ADVERTISEMENT

കടലിലെ ക്രൂരൻമാരായ വേട്ടക്കാരാണ് ഓർക്കകൾ അഥവാ കൊലയാളി തിമിംഗലങ്ങൾ. കടലില്‍ കൊലയാളി സ്രാവുകള്‍ പോലും ഭയപ്പെടുന്ന ജീവികളാണിവ. ഒറ്റയ്ക്കാണെങ്കില്‍ അത്ര അപകടകാരിയല്ലാത്ത, എന്നാല്‍ കൂട്ടം ചേര്‍ന്നാല്‍ ഏതൊരു ജീവിയേയും കടിച്ചു കീറാന്‍ കെല്‍പുള്ള ഈ ജീവികള്‍ കടലിലെ വേട്ടപ്പട്ടികള്‍ എന്നാണ് അറിയപ്പെടുന്നത്. തിമിംഗലങ്ങളെയും സ്രാവുകളെയും കൂട്ടത്തോടെയെത്തി വേട്ടയാടുന്ന ഇവ ഭക്ഷണത്തിന് വേണ്ടിയല്ലാതെ പോലും മറ്റ് ജീവികളെ ആക്രമിച്ച് കൊല്ലാന്‍ മടിയില്ലാത്തവയാണ്. അത്തരത്തിൽ ഒരു ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. 

 

ഓസ്ട്രേലിയയിലെ സെറ്റേഷ്യൻ റിസേർച്ച് സെന്റർ ആൻഡ് പ്രോജക്ട് നടത്തിയ പഠനത്തിനുപയോഗിച്ച ദൃശ്യമാണിത്. കഴിഞ്ഞ ആഴ്ചയാണ് പഠനവിവരങ്ങൾ സംബന്ധിച്ച റിപ്പോർട്ടുകൾ ഗവേഷകർ പുറത്തുവിട്ടത്. 2019 മാർച്ചിൽ നടന്ന സംഭമാണ് ഗവേഷകർ പഠന വിധേയമാക്കിയത്. ആദ്യമായാണ് കൊലയാളി തിമിംഗലങ്ങൾ കൂട്ടം ചേർന്ന് നീലത്തിമിംഗലത്തെ വളഞ്ഞാക്രമിക്കുന്ന ദൃശ്യം ഗവേഷകർക്ക് ലഭിച്ചത്. ഇരകളെ കൂട്ടം ചേർന്ന് ആക്രമിക്കുന്നതിൽ വിരുതൻമാരാണ് ഓർക്കകൾ. വലിയ നീലത്തിംഗലത്തെ പോലും  ഇരയാക്കാൻ കൊലലാളിത്തിമിംഗലങ്ങൾക്ക് ശേഷിയുണ്ടെന്നതിന്റെ തെളിവാണ് ഈ ദൃശ്യമെന്ന് ഗവേഷകനായ എറിക് ഹോയ്ട്ട് വ്യക്തമാക്കി.

 

തിമിംഗലങ്ങളുടെയും ഡോൾഫിനുകളുടെയും വിവരങ്ങൾ രേഖപ്പെടുത്താൻ രണ്ട് ബോട്ടുകളിലായി ആഴക്കടലിലേക്കെത്തിയ ഗവേഷക സംഘമാണ് അപൂർവ ദൃശ്യങ്ങൾ കണ്ടതും അവ ക്യാമറയിൽ പകർത്തിയതും. 72 അടിയോളം നീളമുള്ള കൂറ്റൻ നീലത്തിമിംഗലത്തെയാണ്  അൻപതോളം ഓർക്കകൾ ചേർന്ന് ആക്രമിച്ചത്. ചുറ്റും നിന്ന് തിമിംഗലത്തെ ആക്രമിച്ച ഓർക്കകൾ അതിന്റെ ശരീരം കടിച്ചുവലിച്ച് ആഴത്തിൽ മുറിവുകളുണ്ടാക്കി. വാലും വശങ്ങളിലുള്ള ചിറകുകളും കടിച്ചു വേർപെടുത്തി. മുറിവുകളിൽ കൂടി രക്തം ചീറ്റി. എല്ലുകൾ പുറത്തു വന്നു. 20 മിനിട്ടു കഴിഞ്ഞതോടെ തിമിംഗലം ഏറെക്കുറെ അവശനിലയിലായിരുന്നു. അതുവരെ ചെറുത്തുനിൽക്കാൻ പരിശ്രമിച്ച തിമിംഗലം പിന്നീട് വേഗം കുറച്ച് വട്ടത്തിൽ നീന്താൻ തുടങ്ങി. 

