ADVERTISEMENT

സഹജീവികളോട് കരുണ കാണിക്കുന്ന പ്രവർത്തികൾ ആരു ചെയ്താലും അത് മാതൃകയാക്കേണ്ടതാണ്. ലോകമാകെ ആരാധകരുള്ള ഒരു താരമാണ് അത്തരം ഒരു പ്രവർത്തി ചെയ്യുന്നതെങ്കിൽ അത് അനേകം ആളുകൾക്ക് നന്മ ചെയ്യാനുള്ള പ്രചോദനമാവുകയും ചെയ്യും. ഇപ്പോഴിതാ അത്തരത്തിൽ തന്റെ ആരാധക ലക്ഷങ്ങളുടെ മനസ്സ് കുളിർപ്പിക്കുന്ന ഒരു വിഡിയോ പങ്കുവച്ചിരിക്കുകയാണ് സച്ചിൻ തെൻഡുൽക്കർ. പരുക്കേറ്റുകിടക്കുന്ന ഒരു പക്ഷിക്ക് പരിചരണം നൽകാൻ ക്രിക്കറ്റ് ദൈവം ശ്രമിക്കുന്നതിന്റെ  വിഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. 

 

കടൽത്തീരത്തു കൂടി നടക്കുന്നതിനിടെയാണ് മുറിവേറ്റ് പറക്കാനാവാതെ കിടക്കുന്ന കടൽപ്പക്ഷി സച്ചിന്റെ ശ്രദ്ധയിൽപെട്ടത്. മറ്റൊന്നുമാലോചിക്കാതെ എങ്ങനെയും അതിനെ രക്ഷിക്കണം എന്നതായി അദ്ദേഹത്തിന്റെ ചിന്ത. പക്ഷിയെ കൈകളിൽ താങ്ങിയെടുത്ത് ആദ്യം അതിന് വെള്ളം നൽകി. ഏറെനേരം ഭക്ഷണമില്ലാതെ കഴിഞ്ഞ പക്ഷിക്ക് എങ്ങനെയും തീറ്റ കൊടുക്കാനുള്ള ശ്രമങ്ങളായിരുന്നു പിന്നീട്. പക്ഷിയെയും എടുത്ത് തീറ്റ കൊടുക്കാൻ പറ്റിയ സ്ഥലം തേടി സച്ചിൻ നടക്കുന്നത് ദൃശ്യങ്ങളിൽ കാണാം. 

 

പക്ഷി രക്ഷപ്പെടുമെന്നാണ് പ്രതീക്ഷയെന്ന് സച്ചിൻ പറയുന്നുണ്ട്. ഒട്ടും വിഷമിക്കേണ്ട എന്നും ഞങ്ങൾ നിന്നെ എങ്ങനെയും രക്ഷിക്കുമെന്നും പക്ഷിയോട് ഏറെ സ്നേഹത്തോടെ അദ്ദേഹം പറയുന്നുണ്ട്. ഇടയ്ക്കുവച്ച് കണ്ട ഒരാളോട് പക്ഷിക്ക് തീറ്റ കൊടുക്കാൻ പറ്റിയ സ്ഥലം ഏതെന്ന് തിരക്കി. ഒടുവിൽ ഒരു റസ്റ്റോറന്റാണ് അദ്ദേഹം കണ്ടെത്തിയത്. അവിടുത്തെ ജോലിക്കാരാവട്ടെ അങ്ങേയറ്റം സന്തോഷത്തോടെ സച്ചിന്റെ സഹായത്തിനെത്തി. അവർ നൽകിയ ഭക്ഷണം കരുതലോടെ പക്ഷിക്ക് അദ്ദേഹം നൽകുന്നതിന്റെയും ദൃശ്യങ്ങൾ പകർത്തിയിട്ടുണ്ട്. 

 

പിന്നീട് മറ്റൊരാൾ പക്ഷിയുടെ അവസ്ഥ എന്താണെന്ന് സച്ചിന് പറഞ്ഞു കൊടുക്കുകയും ചെയ്തു. ചിറക്കുകൾക്ക് മുറിവുകളില്ലെന്നും കാലിനേറ്റ ക്ഷതം മൂലമാണ് അതിന് തനിയെ ചലിക്കാനാവാത്തതെന്നുമാണ് അദ്ദേഹം വിശദീകരിച്ചത്. തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ സച്ചിൻ തന്നെയാണ് ദൃശ്യങ്ങൾ പങ്കുവച്ചിരിക്കുന്നത്. പത്തു ലക്ഷത്തിനടുത്ത് ആളുകൾ ഇതിനോടകം  ഈ വിഡിയോ കണ്ടുകഴിഞ്ഞു.

 

English Summary: Sachin Tendulkar saves injured bird and feeds it in viral video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com