പരുക്കേറ്റ നിലയില്‍ വയലില്‍ കണ്ടെത്തിയ സാരസ് കൊക്കിനെ രക്ഷിച്ച് ഒരു വര്‍ഷം പരിചരിച്ച യുവാവിനെതിരെ കേസെടുത്ത് വനംവകുപ്പ്. ഉത്തര്‍പ്രദേശിലെ അമേത്തിയിലാണ് സംഭവം. വന്യജീവി സംരക്ഷണ നിയമപ്രകാരമാണ് കേസ്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ അമേത്തിയിലെ കൃഷിയിടത്തില്‍ നിന്നാണ് കാലിന് പരുക്കേറ്റ നിലയില്‍ ആരിഫിന് കൊക്കിനെ ലഭിക്കുന്നത്. വീട്ടില്‍ കൊണ്ടുപോയി ദിവസങ്ങളോളം പരിചരിച്ച് പരുക്ക് ഭേദമായെങ്കിലും ആരിഫിനെ വിട്ടുപോകാന്‍ കൊക്ക് കൂട്ടാക്കിയില്ല. 'ബച്ചാ'െയന്ന് കൊക്കിന് പേരുമിട്ടു ആരിഫ്. ദിവസങ്ങളോളം നന്നായി പരിചരിച്ചതോടെ പക്ഷിയുടെ മുറിവുണങ്ങി അത് ആരോഗ്യം വീണ്ടെടുത്തു. പിന്നീട് ആരിഫ് അതിനെ സ്വതന്ത്രമാക്കി.
മറ്റു പക്ഷികൾക്കൊപ്പം പോയാൽ പിന്നെ തിരികെയെത്തില്ലെന്നാണ് ആരിഫ് കരുതിയത്. എന്നാൽ പക്ഷിയെ പുറത്തേക്ക് പറത്തിവിട്ടെങ്കിലും അത് ആരിഫിനെ വിട്ടുപോകാൻ കൂട്ടാക്കിയില്ല. അന്നു തുടങ്ങിയ സൗഹൃദമാണ് പക്ഷിയും ആരിഫും തമ്മിൽ. പക്ഷി പകലൊക്കെ എവിടെ പോയാലും വൈകുന്നേരമാകുമ്പോൾ ആരിഫിന്റെ വീട്ടിൽ തിരിച്ചെത്തും. ഏറെനേരം ആരിഫിനൊപ്പം സമയം ചിലവഴിക്കുകയും െചയ്യും. ആരിഫല്ലാതെ മറ്റു കുടുംബാംഗങ്ങളോടൊന്നും പക്ഷിക്ക് അടുപ്പമില്ല.ആരിഫ് ഇരുചക്രവാഹനത്തിൽ എവിടെപ്പോയാലും പക്ഷി പിന്തുടരുമായിരുന്നു.
25–30 കിലോമീറ്റർ വരെ വാഹനത്തിനു പിന്നാലെ പക്ഷി പറന്നെത്തിയിരുന്നു. പകൽ മുഴുവനും മറ്റു കൊക്കുകൾക്കൊപ്പമാണ് സമയം ചിലവഴിക്കുന്നതെങ്കിലും മറ്റു പക്ഷികൾ ചേക്കേറുന്ന സമയമാകുമ്പോഴേക്കും വീട്ടിലേക്ക് പറന്നെത്തുന്നതായിരുന്നു പക്ഷിയുടെ പതിവ്. പിന്നീട് മറ്റു പക്ഷികൾ വിളിക്കാൻ വീടിനു സമീപമെത്തിയാലും പോകാൻ കൂട്ടാക്കാതെ വരന്തയിൽ ഒളിക്കുമായിരുന്നു. പീയുഷ് റായ് ഈ അപൂർവ സൗഹൃദത്തിന്റെ വിഡിയോ ട്വിറ്ററിലൂടെ പങ്കുവച്ചത്. ലക്ഷക്കണക്കിനാളുകൾ കണ്ടിരുന്നു. വിഡിയോ ജനശ്രദ്ധ നേടിയതിനെ തുടർന്നായിരുന്നു വനം വകുപ്പിന്റെ നടപടി
കൊക്കിനെ വീട്ടില്‍ നിന്നും കൊണ്ടുപോയ അധികൃതര്‍ ആരിഫിനെതിരെ കേസുമെടുത്തു. റായ്ബറേലിയിലെ സമസ്പൂര്‍ പക്ഷി സങ്കേതത്തിലാണ് പക്ഷിയെന്നാണ് വനംവകുപ്പ് അറിയിച്ചിരിക്കുന്നത്.പക്ഷിയെ പിടിച്ചുകൊണ്ടുപോയതിനെതിരെ സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവും ട്വീറ്റ് ചെയ്തു. പ്രതികാര നടപടിയെന്ന് അദ്ദേഹം ആരോപിച്ചു. കൊക്കിനെ പക്ഷിസങ്കേതത്തില്‍ നിന്ന് കാണാതായെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഉത്തർപ്രദേശിന്റെ സംസ്ഥാനപക്ഷിയാണ് സാരസ് കൊക്ക്. അധികൃതര്‍ അലിവുകാട്ടുമെന്നും തന്‍റെയടുത്തേക്ക് 'ബച്ചാ' തിരികെയെത്തുമെന്ന കാത്തിരിപ്പിലുമാണ് ആരിഫ്. നീണ്ട കഴുത്തുകളോടും കാലുകളോടും കൂടിയ ഒരിനം ക്രൗഞ്ച പക്ഷിയാണ് സാരസ് കൊക്ക്. ഇന്ത്യൻ ഉപഭൂഖണ്ഡം, തെക്കുകിഴക്കൻ ഏഷ്യ, ഓസ്ട്രേലിയ എന്നിവിടങ്ങളിലാണ് ഇവയെ കണ്ടുവരുന്നത്. മത്സ്യം, ഉഭയജീവികൾ, ഷഡ്‌പദങ്ങൾ, ധാന്യങ്ങൾ, കായകൾ എന്നിവയാണ് ഇവയുടെ പ്രധാന ആഹാരം.
English Summary: Forest Department Case Against UP Man Who Rescued, Cared For Sarus Crane