ADVERTISEMENT

6 ജി മൊബൈൽ ഫോണുകൾ എത്തുമ്പോൾ അതിൽ നമ്മുടെ കൈതയും കരിമ്പിൻ ചണ്ടിയുമൊക്കെ കാണുമോ ? കോട്ടയം മഹാത്മാഗാന്ധി സർവകലാശാലയിൽ നടക്കുന്ന പരീക്ഷണം ഈ വഴിക്കു നീങ്ങുന്നു. 6 ജി നെറ്റ്‌വർക്കുകളിൽ റേഡിയേഷൻ പൂർണമായും ആഗിരണം ചെയ്യാൻ സാധിക്കുന്ന ഷീൽഡുകൾ സർവകലാശാലയിൽ വികസിപ്പിച്ചു കൊണ്ടിരിക്കുന്നു. ഇതു നിർമിക്കുന്നതു കരിമ്പിൻ ചണ്ടി കത്തിച്ചുണ്ടാക്കുന്ന കാർബണും കൈതയിൽ നിന്നു വേർതിരിച്ചെടുക്കുന്ന സെല്ലുലോസും ഉപയോഗിച്ചാണ്. പൂർണമായും പരിസ്ഥിതി സൗഹൃദമാണ് ഈ കണ്ടെത്തൽ. എംജി സർവകലാശാല ഇന്റർനാഷനൽ ആൻഡ് ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജിയിൽ ഗസ്റ്റ് ഫാക്കൽറ്റി കോട്ടയം സ്വദേശി അവിനാശ് ആർ. പൈയുടെ ഗവേഷണമാണ് ഈ കണ്ടെത്തലിനു പിന്നിൽ.

∙ മൊബൈൽ ഫോണിലെ റേഡിയേഷൻ 

പല മൊബൈൽ ഫോണുകളിൽ നിന്നും റേഡിയേഷൻ പുറത്തു വരുന്നുണ്ടെന്നു അവിനാശ് ആർ. പൈ പറയുന്നു. ഇതു തടയുന്നതിനുള്ള ഷീൽഡ് ഇല്ലാത്തതോ ഫലപ്രദമായ ഷീൽഡ് ഇല്ലാത്തതോ ആകാം കാരണം. ലോ റേഞ്ച് നോൺ അയണൈസിങ് റേഡിയേഷനാണു മൊബൈൽ ഫോണുകളിൽ നിന്നു പുറത്തു വരുന്നത്. നിലവിൽ മെറ്റൽ, അല്ലെങ്കിൽ പ്ലാസ്റ്റിക് ഷീൽഡുകളാണു റേഡിയേഷൻ ഷീൽഡായി ഉപയോഗിക്കുന്നത്. അടുത്ത തലമുറ ഫോണുകൾ എത്തുമ്പോഴും ഇതുപോലെ റേഡിയഷനുകൾ ഉണ്ടാകാം. അതിനും ഷീൽഡുകൾ ആവശ്യമാണ്. 

∙ പരീക്ഷണം ബ്രിട്ടനിൽ 

കൈതയിൽ നിന്നു വേർതിരിച്ചെടുത്ത സെല്ലുലോസ് നാനോ ഫൈബറും കരിമ്പിൻ ചണ്ടി വിവിധ പ്രോസസുകളിലൂടെ നിർമിച്ചെടുത്ത വൈദ്യുതി കടത്തി വിടുന്ന കാർബൺ പദാർഥവും ചേർത്തു നിർമിക്കുന്ന പേപ്പറുകളാണു വികസിപ്പിച്ചെടുത്തത്. ഇതിന്റെ സ്പോഞ്ച് രൂപവും വികസിപ്പിച്ചിട്ടുണ്ട്. എംജി സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. സാബു തോമസ്, ഡോ.നന്ദകുമാർ കളരിക്കൽ എന്നിവരുടെ നേതൃത്വത്തിൽ 2 വർഷം മുൻപ് സർവകലാശാലയിൽ ആരംഭിച്ച ഗവേഷണത്തിന്റെ തുടർ പഠനത്തിലായിരുന്നു കണ്ടെത്തൽ. ആദ്യ ഘട്ടത്തിലെ പഠനത്തിനു കെമിക്കൽ ആൻഡ‍് ഫെർട്ടിലൈസേഴ്സ് മന്ത്രാലയത്തിന്റെ ഇന്നൊവേഷൻ ഇൻ ഗ്രീൻ മെറ്റൽ ആൻഡ് പ്രൊഡക്ട്സ് അവാർഡ് ലഭിച്ചിരുന്നു.

avinash
അവിനാശ് ആർ

ഇലക്ട്രോണിക് ഉപകരണങ്ങളിൽ നിന്നുള്ള അധിക റേഡിയേഷനുകൾ ആഗിരണം ചെയ്യാൻ സാധിക്കുന്ന കണ്ടെത്തലിന്റെ പരീക്ഷണങ്ങൾ ബ്രിട്ടനിലെ ലങ്കാഷർ സർവകലാശാലയിലാണു നടത്തിയത്. ബ്രിട്ടിഷ് കൗൺസിലിന്റെ ന്യൂട്ടൻ– ഭാഭ സ്കോളർഷിപ് വഴി ലങ്കാഷർ സർവകലാശാലയിലെ എൻജിനീയറിങ് ഓഫ് മൈക്രോ വേവ്സ്, ടെറാ ഹെട്സ്, ലൈറ്റ് വിഭാഗത്തിൽ കഴിഞ്ഞ ഒക്ടോബർ മുതൽ ഈ വർഷം ജനുവരി വരെ പരീക്ഷണങ്ങൾ നടത്താൻ അവസരം ലഭിച്ചു. 300 ജിഗാ ഹെർട്സ് മുതൽ 2 ടെറാ ഹെർട്സ് വരെ ഫ്രീക്വൻസിയിൽ ആയിരുന്നു പരീക്ഷണങ്ങൾ. 

