ADVERTISEMENT

വളരെ അടുത്ത് മനസ്സിലാക്കും വരെ മനുഷ്യര്‍ ഏറെ ഭയത്തോടെ വീക്ഷിച്ചിരുന്ന ജീവികളാണ് തിമിംഗലങ്ങള്‍. സ്വാഭാവികമായും ചെറുബോട്ടുകളില്‍ കടല്‍ കീഴടക്കാന്‍ ഇറങ്ങി പുറപ്പെട്ട മനുഷ്യര്‍ക്ക് തിമിംഗലത്തിന്‍റെ വലുപ്പം മാത്രം മതി ഹൃദയമിടിപ്പിന്‍റെ വേഗത കൂടാന്‍. എന്നാല്‍ അടുത്തറിഞ്ഞതോടെ വലുപ്പത്തില്‍ മുന്‍പന്തിയിലെങ്കിലും തിമിംഗലങ്ങള്‍ പൊതുവെ നിരുപദ്രവകാരികളെന്ന് മനുഷ്യര്‍ തിരിച്ചറിഞ്ഞു. എന്നാല്‍ സമീപകാലത്ത് പുറത്തു വന്ന ഒരു വാര്‍ത്ത ചിലരെയെങ്കിലും അമ്പരപ്പിച്ചു. കാരണം കടലില്‍ മുങ്ങാംകുഴിയിട്ട ഒരു നീന്തല്‍ വിദഗ്ദ്ധനെ തിമിംഗലം വിഴുങ്ങിയതായിരുന്നു ആ വാര്‍ത്ത.

 

മനുഷ്യനെ വിഴുങ്ങിയ തിമിംഗലം

തിമിംഗലം മനുഷ്യനെ വിഴുങ്ങുമോ? ആ ചോദ്യംസമൂഹമാധ്യമങ്ങളിലാകെ ഉയര്‍ന്നു. ഏതായാലും സംഭവിച്ച കാര്യങ്ങള്‍ ഈ ചോദ്യത്തിനുള്ള വ്യക്തമായ ഉത്തരം നല്‍കുന്നതായിരുന്നു. തിമിംഗലത്തിന് മനുഷ്യനെ വിഴുങ്ങാന്‍ സാധിക്കുമെന്ന പ്രസ്താവന പാതി ശരിയാണെന്നും, പാതി തെറ്റാണെന്നും ഈ സംഭവം നമ്മളോട് പറയും. കടലില്‍ ചെമ്മീനുകളെ നിരീക്ഷിക്കാനിറങ്ങിയ ഒരു മുങ്ങല്‍ വിദഗ്ധനാണ് ഇതുവരെ രേഖപ്പെടുത്തിയ ചരിത്രത്തില്‍ തിമിംഗലത്തിന്‍റെ വായ്ക്കകത്ത് പൂര്‍ണമായും എത്തപ്പെട്ട മനുഷ്യന്‍. ഇദ്ദേഹം ഈ അനുഭവം പറയാന്‍ ജീവിച്ചിരിക്കുന്നു എന്നത് തന്നെയാണ് തിമിംഗലം വിഴുങ്ങിയാലും അതില്‍ വലിയ അപകട സാധ്യതയില്ലെന്നതിന് തെളിവും.

ശരീരവലുപ്പത്തില്‍ നിന്ന് വിഭിന്നമാണ് തിമിംഗലങ്ങളുടെ ഭക്ഷണ ശീലം. ചെറു മീനുകളെയാണ് പൊതുവെ തിമിംഗലങ്ങല്‍ അകത്താക്കുക. പ്രത്യേകിച്ചും, നീലത്തിമിംഗലങ്ങള്‍, അരിപ്പ തിമിംഗലങ്ങള്‍, കൂനന്‍ തിമിംഗലങ്ങള്‍ തുടങ്ങിയ വലിയ ജീവികള്‍. ഇവയുടെ വായില്‍ നിന്ന് ആമാശയത്തിലേക്കുള്ള കവാടത്തിന്‍റെ വലുപ്പം ഏതാണ്ട് 1 ഇഞ്ച് വ്യാസം മാത്രമാണ്. അതുകൊണ്ട് തന്നെ ചെറു ജീവികളെയല്ലാതെ മറ്റൊന്നും ഇവയുടെ വായിലൂടെ അകത്തേക്ക് പോകില്ല.

