കാതടപ്പിക്കുന്ന സംഗീതം, ലോകത്തെ ഏറ്റവും ശബ്ദമുള്ള പക്ഷി വൈറ്റ് ബെല്‍ബേര്‍ഡ്

Meet the white bellbird, the world's loudest bird
Grab Image from video shared on Youtube by New Atlas
SHARE

പക്ഷികളുടെ ലോകം ശബ്ദങ്ങളുടെയും ലോകമാണ്. കാക്ക മുതല്‍ കുയില്‍ വരെ സൃഷ്ടിക്കുന്ന ശബ്ദ വൈവിധ്യങ്ങളെ നമ്മൾ ശ്രദ്ധിക്കുകയും ആസ്വദിക്കുകയും ചെയ്യാറുണ്ട്. പക്ഷികള്‍ ഇത്തരം ശബ്ദങ്ങള്‍ ഉണ്ടാക്കുന്നത് പലതരം ആവശ്യങ്ങള്‍ക്കായി വ്യത്യസ്ത സന്ദര്‍ഭങ്ങളിലാണ്. മുന്നറിയിപ്പു നല്‍കാനും ഇണയെ ആകര്‍ഷിക്കാനുമെല്ലാം പക്ഷികള്‍ തങ്ങള്‍ ഉണ്ടാക്കുന്ന ശബ്ദങ്ങള്‍ ഉപയോഗിക്കുന്നു. ലോകത്തെ എല്ലാ പക്ഷികളും ഇങ്ങനെ വ്യത്യസ്ത തരത്തിലുള്ള ശബ്ദങ്ങള്‍ സൃഷ്ടിക്കാന്‍ കെല്‍പ്പുള്ളവരാണെന്നിരിക്കെ ഇക്കൂട്ടത്തില്‍ ഏറ്റവും ഉച്ചത്തിലുള്ള ശബ്ദം സൃഷ്ടിക്കുന്നത് ബ്രസീലില്‍ കാണപ്പെടുന്ന ഒരു പക്ഷിയാണ്.

വെളുത്ത തൂവലുകള്‍ നിറഞ്ഞ സുന്ദരന്‍ പക്ഷിയാണ് ബ്രസീലിയന്‍ വൈറ്റ് ബെല്‍ ബേര്‍ഡ്. പ്രൊക്നിയാസ് ആല്‍ബസ് എന്ന ശാസ്ത്രീയ നാമമുള്ള ഈ പക്ഷി ഇപ്പോഴാണ് ലോകത്തെ ഏറ്റവും ശബ്ദമുള്ള പക്ഷി എന്ന സ്ഥാനം സ്വന്തമാക്കിയത്. ഇക്കൂട്ടത്തിലെ ഒരു പക്ഷി ഇണയെ ആകര്‍ഷിക്കാന്‍ നടത്തിയ കൂവലാണ് ഈ റെക്കോര്‍ഡിന് അര്‍ഹമാക്കിയത്. ഇതുവരെ റെക്കോ‍ഡ് ചെയ്യപ്പെട്ട പക്ഷി ശബ്ദങ്ങളില്‍ ഏറ്റവും ഉയര്‍ന്ന ശബ്ദമുള്ളത് ഈ പക്ഷിയുടെ കൂവലിനാണെന്ന് ഗവേഷകര്‍ തിരിച്ചറിഞ്ഞു. 125.4 ഡെസിബല്‍ ആയിരുന്നു ഈ റെക്കോഡ് ചെയ്യപ്പെട്ട ശബ്ദത്തിന്‍റെ അളവ്.

ബ്രസീലിലെ ആമസോണ്‍ വനമേഖലയില്‍ വടക്കു കിഴക്കന്‍ പ്രദേശത്തായാണ് ഈ പക്ഷികൾ കാണപ്പെടുന്നത്. ആണ്‍ പക്ഷികളും പെണ്‍ പക്ഷികളും ഇത്തരത്തില്‍ ഇണകളെ ആകര്‍ഷിക്കാന്‍ ശബ്ദമുണ്ടാക്കാറുണ്ട്. ഇതില്‍ ആണ്‍ പക്ഷിയുടെ ശബ്ദമാണ് ഇപ്പോള്‍ റെക്കോഡിന് അർഹമായിരിക്കുന്നത്. കൂടാതെ ആണ്‍ പക്ഷികള്‍ മാത്രമാണ് വെളുത്ത നിറത്തില്‍ കാണപ്പെടുന്നതും. പെണ്‍ പക്ഷികളുടെ നിറം ഇളം ഒലീവ് പച്ചയാണ്. സംസാരിക്കുന്നതിനിടയിലോ പാട്ടിനിടയിലോ മൈക്കില്‍ നിന്നു പുറത്തു വരുന്ന അരോചകമായ ശബ്ദത്തിനു സമാനമാണ് ഈ പക്ഷിയുടെ ശബ്ദമെന്ന് കേള്‍ക്കുമ്പോള്‍  മനസ്സിലാകും. 

