വരിഞ്ഞുമുറുക്കി ജീവനെടുത്ത ‘ആൾക്ക്’ വീട്ടിൽ സ്വീകരണം; ‘ചേലാ’യിട്ടൊരു മരക്കഥ

Man who Saved a 'Killer': An Unusual Tree Lover's Story from Kottayam
SHARE

നിയമത്തിന്റെ കണ്ണിലൂടെ നോക്കിയാൽ കാഞ്ഞിരപ്പള്ളിക്കടുത്ത് പിണ്ണാക്കനാട് പൊട്ടൻകുളത്തിൽ വീട്ടിലെ പയസ് സ്കറിയ വലിയ തെറ്റുകാരനാണ്. നിരാലംബനായ ‘ഒരാളെ’ തന്റെ കൈയും കാലും ഉപയോഗിച്ച് നിർദാക്ഷിണ്യം ‘ഞെരിച്ച് കൊന്നുകളഞ്ഞ’ ആൾക്ക് കഴിഞ്ഞ നാൽപ്പത്തിയൊന്നു വർഷമായി സ്വന്തം വീട്ടിലാണ് പയസ് അഭയം നൽകിയത്. അതും തന്റെ തറവാടുവീടിന്റെ സ്വീകരണമുറിയിൽ പ്രധാന സ്ഥാനം നൽകി!! പക്ഷേ സത്യം മനസിലാക്കിയാൽ കോടതി കൈയടിയും സമ്മാനവും നൽകി പയസിനെ ആദരിക്കും, കാരണം അത്ര സ്നേഹത്തോടെയാണ് അദ്ദേഹം ‘അയാളെ’ സംരക്ഷിക്കുന്നത്.

മറ്റാരും അല്ല ഒരു ചേലമരമാണത്. ഭരണങ്ങാനത്ത് ആറ്റുതീരത്ത് വളർന്ന ഒരു പനയെ ആണ് ചേലമരം വരിഞ്ഞുമുറുക്കി ജീവനെടുത്തത്. ചേല മരം അങ്ങനെയാണ്, പരാദമായ ഇത് പനയെ സ്നേഹിക്കും പോലെ പടർന്നു കയറി പൂത്തുനിറഞ്ഞശേഷം പതുക്കെ അതിനെ തിന്നു നശിപ്പിച്ചത്. പലപ്പോഴും യാത്രയ്ക്കിടയിൽ പയസ് ഇൗ മരത്തെ ശ്രദ്ധിച്ചിരുന്നു. കൊൽക്കത്തയിൽ ജോലി ചെയ്തിരുന്ന പയസ് അവധിക്കു വന്നപ്പോഴാണ് നശിച്ച പന ഉൾപ്പെടെ ഇൗ ചേലയെ വിലയ്ക്കു വാങ്ങിയത്. വിറകിനു പോകേണ്ടിയിരുന്ന മരം ആറ്റിറമ്പിൽ നിന്നും  തടിക്ക് ഉടവുതറ്റാതെ വാഴപ്പോള നിരത്തിയാണ് റോഡിലേയ്ക്ക് എത്തിച്ചത്. ലോറിയിൽ വീട്ടിലെത്തിച്ച ചോലയെ വളരെ പണിപ്പെട്ടാണ് വേര് തിരിച്ച് എടുത്തത്. 

കാഞ്ഞിരപ്പള്ളിയിലെ തറവാട്ടുവീട്ടിൽ നിന്നും  കോട്ടയത്തേയ്ക്ക് താമസം മാറ്റിയപ്പോൾ ചേലമരത്തെയും പയസും കുടുംബവും കൊണ്ടുപോയി, 26 വർഷത്തിനുശേഷം  കാഞ്ഞിരപ്പള്ളിയിലെ തറവാട്ടുവീട്ടിലേയ്ക്ക് മടങ്ങിയെത്തിയപ്പോൾ ആദ്യം എത്തിച്ചത് വീട്ടിലെ പ്രധാന ആകർഷണമായ ചേലയെ ആയിരുന്നു. സ്വന്തം വീട്ടിലെ ഒരാളെ പോലെ, അല്ല തന്നെപ്പോലെ തന്നെയാണ് പയസ് ഇൗ ഉണക്കമരത്തെ സംരക്ഷിക്കുന്നത്. 

അദ്ദേഹത്തിന്റെ വാക്കുകളിൽ പറഞ്ഞാൽ ‘‘ഏതെങ്കിലും തടിവെട്ടുകാരൻ വാങ്ങികൊണ്ടുപോയി വിറകാക്കേണ്ടിയിരുന്ന മരത്തെയാണ് ഞാൻ പൊന്നുപോലെ കാത്തുസൂക്ഷിക്കുന്നത്, വീട്ടിനുള്ളിൽ നിൽക്കുന്ന ഒരു ഇൻഡോർ പ്ലാന്റുപോലെ.’’ചെമന്ന പെട്ടി എന്ന ഡോക്യുമെന്ററിയും പയസ് സ്കറിയ മുൻപ് ചെയ്തിട്ടുണ്ട്.

English Summary: Man who Saved a 'Killer': An Unusual Tree Lover's Story from Kottayam

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഗംഭീരം; മനസ്സ് കവരുന്ന വീട്! Hometour

MORE VIDEOS