ADVERTISEMENT

താൻ വളർത്തുന്ന തന്റെ മൃഗങ്ങളോടുള്ള സ്നേഹത്തിന് ,യുദ്ധം മൂലം തന്റെ ജീവനുണ്ടാകുന്ന ഭീഷണിയേക്കാൾ ശക്തിയുണ്ടെന്നു തെളിയിച്ചിരിക്കുകയാണ് യുക്രെയ്നിലെ മൃഗസ്നേഹിയായ ആൻഡ്രേ സിസ്റ്റേനിനോ. റഷ്യ –യുക്രെയ്ൻ കൊടുമ്പിരി കൊണ്ടിരിക്കുകയാണ്. യുക്രെയ്നിൽ നിന്നു വലിയ തോതിൽ പോളണ്ടിലേക്കും മറ്റു സമീപരാഷ്ട്രങ്ങളിലേക്കും അഭയാർഥിപ്രവാഹവും പലായനവും ശക്തമാണ്. എന്നിട്ടും തന്നിൽ വിശ്വാസമർപ്പിച്ചിരിക്കുന്ന നാനൂറിലധികം മൃഗങ്ങളെ വിധിക്കു വിട്ടുകൊടുത്ത് പലായനം നടത്താൻ സിസ്റ്റേനിനോ തയാറല്ല, യുക്രെയ്ൻ തലസ്ഥാനനഗരമായ കീവിൽ തന്നെ താൻ തുടരുമെന്ന് സിസ്റ്റേനിനോ പറയുന്നു.

 

കൗതുകകരമായ കഥയാണ് സിസ്റ്റേനിനോയുടേത്. യുക്രെയ്നിൽ ജനിച്ചയാളല്ല അദ്ദേഹം, മറിച്ച് ഒരു ഇറ്റലിക്കാരനാണ്. ഇറ്റലിയിൽ അദ്ദേഹം 20 വർഷത്തോളം ഒരു ഫാഷൻ ഫൊട്ടോഗ്രാഫറായി ജോലി നോക്കി. ഒരു യുക്രെയ്ൻ വനിതയുമായുള്ള വിവാഹമാണ് 2010ൽ സിസ്റ്റേനിനോ യുക്രെയ്നിലേക്കു താമസം മാറ്റാൻ കാരണമായത്. കീവിൽ താമസമുറപ്പിച്ച സിസ്റ്റേനിനോ ആയിടെയാണു മൃഗപരിപാലനത്തിൽ ആകൃഷ്ടനായത്. കീവിൽ, ഉപേക്ഷിക്കപ്പെട്ട മൃഗങ്ങളുടെ പരിപാലനത്തിനായി ഒരു കേന്ദ്രം അദ്ദേഹം തുടങ്ങി. ഇത്തരം മൃഗങ്ങളുടെ ചിത്രം പകർത്താനായി ഒരു ഫൊട്ടോഗ്രഫി സ്റ്റുഡിയോയും സിസ്റ്റേനിനോ സ്ഥാപിച്ചു. ഈ ഫോട്ടോ സ്റ്റുഡിയോയുടെ ഭാഗമായി ഉപേക്ഷിക്കപ്പെട്ട മൃഗങ്ങളുടെ ചിത്രങ്ങൾ ഉൾപ്പെടുത്തി ഒരു ഫോട്ടോ ആൽബവും സിസ്റ്റേനിനോ പുറത്തിറക്കി.

 

ഈ ആൽബം യൂറോപ്പിലെമ്പാടുമുള്ള മൃഗസ്നേഹികൾക്കിടയിൽ വലിയ ശ്രദ്ധ നേടി. പലരും സിസ്റ്റേനിനോയ്ക്ക് സഹായങ്ങളും പ്രോത്സാഹനവുമായി എത്തി. മൃഗസ്നേഹികളായ ഒരു ദമ്പതിമാർ നാൽപതിനായിരം ചതുരശ്ര മീറ്റർ വിസ്തീർണമുള്ള ഒരു പ്ലോട്ട് വസ്തുവും സിസ്റ്റേനിനോയ്ക്കായി നൽകി. താൻ രക്ഷിച്ച, ഉപേക്ഷിക്കപ്പെട്ട മൃഗങ്ങളെ പരിപാലിക്കാൻ ഇത് അദ്ദേഹത്തിനു സഹായമായി മാറി. നിലവിൽ നാനൂറിലധികം മൃഗങ്ങൾ കീവിൽ സിസ്റ്റേനിനോയുടെ സ്നേഹത്തണലിൽ കഴിയുന്നു. നായകൾ, ആടുകൾ, പശുക്കൾ, കുതിരകൾ തുടങ്ങിയവ ഇക്കൂട്ടത്തിലുണ്ട്. എന്നാൽ യുദ്ധത്തിനു മുൻപ് തന്നെ താൻ വിവിധ പ്രതിസന്ധികൾ അഭിമുഖീകരിച്ചിട്ടുണ്ടെന്ന് സിസ്റ്റേനിനോ പറയുന്നു. 

 

ഒരിക്കൽ ഫുട്ബോളുമായി ബന്ധപ്പെട്ട് ഒരു യൂറോപ്യൻ ചാംപ്യൻഷിപ് കീവിൽ നടന്നു. അലഞ്ഞുതിരിഞ്ഞു നടക്കുന്ന നായ്ക്കളെ പിടികൂടിക്കൊല്ലുന്നവർക്ക് കീവ് നഗരസഭാ ഭരണകൂടം ഇനാം പ്രഖ്യാപിച്ചു. നായ്ക്കളെ കിട്ടാനായി സിസ്റ്റേനിനോയുടെ മൃഗകേന്ദ്രം ആരോ ആക്രമിക്കുകയും അതിനു തീവയ്ക്കുകയും ചെയ്തു. സംരക്ഷണ കേന്ദ്രം പൂർണമായി നശിച്ചു. പിന്നീട് തനിക്ക് ഒന്നേയെന്നു തുടങ്ങേണ്ടി വന്നെന്നു സിസ്റ്റേനിനോ പറയുന്നു. സിസ്റ്റേനിനോയുടെ കഥ കേട്ട് ഒട്ടേറെ പേർ ട്വിറ്ററിലും മറ്റും പിന്തുണ അറിയിച്ചിട്ടുണ്ട്. സിസ്റ്റേനിനോയ്ക്കും അദ്ദേഹത്തിന്റെ ഓമനമൃഗങ്ങൾക്കുമായി പ്രാർഥിക്കുന്നെന്നായിരുന്നു ഈ ട്വീറ്റുകളിലധികവും.

 

English Summary: ‘I'm staying here for my animals’: The Italian man rescuing stray dogs in Ukraine

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com