ADVERTISEMENT

റഷ്യയുടെ ശക്തമായ ആക്രമണത്തിൽ യുക്രെയ്നിലെ പല മേഖലകളിലും ജനജീവിതം സ്തംഭിച്ചിരിക്കുകയാണ്. സ്വയരക്ഷയ്ക്കായി മനുഷ്യർ പരക്കം പായുന്നതിനിടെ മൃഗശാലകളിൽ പാർപ്പിച്ചിരിക്കുന്ന മൃഗങ്ങളുടെ സ്ഥിതി അതീവ ദയനീയമാണ്. വേണ്ടത്ര ഭക്ഷണമോ പരിചരണമോ ലഭിക്കാതെ പല മൃഗശാലകളിലും നൂറുകണക്കിനു മൃഗങ്ങൾ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ടുകൾ. ഇതിനിടെ മൃഗശാലയിൽ കുടുങ്ങിക്കിടന്ന 10 കങ്കാരുകളെ അതിസാഹസികമായി രക്ഷിച്ച ഒരു യുക്രെയ്ൻ സ്വദേശിയെക്കുറിച്ചുള്ള വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. 

ഏതാനും ആഴ്ചകളായി ഷെല്ലാക്രമണം രൂക്ഷമായ മേഖലയാണ് ഖർകീവ്. ഇവിടുത്തെ ഫെൽഡ്മാൻ എകോപാർക്ക് എന്ന മൃഗശാലയിലെ നിരവധി മൃഗങ്ങളാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. റഷ്യൻ അതിർത്തിയിൽ നിന്നു കേവലം 40 കിലോമീറ്റർ അകലെ മാത്രമാണ് മൃഗശാല സ്ഥിതി ചെയ്യുന്നത്. കങ്കാരുകളുടെ ദയനീയാവസ്ഥയെക്കുറിച്ചുള്ള വാർത്തകൾ പുറത്തുവന്നെങ്കിലും ഏറെ അപകടംപിടിച്ച പ്രദേശമായതിനാൽ ആരും ഇവിടേക്ക് വരാൻ ധൈര്യപ്പെട്ടിരുന്നില്ല.

ഈ സാഹചര്യത്തിലാണ് സ്വദേശിയായ ഒരു യുവാവ് കങ്കാരുകളെ രക്ഷിക്കാൻ രംഗത്തിറങ്ങിയത്. ആക്രമണം നടക്കുന്നുണ്ടെന്ന് അറിഞ്ഞിട്ടും മൃഗശാലയിലേക്കെത്തിയ അദ്ദേഹം കങ്കാരുകളെ തന്റെ വാനിനുള്ളിൽ കയറ്റി സുരക്ഷിത കേന്ദ്രത്തിലേക്ക് കൊണ്ടുപോവുകയായിരുന്നു. മൃഗശാല അധികൃതരും അദ്ദേഹത്തിന്റെ സഹായത്തിനെത്തി. അപകടംപിടിച്ച രക്ഷാദൗത്യത്തിന്റെ ദൃശ്യങ്ങളും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.

ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ എത്തിയതോടെ യഥാർത്ഥ ഹീറോ എന്നാണ് ജനങ്ങൾ യുവാവിനെ വിശേഷിപ്പിക്കുന്നത്. സ്വയരക്ഷ മാത്രം ഓർത്തു വളർത്തുമൃഗങ്ങളെപോലും ഉപേക്ഷിച്ച് പലരും നാടുവിടുന്ന സാഹചര്യത്തിൽ അദ്ദേഹം കാണിച്ച കരുതലിനെ അഭിനന്ദിക്കുകയാണ് ജനങ്ങൾ. രക്ഷപ്പെടുത്തിയ കങ്കാരുകൾ സുരക്ഷിതരാണെന്ന് മൃഗശാല തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവ രക്ഷപെട്ട് അധികം വൈകാതെ തന്നെ ഇവയുടെ കൂടുകൾ ബോംബാക്രമണത്തിൽ പൂർണമായി തകർന്നിരുന്നു. കൃത്യസമയത്ത് രക്ഷകനായി യുവാവ് മുൻപോട്ടു വന്നില്ലായിരുന്നെങ്കിൽ അവയുടെ വിധി മറ്റൊന്നാകുമായിരുന്നു.

കങ്കാരുകൾ സുരക്ഷിതരാണെങ്കിലും മറ്റൊരു ദുഃഖ വാർത്തയും കഴിഞ്ഞദിവസം മൃഗശാല പങ്കുവച്ചിട്ടുണ്ട്. മൃഗശാലയുടെ മുഖ്യ ആകർഷണമായിരുന്ന സ്റ്റീഫൻ എന്ന മാൻഡ്രിൽ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ട വാർത്തയാണിത്.

English Summary: Ukrainian kangaroos rescue captures world’s heart

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com