ADVERTISEMENT

ഭൂമിയിലെ ഏറ്റവും കരുത്തുള്ള ജീവി എന്താണെന്ന ചോദ്യത്തിന് സിംഹമെന്നോ ആനയെന്നോ സ്രാവെന്നോ ഒക്കെയുള്ള ഉത്തരങ്ങള്‍ ലഭിച്ചേക്കാം. എന്നാല്‍ ഏത് സാഹചര്യത്തിലും അതിജീവിക്കാന്‍ കഴിയുന്ന, ഏത് പ്രതിസന്ധിയിലും ചെറുത്ത് നില്‍ക്കാനുള്ള കഴിവാണ് യഥാർഥ കരുത്ത്. ഈ അളവ് കോല്‍ പരിഗണിച്ചാല്‍ ഭൂമിയിലെ ഏറ്റവും വലിയ കരുത്തുള്ള ജീവി അല്‍പം കുഞ്ഞന്‍മാരാണ്. കുഞ്ഞന്‍മാരെന്ന് പറഞ്ഞാല്‍ മൈക്രോസ്കോപ്പിലൂടെ മാത്രം നോക്കിയാല്‍ കാണാന്‍ കഴിയുന്നത്ര ചെറുജീവികൾ.

 

അന്‍റാര്‍ട്ടിക്ക മുതല്‍ ആമസോണ്‍ കാടുകളില്‍ വരെ, ആഴക്കടല്‍ മുതല്‍ പര്‍വത ശിഖരങ്ങളില്‍ വരെ ഈ ടാർഡിഗ്രേഡുകള്‍ എന്ന് പേരുള്ള ഈ കുഞ്ഞന്‍മാരെ കാണാന്‍ കഴിയും. ഏത് പ്രതികൂല കാലാവസ്ഥയിലും അതിജീവിക്കാന്‍ കഴിയുന്ന ഈ ജീവികളില്‍ അഞ്ചാമത്തെ വര്‍ഗത്തെയാണ് ഇപ്പോള്‍ ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. വെള്ളത്തിലെ കരടി എന്നും വിളിപ്പേരുള്ള ഈ ജീവിയുടെ പുതിയ വര്‍ഗത്തെ കണ്ടെത്തിയിരിക്കുന്ന സ്ഥലവും കൗതുകം ഉളവാക്കുന്ന ഇടമാണ്. ഫിന്‍ലന്‍ഡിലെ മണല്‍പ്പരപ്പുകളിലാണ് ടാർഡിഗ്രേഡുകളുടെ പുതിയ വര്‍ഗത്തെ കണ്ടെത്തിയിരിക്കുന്നത്.

ഭൂമിയിൽ ഇന്നു കാണുന്ന ജൈവ ആവാസവ്യവസ്ഥ രൂപപ്പെടുന്നതില്‍ ഓസോണ്‍ പാളിക്ക് നിർണായകമായ പങ്കുണ്ട്. മനുഷ്യരുള്‍പ്പടെയുള്ള ജീവികള്‍ക്കും സസ്യജാലങ്ങള്‍ക്കും ഹാനികരമായ അള്‍ട്രാവയലറ്റ് കിരണങ്ങള്‍ തടഞ്ഞു നിര്‍‍ത്തുക എന്ന ദൗത്യം നിര്‍വഹിക്കുന്നത് ഈ ഓസോണ്‍ പാളിയാണ്. എന്നാല്‍ ഓസോണ്‍ പാളിയില്ലെങ്കിലും ഭൂമിയില്‍ അതിജീവിക്കാന്‍ സാധിക്കുന്ന ഒരു ജീവിയുടെ കഴിവ് കണ്ടെത്തിയിരുന്നു മുൻപ് ഗവേഷകർ. ശാസ്ത്രലോകത്തിന് നിരന്തരമായ അദ്ഭുതങ്ങള്‍ സമ്മാനിക്കുന്ന ഈ ജീവി അണുവിസ്ഫോടനത്തിന്‍റ റേഡിയേഷനെ അതിജീവിക്കാനുള്ള കഴിവ് തെളിയിച്ചും  ശ്രദ്ധ നേടിയിരുന്നു. 

