ADVERTISEMENT

ബിസിനസിൽ വൻ നേട്ടങ്ങൾ കൊയ്ത ശേഷവും സ്വന്തം നാടുവിട്ട് അന്യനാട്ടിൽ പ്രകൃതിക്കായി ഒരു സ്വർഗം തീർക്കുക. ലോകത്തിൽ വിരലിലെണ്ണാവുന്നവർക്ക് മാത്രം സാധിക്കുന്ന കാര്യം ചെയ്തിരിക്കുകയാണ് ഇസ്രയേൽ സ്വദേശികളായ അവിറാം റോസിനും ഭാര്യ യോറിത്തും. ടെൽ അവീവിലെ തന്റെ ബിസിനസ് സാമ്രാജ്യം വേണ്ടെന്നുവച്ച് തമിഴ്നാട്ടിലെ ആരോവില്ലെയിൽ 70 ഏക്കർ വനമാണ് ഇവർ വളർത്തിയെടുത്തിരിക്കുന്നത്. 

israeli-couple-turned-a-70-acres-barren-land-in-tamil-nadu-into-a-forest1
Image Credit: Facebook/ Sadhana Fores

1998-ല്‍ ആദ്യമായി ഇന്ത്യയിലെത്തിയപ്പോൾ തന്നെ ഈ നാട് സ്വന്തമാണെന്ന തോന്നലാണുണ്ടായതെന്ന് ഇരുവരും പറയുന്നു. തമിഴ്നാടിനെയും അവിടുത്തെ ജനങ്ങളെയും ഭൂമിയും എല്ലാം ഒരുപാട് ഇഷ്ടപ്പെട്ട ഇവർ ഏതാനും വർഷങ്ങൾക്കുള്ളിൽ തമിഴ്നാട്ടിലെ സ്ഥിര താമസക്കാരായി. ജോലിഭാരം മാത്രമുള്ള ജീവിതത്തിൽ നിന്നു വ്യത്യസ്തമായി സമൂഹത്തിന് നന്മ ചെയ്യാനാവുന്ന എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹമായിരുന്നു അവിറാമിന്റെ മനസ്സിൽ. അങ്ങനെയാണ് 2003ൽ ആരോവില്ലെയിലെ 70 ഏക്കർ വിസ്തൃതമായ സ്ഥലത്ത് വനം വളർത്തി തുടങ്ങിയത്.

 

israeli-couple-turned-a-70-acres-barren-land-in-tamil-nadu-into-a-forest
Image Credit: Facebook/ Sadhana Forest

തരിശുനിലമായി കിടന്നിരുന്ന ഈ ഭൂമി ഇന്ന് സ്വയം വളരുന്ന ഒരു വനമായി മാറിക്കഴിഞ്ഞു. സാധന എന്നു പേര് നൽകിയിരിക്കുന്ന ഈ വനം നിരവധി ജീവജാലങ്ങൾ കൊണ്ടും വ്യത്യസ്തമായ വൃക്ഷങ്ങളും  പലതരം ചെടികളും കൊണ്ട് സമ്പന്നമാണ്.  ജലസംരക്ഷണം നടത്തിയായിരുന്നു വനവൽക്കരണത്തിന് തുടക്കം കുറിച്ചത്. ഭൂമിയിൽ നനവുണ്ടായതോടെ അവിടുത്തെ പരിസ്ഥിതിക്ക് അനുയോജ്യമായ ചെടികളും മരങ്ങളുമെല്ലാം തനിയെ വളർന്നു തുടങ്ങി. ഇന്ന് വനത്തിൽ മയിലുകളും കാട്ടുപൂച്ചകളും മുയലുകളും കുറുനരികളുമടക്കമുള്ള ജീവജാലങ്ങൾ വസിക്കുന്നുണ്ട്. എന്നാൽ ഒരു പ്രകൃതി സംരക്ഷണ സംഘടന എന്ന നിലയിലേക്ക് തങ്ങളുടെ പ്രവർത്തികൾ മാറി പോകരുതെന്നുറപ്പിച്ചിരുന്ന അവിറാമും യൂറിത്തും പൂർണമായും സേവനമെന്ന നിലയിലാണ് മരങ്ങൾ നട്ടുപിടിപ്പിച്ചു തുടങ്ങിയത്. ഇത് മനസ്സിലാക്കി ഏതാനും സന്നദ്ധ പ്രവർത്തകരും ഒപ്പം കൂടിയതോടെ വനം വളർത്തൽ വേഗത്തിൽ നടന്നു.

 

ഇന്ന് വനം കാണാനായി മാത്രം നൂറുകണക്കിനാളുകൾ ഇവിടെയെത്തുന്നുണ്ട്. വനത്തിലെ ജീവികൾക്കോ പരിസ്ഥിതിക്കോ ദോഷം വരാത്ത തരത്തിൽ നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. മാംസം ഉൾപ്പെടുത്താത്ത ഭക്ഷണം മാത്രമേ വിളമ്പൂ എന്നതും പുകവലിയും മദ്യപാനവും അനുവദിക്കില്ലെന്നതുമാണ് സാധന വനത്തിൽ എത്തുന്നവർ അറിഞ്ഞിരിക്കേണ്ട പ്രധാന നിയമങ്ങൾ. ഇതുമൂലം യുവജനങ്ങൾ ഇവിടേക്കെത്തില്ലെന്നാണ് അവിറാം കരുതിയിരുന്നതെങ്കിലും ഈ ചിന്ത തെറ്റിച്ചുകൊണ്ട് യുവജനങ്ങളാണ് വനം കാണാനായി എത്തുന്നവരിൽ ഭൂരിഭാഗവും. വരുന്ന ആർക്കും പണം മുടക്കാതെ വനം കാണാനാവും. അതിഥിദേവോ ഭവ എന്ന ആദർശത്തിൽ വിശ്വസിച്ച് മൂന്നുനേരവും അതിഥികൾക്കായി ഭക്ഷണവും വിളമ്പുന്നുണ്ട്.

 

English Summary: How An Israeli Couple Turned A 70 Acres Barren Land In Tamil Nadu Into A Self Sustaining Forest

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com