മനസ്സിലേക്കെത്തിയ മക്കളുടെ മുഖം

ഇുതന്നെയാണ് മുങ്ങല്‍ വിദഗ്ദ്ധനും സംഭവിച്ചത്. മുങ്ങാം കുഴിയിട്ട ഇദ്ദേഹം ഒരു മത്സ്യക്കൂട്ടത്തിന് നടുവിലായിരുന്നു. പെട്ടെന്നാണ് ചുറ്റും ഇരുട്ട് പരക്കുന്നതുപോലെ തോന്നിയത്. വൈകാതെ ഒരു കൂട്ടില്‍ അകപ്പെട്ടതു പോലെ തോന്നിയെന്നും, കുറ്റാക്കൂരിരുട്ടായെന്നും ഇയാള്‍ വിശദീകരിക്കുന്നു. ഒരു നിമിഷം സ്രാവോ മറ്റോ തന്നെ വിഴുങ്ങിയെന്നാണ് ഇയാള്‍ ധരിച്ചത്. എന്നാല്‍ പല്ലുകളൊന്നും ശരീരത്തില്‍ കൊള്ളാത്തതു കൊണ്ടും എവിടെയും വേദനയെടുക്കാത്തത് കൊണ്ടും ഒരു പക്ഷേ തിമിംഗലത്തിന്‍റെ വായിലായിരിക്കാം താന്‍ അകപ്പെട്ടതെന്ന ചിന്തയും കടന്നുവന്നു.

എന്നാല്‍ അവിടെ നിന്ന് രക്ഷപ്പെടാന്‍ കഴിയില്ലെന്നു തന്നെയാണ് ആ നിമിഷം കരുതിയത്. തന്‍റെ 12 ഉം 15 ഉം വയസ്സുള്ള മക്കളെ കുറിച്ച് ചിന്തിച്ചു. തിമിംഗലത്തിന്‍റെ ഉള്ളിലേക്ക് താന്‍ താഴ്ന്നു പോവുകയാണെന്ന തോന്നലുണ്ടായി. എന്നാല്‍ വൈകാതെ ചുറ്റും പ്രകാശം പരന്നു. ശാരീരികമായി വലിയ പ്രയത്നം കൂടാതെ തന്നെ വീണ്ടും കടലിലേക്ക് തിരിച്ചെത്തി. അപ്പോഴാണ് തന്നില്‍ നിന്നും അകന്നു പോകുന്ന ആ കൂറ്റന്‍ തിമിംഗലത്തെ അയാള്‍ കണ്ടത്. സ്വബോധം വീണ്ടെടുത്ത് കടല്‍പ്പരപ്പിലേക്കെത്താന്‍ പിന്നെയും ഏതാനും നിമിഷങ്ങള്‍ വേണ്ടി വന്നു. ഏകദേശം 30 മുതല്‍ 40 സെക്കൻഡ് സമയം വരെ താന്‍ തിമിംഗലത്തിന്‍റെ വായില്‍ അകപ്പെട്ടിരുന്നു എന്നാണ് ഈ ഡൈവറുടെ ഓര്‍മ.

അത്യപൂര്‍വമായി സംഭവിക്കുന്ന കാര്യമാണ് ഈ ഡൈവര്‍ക്കുണ്ടായ അനുഭവം. കണക്കുകളുടെ സഹായത്തില്‍ വിവരിച്ചാല്‍ ഒരു പക്ഷേ 100 കോടിയില്‍ ഒന്ന് എന്ന വിധത്തില്‍ മാത്രം സംഭവിക്കാന്‍ സാധ്യതയുള്ളത്. അതേസമയം ഈ കണക്കുകളെ വെല്ലുവിളിച്ച്, സമാനമായ അനുഭവം മുന്‍പും ഒരാള്‍ക്കുണ്ടായിട്ടുണ്ട്. 2019 ല്‍ ഡോള്‍ഫിനുകളുടെ ഇടയില്‍ നീന്തുകയായിരുന്ന ഒരു ഫൊട്ടോഗ്രാഫറാണ് തിമിംഗലത്തിന്‍റെ വായില്‍ അകപ്പെട്ടത്. അന്ന് പൂര്‍ണമായും ഉള്ളില്‍ പോയില്ലെങ്കിലും ശരീരത്തിന്‍റെ മുക്കാല്‍ ഭാഗത്തോളം തിമിംഗലത്തിന്‍റെ വായിലേക്ക് കടന്നു ചെല്ലുകയും തിമിംഗലം ഇയാളുമായി കടലിലേക്ക് മുങ്ങുകയും ചെയ്തു. 