അള്‍ട്രാവയലറ്റ് റേഡിയേഷനെ അതിജീവിക്കാന്‍ സാധിക്കുമെന്ന് കേള്‍ക്കുമ്പോള്‍ അത് നേരിയ തോതിലുള്ള ആഘാതത്തെ അതിജീവിക്കുന്ന കാര്യമാണെന്ന് കരുതരുത്. അത്യന്തം അപകടകരമായ തോതിലുള്ള അള്‍ട്രാവയലറ്റ് റേഡിയേഷന്‍ പോലും ഇവയ്ക്ക് ഇളം വെയില്‍ കൊള്ളുന്ന ലാഘവത്തോടെ അതിജീവിക്കാനാകും എന്നാണ് ഗവേഷകര്‍ പറയുന്നത്. ഒരു പക്ഷേ മനുഷ്യരുടെ സങ്കല്‍പ്പങ്ങളിലുള്ള ഏതൊരു സൂപ്പര്‍ ഹീറോകള്‍ പോലും ആഗ്രഹിച്ചു പോകുന്ന സൂപ്പര്‍ പവറാണ് ഈ കുഞ്ഞന്‍ ജീവിക്കുള്ളതെന്നു പറയാം.

new-species-of-tardigrade-found-clawing-through-sand-dunes-in-finland
Image Credit: Denis---S/ Shutterstock

ലോകാവസാനം വന്ന് ഭൂമിയിലെ സർവരും മരിച്ചൊടുങ്ങിയാലും പിന്നെയും കുറേനാൾ കൂടി ‘കൂളായി’ ജീവിക്കാന്‍ കഴിവുള്ള ജീവി! ഇതിനു പക്ഷേ മനുഷ്യന്റെയത്ര വലുപ്പമൊന്നുമില്ല. മനുഷ്യന്റെ തലയിൽ കാണുന്ന കുഞ്ഞൻപേനിന്റെയത്ര പോലുമില്ല വലുപ്പം. പേനിന് സാധാരണ  0.25 –0.3 സെ.മീ വരെ വലുപ്പം കാണും. പക്ഷേ ‘ടാർഡിഗ്രേഡ്’ അഥവാ ജലക്കരടി എന്നുവിളിക്കുന്ന ഈ സൂക്ഷ്മജീവികൾക്ക് 0.5 മില്ലിമീറ്ററേയുള്ളൂ നീളം! എട്ടുകാലും കരടിയുടെ രൂപവുമുള്ളതിനാലാണ് ‘ജലക്കരടി’ എന്ന പേര്. പായലു പിടിച്ച പന്നിക്കുട്ടിയെപ്പോലെയിരിക്കുന്നതിനാൽ ‘മോസ് പിഗ്‌ലെറ്റ്’ എന്നുമുണ്ട് വിളിപ്പേര്. മൈനസ് 450 ഡിഗ്രി ഫാരൻഹീറ്റ് താപനിലയിലും ഏതാനും മിനിറ്റു നേരം കൂടി പിടിച്ചു നിൽക്കും ടാർഡിഗ്രേഡ്. ഇനി ചൂട് 302 ഡിഗ്രി വരെ കൂടിയാലും പ്രശ്നമില്ല. മൈനസ് നാലു ഡിഗ്രി തണുപ്പിൽ ദശകങ്ങളോളം ജീവിക്കും ഇവ. 

 

