പലതരം കോശങ്ങൾക്കായി പലതരത്തിൽ ഡിസപ് പ്രോട്ടീനെ ‘ഒപ്റ്റിമൈസ്’ ചെയ്തെടുത്ത് സംരക്ഷണ കവചമായി ഉപയോഗിക്കാമെന്നതാണു പ്രത്യേകത. രോഗം ബാധിച്ചു കോശങ്ങൾ നശിക്കുന്ന അവസ്ഥയ്ക്കുള്ള പരിഹാരമായും ഈ ജലക്കരടിയുടെ പ്രോട്ടീൻ ഭാവിയിൽ സഹായകരമാകുമെന്നും പഠനങ്ങൾ പറയുന്നു.

 

ടാർഡിഗ്രെഡ്സ് എന്നത് വലിയൊരു ജീവി വര്‍ഗമാണ്. അതിലെ തന്നെ പല വിഭാഗങ്ങളില്‍ ഒന്നായ യൂടാർഡിഗ്രെഡിൽ നടത്തിയ പഠനത്തിലാണ് ഈ കഴിവ് കണ്ടെത്തിയത്.ടാർഡിഗ്രെഡ്സിലെ ഏറ്റവും വലിയ വിഭാഗമാണ് യൂടാർഡിഗ്രെഡുകൾ. അതുകൊണ്ട് തന്നെ ഇവയിലെ മറ്റ് വര്‍ഗങ്ങളിലും ഇതേ കഴിവ് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഗവേഷകര്‍. 

 

നൂറ്റാണ്ടുകളായി തുടരുന്ന പഠനം

ടാര്‍ഡിഗ്രേഡ്സ് എന്ന ജീവിയേക്കുറിച്ചുള്ള പഠനം പതിനാറാം നൂറ്റാണ്ട് മുതല്‍ നടക്കുന്നതാണ്. ഇവയിടെ ഹൈഡ്രോബയോസിസ് എന്ന പ്രതിഭാസം കണ്ടത്തിയത് പതിനെട്ടാം നൂറ്റാണ്ടിലാണ്. ആന്‍റോണ്‍ ലീന്‍ എന്ന ഗവേഷകനാണ് വീടിന്‍റെ മേല്‍ക്കൂരയിലിട്ട് ഉണക്കിയതിന് ശേഷം വീണ്ടും ഇവയ്ക്ക് ജീവന്‍ വരുന്നുണ്ടെന്ന് കണ്ടെത്തിയത്. ടാര്‍ഡിഗ്രേഡ്സില്‍ തന്നെ പല വിഭാഗങ്ങളുണ്ട്. എല്ലാത്തിന്‍റെയും അതീജിവന ക്ഷമത ഒരേ അളവിലല്ല. കടല്‍ ടാര്‍ഡിഗ്രേഡ്സ് ആണ് കൂട്ടത്തില്‍ താരതമ്യേന ദുര്‍ബലരായി കണക്കാക്കുന്നത്. ആകെ ടാര്‍ഡിഗ്രേഡ്സില്‍ ഏതാണ്ട് 1400 ല്‍ അധികം വിഭാഗങ്ങളുണ്ടെന്നാണ് കണക്കാക്കുന്നത്. 

 

അതേസമയം എന്തിനെയും ചെറുത്ത് നില്‍ക്കാന്‍ കഴിയുന്ന ടാര്‍ഡിഗ്രേഡ്സിനും ചില എതിരാളികളുണ്ട്. ഉദാഹരണത്തിന് ഭൂമിയില്‍ ഒരു ഉല്‍ക്ക പതിച്ചാല്‍ ഏറ്റവുമധികം അതിജീവന സാധ്യതയുള്ള ജീവി ടാര്‍ഡിഗ്രേഡ്സ് തന്നെയായിരിക്കും. പക്ഷേ ഒരു സൂചി കൊണ്ട് കുത്തിയാൽ ഈ ജീവികള കൊല്ലാന്‍ അനായാസം സാധിക്കും. കൂടാതെ ഇവയെ ഭക്ഷിക്കുന്ന ജീവികള്‍ക്കും ടാര്‍ഡിഗ്രേഡ്സിനെ കൊല്ലുന്നതും ദഹിപ്പിക്കുന്നതും ഒരു ശ്രമകരമായ പണിയല്ല. ഒരു ഫംഗസ് വിചാരിച്ചാലും ടാര്‍ഡിഗ്രേഡിനെ ഇല്ലാതാക്കാന്‍ കഴിയും എന്നതും കൗതുകകരമായ കാര്യമാണ്.

 

English Summary: Tardigrades: nature's great survivors

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com