സൗത്ത് ആഫ്രിക്കന്‍ മുങ്ങല്‍ വിദഗ്ധനും ക്യാമറാമാനുമായ റെയ്നര്‍ ഷിംഫാണ് തിമിംഗലത്തിന്‍റെ വായിലെത്തിയ ശേഷം തിരിച്ചിറങ്ങാന്‍ കഴിഞ്ഞ ആ രണ്ടാമത്തെ അതായത് സമയക്കണക്കില്‍ നോക്കിയാല്‍ ആദ്യത്തെ ആ മനുഷ്യന്‍. ബ്രൈഡ്സ് വെയ്ല്‍ ഇനത്തില്‍ പെട്ട തിമിംഗലമാണ് റെയ്നറെ അബദ്ധത്തില്‍ അന്ന് വായിലാക്കിയത്. ആഫ്രിക്കയുടെ തെക്കേ അറ്റത്തു നിന്നും 24 നോട്ടിക്കല്‍ മൈല്‍ദൂരം അകലെയാണ് സംഭവം നടന്ന്. അഞ്ച് സംഘാംഗങ്ങള്‍ക്കൊപ്പം ഡോള്‍ഫിനുകളെ നിരീക്ഷിക്കുകയായിരുന്നു റെയ്നര്‍. ഡോള്‍ഫിനുകള്‍ നീന്തിച്ചെന്നത് ഒരു വലിയ മത്സ്യക്കൂട്ടത്തിന് സമീപത്തേക്കാണ്. നീന്തൽ വേഷത്തിലായിരുന്നു റെയ്നറും സഹ ക്യമാറമാനായ ഹെന്‍സ് ടോപ്പിന്‍സറും. ഒപ്പം മറ്റ് മൂന്ന് പേര്‍ ബോട്ടിലും. ഇവരില്‍ ഒരാള്‍ ഹെന്‍സ് ടോപ്പിന്‍സറുടെ ഭാര്യയായിരുന്നു.

 Swallowed by a Whale: True or False?
Grab Image from video shared on Youtube

മരണം മുന്നില്‍ കണ്ട നിമിഷങ്ങള്‍

ചെറു മത്സ്യങ്ങളുടെ കൂട്ടം എത്തിയതിനൊപ്പം തന്നെ അവയെ വേട്ടയാടാന്‍ തിമിംഗലങ്ങളും ഈ പ്രദേശത്തേക്ക് എത്തി. ഇതിനിടയിലാണ് തന്നെ ഇരുട്ടു വന്നു മൂടുന്നതായി റെയ്നറിന് തോന്നിയാണ്. സെക്കന്‍റുകള്‍ക്കുള്ളില്‍ തന്നെ താന്‍ തിമിംഗലത്തിന്‍റെ വായിലായതായി റെയ്നര്‍ക്ക് മനസ്സിലായി. നടുവിലായി വലിയ ഭാരം അനുഭവപ്പെട്ടതോടെ തിമിംഗലത്തിന്‍റെ വായില്‍ തന്‍റെ പാതി ശരീരം അകപ്പെടട്ടെന്ന് തിരിച്ചറിഞ്ഞ റെയ്നര്‍ പെട്ടെന്ന് തന്നെ അതിന്‍റെ അപകടവും തിരിച്ചറിഞ്ഞു.