 

വീണ്ടും ഓർക്കകൾ ആക്രമണം തുടർന്നു. ഇതിനിടയിൽ ഓർക്കകളിൽ ഒന്ന് അവശ നിലയിലായ തിമിംഗലത്തിന്റെ വലിയ വായിലേക്ക് തലയിട്ട് അതിന്റെ നാക്ക് പിഴുതെടുത്ത് ഭക്ഷിച്ചതോടെ തിമിംഗലം പതിയെ കടലാഴങ്ങളിലേക്ക് മുങ്ങാൻ തുടങ്ങി. ഇതോടെ തിമിംഗലത്തിന്റെ ജീവൻ നഷ്ടമായെന്ന് ഗവേഷകർ ഉറപ്പിച്ചു. അൽപസമയത്തിനകം തന്നെ ഓർക്ക കൂട്ടം തിമിംഗലത്തെ കൂട്ടം ചേർന്ന് ഭക്ഷണമാക്കുകയും ചെയ്തു. 2019 ഏപ്രിൽ മാസത്തിൽ ഒരു നീലത്തിമിംഗലത്തിന്റെ കുഞ്ഞിനെയും ഓർക്കകൾ സമാനമായ രീതിയിൽ ആക്രമിച്ചു ഭക്ഷണമാക്കിയിരുന്നു. 2021 മാർച്ച് 16നാണ് മൂന്നാമത്തെ ആക്രമണം ഗവേ,കരുടെ ശ്രദ്ധയിൽപ്പെട്ടത്. അന്ന് 25 കിലോമീറ്ററോളം പിന്തുടർന്ന് വന്നാണ് നീലത്തിമിംഗലത്തെ ഓർക്ക കൂട്ടങ്ങൾ കീഴ്പ്പെടുത്തിയത്. 97 മിനിട്ടോളം നീണ്ടു നിന്ന ആക്രമണത്തിനൊടുവിൽ തിമിംഗലത്തെ അവ ഭക്ഷണമാക്കുകയാണ് ചെയ്തത്.

 

ഭൂമിയില്‍ ഏറ്റവുമധികം വ്യാപിച്ചു കിടക്കുന്ന സസ്തനികളാണ് കൊലയാളി തിമിംഗലങ്ങള്‍ അഥവാ ഓര്‍ക്ക തിമിംഗലങ്ങള്‍. അന്റാര്‍ട്ടിക് മുതല്‍ ആര്‍ട്ടിക് വരെയുള്ള എല്ലാ സമുദ്ര മേഖലകളിലും നടുക്കടലിലും തീരത്തോടു ചേര്‍ന്നും ഓര്‍ക്കകളെ കണ്ടുവരുന്നുണ്ട്. കടലിലെ മികച്ച വേട്ടക്കാരായി കണക്കാക്കുന്ന ഗ്രേറ്റ് വൈറ്റ് ഷാർക്കിനു പോലും പേടിയുള്ള ജീവികളാണിവ. ഓര്‍ക്ക എന്ന പേരിൽ അറിയപ്പെടുന്ന കൊലയാളി തിമിംഗലങ്ങൾ സമുദ്രത്തിലെ ഏറ്റവും സുന്ദരന്‍മാരായ ജീവികള്‍ കൂടിയാണ്. ഡോൾഫിൻ കുടുംബത്തിൽ പെട്ടവയാണ് ഇവ. സാധാരണ ഗതിയില്‍ വലിയ കണവകളും, സമാനമായ മറ്റ് ജീവികളുമാണ് ഓര്‍ക്കകളുടെ ഭക്ഷണം. അതേസമയം സ്രാവുകള്‍ ഉള്‍പ്പടെയുള്ള വലിയ ജീവികളെയും വേട്ടയാടാന്‍ ഇവയ്ക്ക് മടിയില്ല. ഇത്തരത്തിലുള്ള വലിയ ജീവികളില്‍ ഓര്‍ക്കകളുടെ സ്ഥിരം ഇരയാണ് കൂനന്‍ തിമിംഗലങ്ങള്‍. എപ്പോഴും കൂട്ടത്തോടെ വേട്ടയാടുന്ന ഓര്‍ക്കകള്‍ തങ്ങളേക്കാള്‍ വലുതോ കരുത്തുള്ളതോ ആയ ജീവികളെ അതിവേഗം കീഴ്പ്പെടുത്താന്‍ ശേഷിയുള്ളവണ്.

 

English Summary: For The First Time, Orcas Have Been Recorded Hunting And Killing Blue Whales

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com