ADVERTISEMENT

ആമസോണിലെ പക്ഷിമൃഗാദികളുടെയും മനുഷ്യരുടെയും ജീവിതകഥ ചിത്രങ്ങളിലൂടെ അവതരിപ്പിക്കുന്ന ആമസോണിയ എന്ന പുസ്തകമെഴുതിയ ലോകപ്രശസ്ത ഫൊട്ടോഗ്രഫറും നിരവധി പുരസ്‌കാരങ്ങളുടെ ഉടമയുമായ സെബാസ്റ്റ്യോ സെൽഗാഡോയെ അറിയാത്തവർ വിരളമാണ്. എന്നാൽ ഇതിനെല്ലാം പുറമേ, മറ്റൊരു കാര്യത്തിലൂടെ ലോകശ്രദ്ധ നേടിയ ആളുകൂടിയാണ് എഴുപത്തിയേഴുകാരനായ സെൽഗാഡോ. 1994 മുതൽ ഇതു വരെ സെൽഗാഡോയും ഭാര്യ ലെലിയയും നട്ടത് 20 ലക്ഷം മരങ്ങളാണ്. 1800 ഏക്കർ വനം ഇവർ പുനസൃഷ്ടിച്ചു.

 

1994 കാലഘട്ടത്തിൽ ആഫ്രിക്കൻ രാജ്യമായ റവാണ്ടയിൽ വലിയ തോതിൽ വംശഹത്യ നടന്നിരുന്നു. റവാണ്ടൻ ജീനോസൈഡ് എന്നറിയപ്പെട്ട ഈ ദാരുണ സംഭവം റിപ്പോർട്ട് ചെയ്യാനും ഡോക്യുമെന്‌ററി തയാറാക്കാനുമായി സെൽഗാഡോ കുറച്ചുകാലം ആഫ്രിക്കയിലായിരുന്നു.തിരികെ വന്നത് കലുഷിതമായ മനസ്സോടെ. ഒന്നു ശാന്തമാകാനായി തന്റെ പൈതൃകഭൂമി കുടികൊള്ളുന്ന ബ്രസീലിലെ മിനാസ് ഗെറായിസ് സംസ്ഥാനത്തേക്ക് അദ്ദേഹം ഭാര്യ ലെലിയയ്‌ക്കൊപ്പം പോയി.

Couple create new rainforest by planting 2,000,000 trees over 20 years
Image Credit: Instituto Terra

 

നിബിഡ വനങ്ങളുടെ നാടാണു ബ്രസീൽ. ലോകത്തിന്റെ ശ്വാസകോശമെന്ന് അറിയപ്പെടുന്ന ആമസോൺ മഴക്കാടുകളുടെ 60 ശതമാനവും നിലകൊള്ളുന്ന രാജ്യം. ആമസോണിന്റെ സമീപമേഖലയായ മിനാസ് ഗെറായിസ് സെൽഗാഡോയുടെ കുട്ടിക്കാലത്ത് പച്ചപ്പും വൃക്ഷങ്ങളും നിറഞ്ഞ ഭൂമിയാൽ സമ്പന്നമായിരുന്നു. എന്നാൽ ഏറെക്കാലത്തിനു ശേഷം അവിടെ തിരിച്ചെത്തിയ സെൽഗാഡോയെ കാത്തിരുന്നത് ആ പച്ചപ്പായിരുന്നില്ല. വലിയ തോതിലുള്ള വനനശീകരണം മിനാസിൽ പല ഭാഗങ്ങളെയും മരുപ്രദേശമാക്കി മാറ്റിയിരുന്നു. മിനാസിലെ മഴക്കാടുകളിൽ വിഹരിച്ചിരുന്ന വന്യമൃഗങ്ങളും പക്ഷികളുമെല്ലാം കൂട്ടത്തോടെ പോയ്മറഞ്ഞിരുന്നു.

