ലോകത്തിലെ ഏറ്റവും പഴയ മരം ചിലെയിൽ: 5484 വർഷം പഴക്കം

Ancient Cyprus tree in Chile believed to be world's oldest at 5,484 years old
Image Credit: Alfons López Tena /Twitter
SHARE

ലോകത്തിലെ ഏറ്റവും പ്രായമുള്ള മരം തെക്കൻ അമേരിക്കൻ രാജ്യം ചിലെയിൽ സ്ഥിതി ചെയ്യുന്ന ഒരു കോണിഫർ മരമാണെന്ന് ശാസ്ത്രജ്ഞരുടെ അവകാശവാദം. 5484 വർഷം ഇതിനു പഴക്കമുണ്ടെന്നും നിലവിൽ ഏറ്റവും പഴക്കമുള്ള മരമെന്ന് അറിയപ്പെടുന്ന മരത്തേക്കാളും 600 വർഷം ഇതിനു പ്രായം കൂടുതലാണെന്നും ഗവേഷകർ പറയുന്നു. പാരിസിലെ ക്ലൈമറ്റ് ആൻഡ് എൻവയോൺമെന്റൽ സയൻസ് ലബോറട്ടറിയിലെ ശാസ്ത്രജ്ഞനായ ഡോ. ജൊനാഥൻ ബാരിച്ചിവിച്ചാണു പഠനം നടത്തിയത്. പാറ്റഗോണിയൻ സൈപ്രസ് വിഭാഗത്തിൽപെട്ടതാണ് ഈ മരം. കണ്ടെത്തലിനെ ചിലെ സർക്കാർ പ്രശംസിച്ചിട്ടുണ്ട്. വളരെ കൗതുകകരവും അദ്ഭുതകരവുമായ ശാസ്ത്രീയ കണ്ടെത്തലാണ് ഇതെന്ന് ചിലെയുടെ പരിസ്ഥിതി കാര്യ മന്ത്രി മൈസ റോജസ് പറയുന്നു.

കംപ്യൂട്ടേഷനൽ മാർഗങ്ങൾ ഉപയോഗിച്ചാണു കണ്ടെത്തലിലേക്ക് ശാസ്ത്രജ്ഞർ എത്തിയത്. ഭൂമിയിലെ തന്നെ ഏറ്റവും വലിയ മരങ്ങളായ സെക്വോയ മരങ്ങളുടെയും റെഡ്‌വുഡ് മരങ്ങളുടെയും കുടുംബത്തിൽ പെട്ട മരമാണ് പാറ്റഗോണിയൻ സൈപ്രസ്. എന്നാൽ, വളരെ പതിയെ വളരുന്ന ഇവ 45 മീറ്റർ വരെയൊക്കെയേ പൊക്കം വയ്ക്കാറുള്ളൂ. എന്നാൽ ചിലെയിലെ കാലാവസ്ഥാ വ്യതിയാനവും പരിസ്ഥിതി നാശവും മൂലം ഈ അപ്പൂപ്പൻ മരം ഭീഷണിയിലാണെന്ന് ബാരിച്ചിവിച്ച് പറയുന്നു. അക്രമണാത്മകമായ രീതിയിൽ വളരുന്ന പൈൻ, യൂക്കാലിപ്റ്റസ് മരങ്ങളും ഈ മരത്തിന്റെ നിലനിൽപിനു ഭീഷണിയാണ്. ഇവ പെട്ടെന്നു വെള്ളം വലിച്ചെടുക്കുന്നതിനാലാണ് ഇത്.1973 മുതൽ 2011 വരെയുള്ള കാലയളവിൽ എട്ടുലക്ഷം ഹെക്ടറോളം വനം ചിലെയിൽ നശിച്ചു. 

70000 മരങ്ങൾ ഇക്കൂട്ടത്തിൽ നഷ്ടപ്പെട്ടെന്നാണു രാജ്യത്തെ ഔദ്യോഗിക കണക്ക് പറയുന്നത്. ലോകത്തിൽ ഏറ്റവും പ്രായമുള്ള മരമായി കൂട്ടിയിരിക്കുന്നത് 4853 വർഷം പഴക്കമുള്ള മെതുസെലാ എന്ന മരത്തെയാണ്. യുഎസിലെ കിഴക്കൻ കലിഫോർണിയയിലുള്ള വൈറ്റ് മൗണ്ടൻസ് മേഖലയിലെ മെതുസെല ഗ്രോവ് എന്ന മരക്കൂട്ടത്തിലാണ് ഇതു സ്ഥിതി ചെയ്യുന്നത്. ഈ മരത്തിന്റെ കൃത്യമായ ലൊക്കേഷൻ യുഎസ് വനംവകുപ്പ് പുറത്തുവിടാറില്ല. മരത്തെ തിരിച്ചറിയുന്ന സൂചികകളോ ബോർഡുകളോ വയ്ക്കാറുമില്ല. ആരെങ്കിലും ഇതിനു നാശം വരുത്തുമെന്ന് പേടിച്ചാണിത്.

English Summary: Ancient Cyprus tree in Chile believed to be world's oldest at 5,484 years old

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഗംഭീരം; മനസ്സ് കവരുന്ന വീട്! Hometour

MORE VIDEOS