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആമസോണിയന്‍ റിസേര്‍ചിലെ പക്ഷി നിരീക്ഷനായ മരിയോ കോന്‍ കാഫ്റ്റ് ആണ് ബ്രസീലിലെ  റൊറൈമയില്‍ നിന്ന് ഈ പക്ഷിയുടെ ശബ്ദവും വിഡിയോ ദൃശ്യവും പകര്‍ത്തിയത്. തുടര്‍ന്ന് മസാച്യൂസറ്റ് സര്‍വകലാശാലയിലെ ജെഫ് പാഡോസ് ആണ് ഈ പക്ഷികളുടെ ശബ്ദത്തിന്‍റെ അളവ് കണക്കാക്കിയത്. ഇതോടെ അതുവരെ ഒന്നാം സ്ഥാനത്ത് നിന്നിരുന്ന സ്ക്രീമിങ് പിഹാ എന്ന പക്ഷി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു. 116 ഡെസിബല്‍ ആണ് സ്ക്രീമിംഗ് പിഹായുടെ ശബ്ദത്തിന്‍റെ അളവ്. ബെല്‍ബേര്‍ഡിനെ പോലെ സ്ക്രീമിങ് പിഹായും ബ്രസീലിലെ വടക്കു കിഴക്കന്‍ മേഖലയില്‍ തന്നെ കാണപ്പെടുന്ന പക്ഷിയാണ്. 

വൈറ്റ് ബെല്‍ബേര്‍ഡിന്‍റെ ശബ്ദത്തെ മനുഷ്യ നിര്‍മിതമായ ശബ്ദങ്ങളുമായി താരതമ്യപ്പെടുത്തുന്നത് കൗതുകകരമയ കാര്യമാണ്. ഒരു സാധാരണ ഓഫിസിലെ ശബ്ദം ശരാശരി 40 ഡെസിബല്‍ ആണ്. സിംഫണി പോലുള്ള ഒരു സംഗീത പരിപാടിക്കും കാറിന്‍റെ ഹോണിനും ശരാശരി 110 ഡെസിബല്‍ ശബ്ദമുണ്ടാകും. ഇനി അരോചകമായ ഡ്രില്ലിങ്ങിന്‍റെ ശബ്ദത്തിന് ശരാശരി 120 ഡെസിബല്‍ വരെ ശബ്ദമാണ് ഉണ്ടാവുക. ഇവയെയൊക്കെ മറികടക്കുന്നതാണ് വൈറ്റ് ബെല്‍ബേര്‍ഡിന്‍റെ ഇണയ്ക്കു വേണ്ടിയുള്ള ആലാപനം.

ശബ്ദത്തില്‍ മാത്രമല്ല മറ്റ് ചില കാര്യങ്ങളിലും ഈ വൈറ്റ് ബെല്‍ബേര്‍ഡിനു പ്രത്യേകതകളുണ്ട്. ഇതില്‍ ഒന്ന് ഇവയുടെ മുഖത്തു നിന്നു നീണ്ടു നില്‍ക്കുന്ന വാലു പോലുള്ള ശരീര ഭാഗമാണ്. ഇത് ചില സമയങ്ങളില്‍ കൊമ്പ് പോലെ ഉയര്‍ന്നു നില്‍ക്കുന്നതായും കാണപ്പെടാറുണ്ട്. കൂടാതെ തൂവലുകളെല്ലാം നീക്കിയാല്‍ ഈ പക്ഷിക്കുള്ളത് സിക്സ് പായ്ക്ക് ശരീരമാണെന്നും ഗവേഷകര്‍ പറയുന്നു. മറ്റ് പക്ഷികളേക്കാള്‍ മസിലുകള്‍ നിറഞ്ഞ ശരീരമാണ് ഈ പക്ഷിയുടേത്. കൂടാതെ ഇവയുടെ ടിഷ്യൂ മറ്റ് പക്ഷികളുടേതിനേക്കാള്‍ നാലിരട്ടി വരെ കട്ടിയുള്ളതാണെന്നും ഇവര്‍ വിശദീകരിക്കുന്നു. 

English Summary: Meet the white bellbird, the world's loudest bird

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}