കാസര്‍കോട് കുമ്പള അനന്തപത്മനാഭ ക്ഷേത്രത്തിലെ ബബിയ മുതല ഓര്‍മയായി. പ്രായാധിക്യത്തെ തുടര്‍ന്ന് ചികില്‍സയിലായിരിക്കെയാണ് അന്ത്യം. ഏഴു പതിറ്റാണ്ടിലേറയായി ക്ഷേത്രകുളത്തില്‍ സസ്യാഹാരം മാത്രം ഭക്ഷിച്ചു ജീവിക്കുകയായിരുന്നു മുതല. പൊതുദര്‍ശനത്തിനു ശേഷം ഹിന്ദുമത വിശ്വാസ പ്രകാരമുള്ള ചടങ്ങോടെ ജഡം സംസ്ക്കരിച്ചു. ദേലംപാടി പരമശ്രീ ഗണേഷ് തന്ത്രിയുടെ നേതൃത്വത്തിലായിരുന്നു സംസ്ക്കാര ചടങ്ങുകള്‍.
തിരുവനന്തപുരത്തെ ശ്രീപത്മനാഭ സ്വാമി ക്ഷേത്രവുമായി ബന്ധമുള്ള അന്തപത്മനാഭ ക്ഷേത്രകുളത്തിലെ ബബിയയെന്ന മുതല ഭക്തര്‍ക്ക് എന്നുമൊരു അദ്ഭുതമായിരുന്നു. കുളത്തിനു നടുവിലായാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. എന്നാല്‍ നാളിതുവരെ ക്ഷേത്രത്തിലെത്തുന്ന ഭക്തരെ ബബിയ ആക്രമിച്ചിട്ടില്ല. ക്ഷേത്രത്തിലെ നിവേദ്യമായിരുന്നു പ്രധാന ഭക്ഷണം. 1945 ല്‍ ക്ഷേത്രത്തിലുണ്ടായ മറ്റൊരു മുതലയെ ബ്രിട്ടീഷ് സൈന്യം വെടിവെച്ചു കൊന്നെന്നും ദിവസങ്ങള്‍ക്കുള്ളില്‍ ബബിയ ക്ഷേത്രകുളത്തില്‍ പ്രത്യക്ഷപ്പെട്ടെന്നുമാണ് വിശ്വാസം. അവസാനമായി ബബിയയെ കാണാന്‍ നിരവധി ഭക്തരാണ് ക്ഷേത്രത്തിലെത്തിയത്. വിശ്വാസത്തിനു പുറമേ നിരവധി സഞ്ചാരികളും ബബിയയെന്ന കൗതുകത്തെ ആസ്വദിക്കാന്‍ കാസര്‍കോട് എത്തിയിരുന്നു. രണ്ട് വര്‍ഷം മുമ്പ് മുതല ക്ഷേത്ര നടയിലെത്തിയത് ഭക്തര്‍ക്ക് കൗതുക കാഴ്ചയായിരുന്നു.
English Summary: Babiya’, divine crocodile of Ananthapura Lake Temple dies