 

എന്നാൽ എല്ലാമങ്ങു വിധിക്കു വിട്ട് ഒതുങ്ങിക്കൂടാൻ സെൽഗാഡോയിലെ പ്രകൃതിസ്‌നേഹിക്ക് കഴിയുമായിരുന്നില്ല. എന്താണിതിനു പരിഹാരമെന്ന് അദ്ദേഹം തല പുകച്ചാലോചിച്ചു. ഭാര്യയാണ് ഐഡിയ പറഞ്ഞുകൊടുത്തത്. നമുക്ക് വനത്തെ വീണ്ടും തിരിച്ചുകൊണ്ടുവരാം. തുടർന്ന് ദമ്പതിമാർ ഇൻസ്റ്റിറ്റ്യൂട്ടോ ടെറ എന്ന പരിസ്ഥിതി സംഘടനയ്ക്കു രൂപം നൽകി. മിനാസിലൂടെ ഒഴുകുന്ന ഡോസി നദിയുടെ കരയിൽ വീണ്ടും വനം പടുത്തുയർത്തുക എന്നതായിരുന്നു സംഘടനയുടെ ലക്ഷ്യം. ഒട്ടേറെ പേർ ഈ ലക്ഷ്യത്തിൽ പങ്കാളികളായി. പിന്നീട് അവർ കൃത്യമായ ഇടവേളകളിൽ മരങ്ങൾ നട്ടു. ഡ്രില്ലിങ് മെഷീനുപയോഗിച്ച് വരണ്ട മണ്ണ് കുഴിച്ചശേഷം അതിലേക്കു തൈ നട്ട് കൃത്യമായ അളവിൽ വളവും ജലവും നൽകുന്നതായിരുന്നു ഇതിനായി അവർ അവലംബിച്ച പദ്ധതി. മനുഷ്യന്റെ സ്‌നേഹത്തിനു പിന്നിൽ പ്രകൃതി സ്‌നേഹപൂർവം കീഴടങ്ങി കനിഞ്ഞനുഗ്രഹിക്കുന്നതിന്റെ ദൃശ്യമാണു പിന്നീട് കണ്ടത്.

 

ഇന്ന് 20 ലക്ഷത്തോളം മരങ്ങൾ 1800 ഏക്കർ വിസ്തീർണത്തിൽ ഈ മേഖലയിൽ നിലയുറപ്പിച്ചിരിക്കുന്നു. 293 തരം മരങ്ങൾ തങ്ങളുടെ കാട്ടിലുണ്ടെന്നാണു ഇൻസ്റ്റിറ്റ്യൂട്ടോ ടെറ പറയുന്നത്. ഇതിൽ 33 ഇനം മൃഗങ്ങളും 15 തരം തവളകളും ആമകളും വിവിധ ഉരഗങ്ങളും പാർപ്പിടമുറപ്പിച്ചിരിക്കുന്നു. ഇതിൽ പലതും വംശനാശഭീഷണി നേരിടുന്നവയാണ്. കിളികൾ കൈയൊഴിഞ്ഞ പ്രദേശത്തെ പുതിയ മരച്ചില്ലകളിലേക്ക് അവ വീണ്ടുമെത്തി കൂടുകൂട്ടി. ഇന്ന് 172 തരം കിളികൾ ഈ കാടിനെ വീടെന്നു വിളിക്കുന്നു. ഇതു കൂടാതെ നിരവധി പ്രാണികളും മീനുകളും എല്ലാം കാടിന്റെ ജൈവവൈവിധ്യത്തെ പൂർണമാക്കുന്നു.

 

ഇൻസ്റ്റിറ്റ്യൂട്ടോ ടെറ നിർമിച്ച കാട് പരിസ്ഥിതിക്കുണ്ടാക്കിയ ഉണർവ് ഇവിടെ അവസാനിക്കുന്നില്ല. വരൾച്ച നേരിട്ടുകൊണ്ടിരുന്ന മിനാസിലെ ആ മേഖലയിൽ വീണ്ടും ഉറവകൾ പൊട്ടിയൊലിച്ചു. ഉയർന്ന താപനില കുറഞ്ഞു സുഖശീതളമായ കാലാവസ്ഥ തിരിച്ചുവന്നു. മനുഷ്യർ വിചാരിച്ചാൽ എത്ര നാശം വന്ന പരിസ്ഥിതിയെയും തിരികെ ജീവസുറ്റ നിലയിലാക്കാം എന്നതിന്റെ ഉദാഹരണമാണു സെബാസ്റ്റ്യോ സെൽഗാഡോ.

 

English Summary: Couple create new rainforest by planting 2,000,000 trees over 20 years

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com