ഭക്ഷണവും വെള്ളവുമില്ലാതെ കൊടുംതണുപ്പിലും ചൂടിലും 30 വർഷം വരെ കഴിയാനാകും ജലക്കരടികൾക്ക്. അന്റാർട്ടിക്കയിൽ നിന്ന് അത്തരം രണ്ടു ജലക്കരടികളെ ലഭിച്ചതുമാണ്. ബഹിരാകാശത്തെ റേഡിയേഷനുകളെപ്പോലും ഇവ അതിജീവിക്കുമെന്നും കണ്ടെത്തിയിട്ടുണ്ട്. ആയിരക്കണക്കിന് ഗ്രേ യൂണിറ്റ് വരുന്ന റേഡിയേഷൻ അടിച്ചാലും ഇവ ചാകില്ല. മരണത്തിനു തൊട്ടടുത്തു വരെയെത്തുന്ന ‘ക്രിപ്റ്റോബയോസിസ്’ എന്ന അവസ്ഥയിൽ നിലനിൽക്കാമെന്നതാണ് ഇവയുടെ പ്രത്യേകത. ഈ അവസ്ഥയിൽ ഇവയുടെ ഉപാപചയ പ്രവർത്തനം തിരിച്ചറിയാൻ പോലുമാകാത്ത നിലയിലേക്ക് താഴും. ശരീരം ചുരുങ്ങും, ശരീരത്തിലെ ജലാംശത്തിലെ അളവ് മൂന്നു ശതമാനത്തിലേക്കു താഴും. ഫലത്തിൽ നിർജലീകരണാവസ്ഥയിലെത്തും. ജീവിതത്തിലും മരണത്തിനുമിടയിലുള്ള ഈ ‘മൂന്നാം അവസ്ഥ’യെപ്പറ്റിയാണ് ഗവേഷകർ പഠിക്കുന്നത്. ഒപ്പം ഇത്തരം അവസ്ഥകളിൽ ചിതറിപ്പോകുന്ന ഇവയുടെ ഡിഎൻഎയുടെ ഘടനയെപ്പറ്റിയും. ജീവിക്കാനുള്ള സാഹചര്യങ്ങളിലേക്കെത്തുമ്പോൾ ഡിഎൻഎയും വീണ്ടും കൂടിച്ചേരുകയാണു പതിവ്.ആയിരത്തിലേറെ സ്പീഷീസ് ടാർഡിഗ്രേഡുകളുണ്ട്. കരയിലും വെള്ളത്തിലും അഗ്നിപർവതങ്ങളിലും മഞ്ഞുമലകളിലുമൊക്കെ ഇവയെ കാണാം.

 

പേര് വന്നത് ഹാരിപോര്‍ട്ടറില്‍ നിന്ന്

വെള്ളത്തിലെ കരടി എന്ന് ഈ ജീവികളെ വിളിക്കാന്‍ ഒരു കാരണമുണ്ട്. മൈക്രസ്കോപ്പിലൂടെ നോക്കുമ്പോള്‍ ഉള്ള ഇവയുടെ രൂപം ഏതാണ്ട് കരടിയെ പോലെയാണ്. പക്ഷെ എട്ട് കാലുകള്‍ ഉണ്ടെന്ന് മാത്രം. മാക്രോബിറ്റസ് നാഗിനൈ എന്നാണ് ഈ പുതിയ ടാർഡിഗ്രേഡ് വര്‍ഗത്തിന് നല്‍കിയിരിക്കുന്ന ശാസ്ത്രീയ നാമം. മണലില്‍ കൂടി ഇഴഞ്ഞ് നടന്ന് ജീവിക്കുന്നതിനാല്‍ നാഗിന്‍ എന്ന ഹാരിപോര്‍ട്ടറിലെ വില്ലന്‍ കഥാപാത്രമായ വോള്‍ഡര്‍മോര്‍ട്ടിന്‍റെ പാമ്പിന്‍റെ പേരിനോട് ചേര്‍ത്താണ് ഈ ജീവികളുടെ ശാസ്ത്രീയ നാമം നല്‍കിയിരിക്കുന്നത്.

 

