ADVERTISEMENT

റാസൽഖൈമയിൽ പാതയോരത്ത് നനഞ്ഞുകുതിർന്ന മണ്ണിൽ പുതഞ്ഞു കിടന്ന ഒട്ടകത്തിനെ രക്ഷപ്പെടുത്തി ഒരുസംഘം ആളുകൾ. അതുവഴി കടന്നുപോവുകയായിരുന്നു രണ്ട് യാത്രികരുടെ സമയോചിതമായ ഇടപെടലാണ് ഒട്ടകത്തിന് രക്ഷയായത്. ഒട്ടകത്തിനെ പുറത്തെത്തിക്കാൻ ആളുകൾ നടത്തുന്ന ശ്രമത്തിന്റെ ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്.

 

ഡോഗ് പാർക്കിലേക്ക് പോവുകയായിരുന്ന ഇയാൻ മുർഫി, ക്രിസ്റ്റീൻ വിൽസൺ എന്നിവരാണ് അപകടത്തിൽപ്പെട്ട ഒട്ടകത്തെ ആദ്യം കണ്ടത്. അതിന്റെ ദയനീയാവസ്ഥ മനസ്സിലാക്കിയതിനെ തുടർന്ന് രക്ഷപെടുത്താൻ അവർ തീരുമാനിക്കുകയായിരുന്നു. കാലുകൾ ഏതാണ്ട് പൂർണമായും മണ്ണിനടിയിൽ പുതഞ്ഞ നിലയിലായിരുന്നു ഒട്ടകം. ആദ്യം കാണുമ്പോൾ അതിന്റെ തലമാത്രം മണ്ണിന് പുറത്തേക്കു നീണ്ടു നിൽക്കുന്നതായാണ് തോന്നിയതെന്ന് മുർഫി പറഞ്ഞു.

 

ഏറെ നേരമായി മണ്ണിനടിയിൽ തുടരുന്നതിന്റെ ബുദ്ധിമുട്ടുകളുല്ലാം ഒട്ടകത്തിന് ഉണ്ടായിരുന്നു. കാറിന്റെ പുറകിൽ കരുതിയിരുന്ന ഷവൽ ഉപയോഗിച്ച് ഒട്ടകത്തിനു ചുറ്റുമുള്ള മണ്ണ് നീക്കം ചെയ്യാനായിരുന്നു ഇവരുടെ ശ്രമം. ഈ പരിശ്രമങ്ങൾ കണ്ട് പ്രദേശത്തുണ്ടായിരുന്ന മറ്റുചില ആളുകളും ഒപ്പം കൂടി. ഒട്ടകത്തിന്റെ മുൻകാലുകൾ കെട്ടുപിണഞ്ഞ നിലയിൽ മണ്ണിലാഴ്ന്നു പോയതിനാലാണ് അതിന് ചലിക്കാൻ സാധിക്കാതെ വന്നത്. 

 

അല്പം ആഴത്തിൽ മണ്ണു നീക്കം ചെയ്ത ശേഷം മാത്രമേ ഒട്ടകത്തിനെ പുറത്തെത്തിക്കാൻ സാധിക്കുമായിരുന്നുള്ളൂ. 15 പേരുടെ തുടർച്ചയായ ശ്രമത്തിനെ തുടർന്നാണ് മണ്ണ് നീക്കം ചെയ്യാൻ കഴിഞ്ഞത്. ഒട്ടകത്തിന്റെ ഉടമയും രക്ഷാദൗത്യത്തിന് ഇവർക്കൊപ്പം കൂടി. ഒടുവിൽ പുറത്തെത്തിച്ചെങ്കിലും അല്പസമയത്തേക്ക് ഒട്ടകത്തിന് നിൽക്കാൻ കഷ്ടപ്പെടേണ്ടിവന്നെന്നും മുർഫി പറയുന്നു. ഏറെ നേരത്തെ പരിശ്രമത്തിനുശേഷമാണ് അതിന് പതിയെ നടക്കാൻ കഴിഞ്ഞത്. രക്ഷാ ദൗത്യത്തിൽ പങ്കെടുത്തവരോടെല്ലാം ഒട്ടകത്തിന്റെ ഉടമ നന്ദി രേഖപ്പെടുത്തുകയും ചെയ്തു. 

 

ഒട്ടകത്തിനെ രക്ഷപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ അതിന് പരിശ്രമിച്ചവരെ ഹീറോകൾ എന്നാണ് ആളുകൾ വിശേഷിപ്പിക്കുന്നത്. ഏറെ ക്ഷമയോടെ ഇത്രയും സമയമെടുത്ത് ഒട്ടകത്തിനെ രക്ഷിക്കാൻ കാണിച്ച മനസ്സിനെ അഭിനന്ദിക്കുകയാണ് ഏവരും. ലോകത്തിനാകെ മാതൃകയാണ് ഇവരുടെ പ്രവൃത്തിയെന്നാണ് പലരുടെയും അഭിപ്രായം.

 

English Summary: Internet Hails Group Of 15 People For Rescuing Camel Stuck In Quicksand

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com