ADVERTISEMENT

ആഫ്രിക്കയിലെ കൊമ്പനാനകളിൽ വലുപ്പത്തിൽ മുൻനിരക്കാരനായിരുന്ന ടോൾസ്റ്റോയ് യാത്രയായി.  കെനിയയിലെ അംബോസെലി മേഖലയിൽ  ജീവിച്ചിരുന്ന ടോൾസ്റ്റോയി രാജ്യത്തിനകത്തും പുറത്തും പ്രശസ്തനായിരുന്നു. വന്യമൃഗങ്ങളും മനുഷ്യരും തമ്മിലുള്ള ഏറ്റുമുട്ടലിന്റെ ഏറ്റവും ഒടുവിലത്തെ ഇരയാണ് 51 കാരനായ ടോൾസ്റ്റോയ്. 

സ്വതവേ ആരോഗ്യവാനായിരുന്ന ടോൾസ്റ്റോയിയുടെ കാലിൽ ആയുധംകൊണ്ടുള്ള മുറിവേറ്റതായി കണ്ടെത്തിയത് ആറാഴ്ച മുൻപാണ്. രാത്രികാലങ്ങളിൽ കൃഷിയിടത്തിൽ ഇറങ്ങിയ ആനയെ കർഷകരിലാരെങ്കിലും ആക്രമിച്ചതാകുമെന്ന നിഗമനത്തിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ. മുറിവ് സാരമായിരുന്നതിനാൽ കൃത്യമായ ചികിത്സയും പരിചരണവും ടോൾസ്റ്റോയിക്ക് നൽകിയിരുന്നു. ആനയുടെ ഓരോ ചലനവും നിരീക്ഷിച്ചുവരികയായിരുന്നു എന്ന് വനപാലകർ പറയുന്നു. 

എന്നാൽ കഴിഞ്ഞ ദിവസം അസ്വാഭാവികമായ രീതിയിൽ കിടക്കുന്ന ടോൾസ്റ്റോയിയെ ആണ് ഉദ്യോഗസ്ഥർ കണ്ടത്. പരിശോധനയിൽ ആനയുടെ ആരോഗ്യനില തൃപ്തികരമല്ലെന്ന് തിരിച്ചറിഞ്ഞു. കെനിയയുടെ വൈൽഡ് ലൈഫ് സർവീസിനു കീഴിൽ പ്രവർത്തിക്കുന്ന രണ്ട് വെറ്റിനറി യൂണിറ്റുകൾ ഉടൻതന്നെ സ്ഥലത്തെത്തി പരിശോധനകൾ നടത്തി. ആനയെ ഏതുവിധേനെയും എഴുന്നേൽപ്പിച്ചു നിർത്താനുള്ള ശ്രമങ്ങളായിരുന്നു പിന്നീട്. 

വാഹനങ്ങളും കയറുമെല്ലാം ഉപയോഗിച്ച് മണിക്കൂറുകൾ ശ്രമിച്ചിട്ടും ടോൾസ്റ്റോയിക്ക് എഴുന്നേൽക്കാൻ സാധിച്ചില്ല. ആനയെ രക്ഷിക്കാൻ എല്ലാവിധ മാർഗങ്ങളും സ്വീകരിച്ചെങ്കിലും ഒടുവിൽ അത് ചരിയുകയായിരുന്നുവെന്ന് വന്യജീവി സംരക്ഷണ സംഘടനയായ ബിഗ് ലൈഫ് ഫൗണ്ടേഷൻ അറിയിച്ചു. രാജ്യത്തിന്റെ അഭിമാന താരമായിരുന്ന കൊമ്പനെ നഷ്ടപ്പെട്ടതിന്റെ ദുഃഖത്തിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ. 

അടുത്ത കാലങ്ങളിലായി മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള പോരാട്ടം മേഖലയിൽ വർധിച്ചുവരുന്നതായാണ് റിപ്പോർട്ട്. കോവിഡ് വ്യാപനത്തോടെ പല മേഖലകളിൽനിന്നും ജോലി നഷ്ടപ്പെട്ടവർ കൃഷിയിലേക്ക് തിരിഞ്ഞിരുന്നു. അങ്ങനെ വന്യജീവികൾ മേഞ്ഞുനടന്നിരുന്ന സ്ഥലങ്ങളിൽ ഏറെയും കൃഷിയിടങ്ങളായി മാറി. ഇതുമൂലം ഭക്ഷണവും വെള്ളവും തേടി വന്യജീവികൾ കൃഷിയിടങ്ങൾ നശിപ്പിക്കുന്നതും പതിവായിത്തുടങ്ങി. ടോൾസ്റ്റോയി അടക്കമുള്ള ആനകളെ കൃഷിയിടങ്ങളിൽ നിന്നും തുരത്താൻ കർഷകർ നിർബന്ധിതരാവുകയായിരുന്നു. 

 

കരയിലെ ഏറ്റവും വലിയ ജീവിയായിട്ടുപോലും ആനകൾക്ക് സ്വസ്ഥമായി ജീവിക്കാനുള്ള സാഹചര്യം ഭൂമിയിലില്ലെന്ന ഓർമപ്പെടുത്തലാണ് ഈ സംഭവമെന്ന് ബിഗ് ലൈഫ് ഫൗണ്ടേഷൻ അറിയിക്കുന്നു. സമാനമായ സംഭവങ്ങൾ ഇനിയും ആവർത്തിക്കാതിരിക്കാൻ വന്യജീവികളുടെ ആവാസവ്യവസ്ഥ സംരക്ഷിക്കാനും മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലുകൾ അവസാനിപ്പിക്കാനുള്ള മാർഗങ്ങൾ സ്വീകരിക്കാനും അടിയന്തര ഇടപെടൽ ഉണ്ടാവണം എന്നാണ് സംഘടനയുടെ ആവശ്യം.

 

English Summary: RIP Tolstoy: Kenya mourns the loss of an iconic elephant

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com