∙ ഗ്രാഫീന് തൊട്ടടുത്ത് 

ലോകത്തെ വണ്ടർ മെറ്റീരിയൽ എന്നു വിളിപ്പേരുള്ള ഗ്രാഫീന്റെ ഗുണങ്ങളുടെ തൊട്ടടുത്ത് എത്താൻ എംജി സർവകലാശാലയിൽ വികസിപ്പിച്ച പദാർഥത്തിനു സാധിച്ചെന്നു അവിനാശ് ആർ പൈ പറഞ്ഞു. ഉയർന്ന ഫ്രീക്വൻസി പരീക്ഷണത്തിൽ റേഡിയേഷൻ തടയുന്നതിൽ 70 ഡെസിബെൽ വരെ എത്താൻ സാധിച്ചു. ഇതു റേഡിയേഷൻ തടയുന്നതിൽ 100 ശതമാനത്തോട് ഏറ്റവും അടുത്ത യൂണിറ്റാണെന്ന് അവിനാശ് പറയുന്നു. ഇത്തരത്തിൽ ഗ്രാഫീൻ കൊണ്ടുള്ള പരീക്ഷണങ്ങളിൽ 74 ഡെസിബെൽ ആണു ലഭിച്ചത്. ഇതിനു തൊട്ടടുത്ത ഫലം ലഭിച്ചതോടെ നമ്മുടെ കണ്ടെത്തലിന്റെ മൂല്യം തിരിച്ചറിഞ്ഞെന്നും അവിനാശ് പറയുന്നു. 

∙ പരീക്ഷണം ഇങ്ങനെ 

ഒരു റിസീവറിന്റെയും ട്രാൻസ്മിറ്ററിന്റെയും ഇടയിൽ പുതുതായി നിർമിച്ച ഷീൽഡ് വച്ചാണു പരീക്ഷണം നടത്തിയത്. ഉയർന്ന ഫ്രീക്വൻസിയിൽ തരംഗങ്ങൾ കടന്നു പോകുമ്പോൾ ഷീൽഡ് വച്ചു റേഡിയേഷനെ തടയാൻ സാധിക്കുന്നുണ്ടോ എന്നാണു പരീക്ഷിച്ചത്. ടെറാഹെർട്സ് ഫ്രീക്വൻസിയിൽ പരീക്ഷണങ്ങൾ നടത്താൻ രാജ്യത്തെ ലബോറട്ടറികളിൽ സാധ്യത കുറവായതിനാലാണു വിദേശ സർവകലാശാലയെ സമീപിച്ചത്. പരീക്ഷണം കെമിക്കൽ എൻജിനീയറിങ് രാജ്യാന്തര ജേണലിൽ പ്രസിദ്ധീകരിച്ചു. പേറ്റന്റിനായി അപേക്ഷിച്ചിട്ടുണ്ടെന്നും അവിനാശ് പറഞ്ഞു. 

∙ സാധ്യതകൾ 

> പരിസ്ഥിതി സൗഹൃദ ഷീൽഡുകൾ സ്ഥാപിക്കുന്നതോടെ നെറ്റ്‌വർക്കിന്റെയും ഡേറ്റാ കൈമാറ്റത്തിന്റെയും വേഗം മൂന്നിരട്ടിയോളമാകും. 

>  6ജി എത്തുന്നതോടെ സെക്കൻഡുകൾക്കുള്ളിൽ കൈമാറ്റം നടക്കുന്നത് വലിയ ഡാറ്റയാകും. ഇതിന്റെ തരംഗങ്ങളെ പ്രകൃതിദത്ത ഷീൽഡുകൾ അനായാസം താങ്ങി നിർത്തുകയും റേഡിയേഷനെ പ്രതിരോധിക്കുകയും ചെയ്യും. ഡേറ്റ കൈമാറ്റവും അതിവേഗം നടക്കും. 

>  റേഡിയേഷനുകൾ പ്രകൃതി ദത്ത ഷീൽഡ് തടയും. 

>  200 ഡിഗ്രി സെൽഷ്യസ് താപം വരെ പരീക്ഷണത്തിൽ ഷീൽഡ് പ്രതിരോധിക്കുന്നതായി കണ്ടെത്തി. ഫോൺ പൊട്ടിത്തെറിക്കുന്നതു പോലുള്ള സംഭവങ്ങൾ നടക്കില്ല. 

>  ഡിവൈസ് പ്രവർത്തിക്കുന്ന കാലത്തോളം ആയുസ്സും ഷീൽഡ് ഉറപ്പ് നൽകും. ഒരു മീറ്റർ സ്വകയറിന് 100 രൂപ മാത്രമാണ് വില വരുക. 

English Summary: Eco friendly Radion Sheild

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com