തിമിംഗലം തന്നെ തിന്നില്ല എന്ന പൂര്‍ണ്ണമായ ബോധ്യം റെയ്നര്‍ക്കുണ്ടായിരുന്നു. എങ്കിലും പൂര്‍ണമായും വായിലകപ്പെട്ടാല്‍ ഒരു പക്ഷെ പിന്നെ മോചനം സാധ്യമാകുന്നത് കടലിന്‍റെ ആഴത്തില്‍ എവിടെയെങ്കിലുമായിരിക്കും. കാരണം ചെറു മത്സ്യങ്ങളെ വിഴുങ്ങിയാല്‍ അവയ്ക്കൊപ്പം വായിലാക്കിയ വെള്ളം കളയുന്നതിനായി തിമിംഗലം ആഴത്തിലേക്ക് പോവുകയാണ് പതിവ്. അതുവരെ വായ തുറക്കുകയുമില്ല. അതിനാല്‍ തന്നെ ആഴത്തിലേക്ക് പോയാല്‍ തന്‍റെ ജീവന്‍ അപകടത്തിലാകുമെന്ന് തിരിച്ചറിഞ്ഞ റെയ്നര്‍ എന്ത് ചെയ്യണമെന്ന് ചിന്തിക്കുന്നതിനിടെയിലാണ് നടുവിന് അനുഭവപ്പെട്ട കനം കുറഞ്ഞതായി തോന്നിയത്. വൈകാതെ ചുറ്റും വീണ്ടും വെളിച്ചം പരക്കുന്നതായും റെയ്നര്‍ തിരിച്ചറിഞ്ഞു. തിമിംഗലം വായ തുറന്നതാണെന്ന് മനസ്സിലാക്കിയ റെയ്നര്‍ തൊട്ടടുത്ത നിമിഷം തന്നെ പുറത്ത് ചാടി.

തിമിംഗലത്തിന്‍റെ പരിഭ്രമം

തിമിംഗലവും പരിഭ്രമിച്ചിരിക്കാമെന്ന് റെയ്നര്‍ പറയുന്നു. താന്‍ ഒരു ഡോള്‍ഫിനാണെന്നാകും തിമിംഗലം കരുതിയത്. ഡോള്‍ഫിനുകള്‍ ഇത്തരത്തില്‍ കൂട്ടത്തോടെ ചെറുമീനുകളെ വേട്ടയാടുമ്പോള്‍ തിമിംഗലത്തിന്‍റെ വായില്‍ കുടുങ്ങുന്നത് പതിവാണെന്നും ഇവ വൈകാതെ പുറത്തു ചാടാറുണ്ടെന്നും റെയ്നര്‍ വിവരിക്കുന്നു. അതേസമയം റെയ്നര്‍ തിമിംഗലത്തിന്‍റെ വായില്‍ കുടുങ്ങുന്നതും പുറത്തു വരുന്നതുമെല്ലാം ഒരാള്‍ ക്യാമറയിലാക്കിയിരുന്നു. റെയ്നറിന്‍റെ സഹപ്രവര്‍ത്തകനായ ഹെന്‍സ് ടോപ്പിന്‍സറാണ് ഈ അപൂര്‍വ ദൃശ്യങ്ങള്‍ പതറാതെ ക്യാമറയില്‍ ഒപ്പിയെടുത്തത്.

എന്ത് സംഭവിക്കുമെന്ന ആശങ്കയ്ക്കിടയിലാണ് താന്‍ ചിത്രങ്ങളെടുത്തതെന്ന് ഹെന്‍സ് ടോപ്പിന്‍സര്‍ പറയുന്നു. എന്താണ് സംഭവിക്കുന്നതെന്ന് തിരിച്ചറിയുന്നതിനൊപ്പം ക്യാമറയില്‍തുടര്‍ച്ചയായി ചിത്രങ്ങളെടുത്തു. എന്നാല്‍ ഒരു നിമിഷത്തേക്ക് റെയ്നറെ കാണാതെ വന്നതോടെ പരിഭ്രമിച്ചു പോയി. ഈ സമയത്തെ ചിത്രങ്ങളെടുത്തില്ല. ഇക്കാര്യം ചിത്രങ്ങള്‍ പരിശോധിക്കുമ്പോള്‍ വ്യക്തമാവുകയും ചെയ്യും. ടോപ്പിന്‍സര്‍ മാത്രമല്ല സംഘത്തിലുള്ള എല്ലാവരും ഈ സമയത്ത് എന്തുചെയ്യണമെന്നറിയാത്ത മാനസികാവസ്ഥയിലായിരുന്നു എന്ന് വിശദീകരിച്ചു. ഭയന്നെങ്കിലും തിമിംഗലത്തിന്‍റെ വായില്‍ നിന്ന് പുറത്തുവന്ന ഉടന്‍ റെയ്നര്‍ അകലെ നിന്ന ടോപ്പിന്‍സറോട് ആംഗ്യഭാഷയില്‍ ചോദിച്ചത് ഒരേ ഒരു കാര്യമാണ്. സംഭവത്തിന്‍റെ ചിത്രങ്ങള്‍ ലഭിച്ചോ എന്നു മാത്രം!

English Summary: Swallowed by a Whale: True or False?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com