ഫിന്‍ലന്‍ഡിലെ മണല്‍പ്പരപ്പില്‍ കണ്ടെത്തിയ ജീവികളും അതിജീവനത്തിന്‍റെ കാര്യത്തില്‍ ഒട്ടും മേശക്കാരല്ലെന്ന് ഗവേഷകര്‍ തിരിച്ചറിഞ്ഞു. ഇവിടെ മണല്‍പ്പരപ്പുകളില്‍ തന്നെ കാണപ്പെടുന്ന ഒച്ചുകളെയാണ് ടാർഡിഗ്രേഡുകൾക്ക് നേരിടേണ്ടത്. ടാർഡിഗ്രേഡ്കളെ അബദ്ധത്തില്‍ പലപ്പോഴും ഈ കുഞ്ഞന്‍ ഒച്ചുകള്‍ വിഴുങ്ങാറുണ്ട്. എന്നാല്‍ ഒച്ചുകളുടെ വയറ്റിലെത്തിയാലും ഇവയ്ക്ക് യാതൊരു അപകടവും സംഭവിക്കില്ല. മറിച്ച് ഒച്ചിന്‍റെ വിസര്‍ജ്യത്തോടൊപ്പം പുറത്ത് വരും. ടാർഡിഗ്രേഡുകളുടെ ഏത് സാഹചര്യത്തെയും അതിജീവിക്കാനുള്ള ശേഷിയുടെ ഒടുവിലത്തെ ഉദാഹരണം മാത്രമാണ് ഒച്ചുകളുടെ വായ് മുതല്‍ വിസര്‍ജ്യം വരെയുള്ള ഇവയുടെ സഞ്ചാരം.

 

ഏതാണ്ട് 500 മില്യണ്‍ അതായത് 50കോടി വര്‍ഷം മുന്‍പ് മുതലെങ്കിലും ഈ ജീവികള്‍ ഭൂമിയില്‍ ഉണ്ടായിരുന്നു എന്നാണ് ഗവേഷകര്‍ കണക്കാക്കുന്നത്. പതിനെട്ടാം നൂറ്റാണ്ടില്‍ ജര്‍മന്‍ ഗവേഷകരാണ് ഈ ജീവിയെ ആദ്യമായി തിരിച്ചറിയുന്നത്. ലിറ്റില്‍ വാട്ടര്‍ ബെയര്‍ എന്നര്‍ത്ഥം വരുന്ന ക്ലെനയര്‍ വെസര്‍ബാര്‍ എന്ന പേരാണ് ഈ ജീവിക്ക് ആദ്യം നല്‍കിയത്. എന്നാല്‍ ഇപ്പോഴുള്ള പേര് ഈ ജീവികള്‍ക്ക് ലഭിക്കുന്നത് അല്‍പം കൂടി കഴിഞ്ഞാണ്. പതനെട്ടാം നൂറ്റാണ്ടിന്‍റെ അവസാനത്തോടെ തന്നെ ഇറ്റാലിയന്‍ ഗവേഷകരാണ് ഈ ജീവിക്ക് പതിയെ നടക്കുന്നത് എന്ന അര്‍ത്ഥം വരുന്ന ടാർഡിഗ്രേഡ് എന്ന പേര് നല്‍കിയത്. ഈ പേരാണ് പിന്നീട് ശാസ്ത്രലോകവും സ്വീകരിച്ചത്. മുതര്‍ന്ന ടാർഡിഗ്രേഡിന്റെ പോലും പരമാവധി വലിപ്പം 0.5 മില്ലിമീറ്റര്‍ മാത്രമാണ്.

 

ശൂന്യാകാശത്തും അതിജീവിയ്ക്കുന്ന വര്‍ഗം

മോസ് പിഗുകള്‍ എന്ന് കൂടി അറിയപ്പെടുന്ന ടാര്‍ഡിഗ്രേഡുകള്‍ ഭൂമിയിലെ ഏറ്റവുമധികം അതിജീവന ശേഷിയുള്ള ജീവിവര്‍ഗം കൂടിയാണ്. ഇവയുടെ അതിജീവന ശേഷി വച്ചു നോക്കിയാല്‍ ഭൂമിയില്‍ മാത്രമല്ല ശൂന്യാകാശത്ത് പോലും ഇവയ്ക്ക് അതിജീവനം സാധ്യമാകും. വെള്ളത്തിനകത്ത് മരവിച്ച അവസ്ഥയിലോ, വായു പോലുമില്ലാത്ത ശൂന്യമായ അവസ്ഥയിലോ, 600 ഇരട്ടി മര്‍ദ്ദത്തിലോ പോലും ഇവ ജീവനോടെ ഇരിക്കുമെന്ന് പഠനത്തിലൂടെ ശാസ്ത്രലോകം മനസ്സിലാക്കിയിട്ടുണ്ട്.

 

English Summary: New Species Of Tardigrade Found Clawing Through Sand Dunes In Finland

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com