ADVERTISEMENT

നിത്യജീവിതത്തിൽ പലയിടങ്ങളിൽ പോകുമ്പോഴും നമ്മെ ഏറ്റവും അധികം അലോസരപ്പെടുത്തുന്ന രണ്ട് ജീവികളായിരിക്കും ഈച്ചയും കൊതുകും. കൊതുകിനെ കൈ വാക്കിന് കിട്ടിയാൽ കൊന്ന് കലിതീർക്കാം. എന്നാൽ കൊതുകിനേക്കാൾ ശാരീരിക അഭ്യാസങ്ങളിൽ മിടുക്കാനായ ഈച്ച അത്ര പെട്ടെന്ന് പിടിതരില്ല. ഈച്ച ശല്യമാണെന്ന് സാധാരണക്കാർ പറയുമെങ്കിലും ശാസ്ത്രലോകത്തിന് മറിച്ചാണ്. ഗവേഷകർ ഈച്ചകളെ ഹീറോയായാണ് കാണുന്നത്. അതിന് തക്കതായ കാരണങ്ങളും അവർക്കുണ്ട്. ബയോളജിയിലെയും മെഡിക്കൽ രംഗത്തെയും വിപ്ലവാത്മകരമായ പല കണ്ടെത്തലുകൾക്കും നിർണായകമായത് ഈച്ചകളാണെന്ന് ഗവേഷകർ പറയുന്നു.

ഈച്ചകൾ

ഡൈപെട്ര അഥവാ രണ്ട് ചിറകുള്ള ചെറുജീവികളുടെ വിഭാഗത്തൽപ്പെട്ടവയാണ് ഈച്ചകളും കൊതുകുകളും. ഇതിൽ ഈച്ചകൾ അഥവാ ഫ്രൂട്ട് ഫ്ലൈകൾ, മനുഷ്യനെ ശാരീരികമായി ഉപദ്രവിക്കാറില്ല. എന്നാൽ സാംക്രമിക രോഗങ്ങൾ പടരുന്നതിൽ വലിയ പങ്ക് ഇവർക്കുണ്ട്. പക്ഷെ ഇത്തരം മോശം കാര്യങ്ങൾ മാത്രമല്ല എന്റമോളജിസ്റ്റുകൾ ഈച്ചകളെക്കുറിച്ച് പറയാൻ ആഗ്രഹിക്കുന്നത്. ‘ഈച്ചകളില്ലെങ്കിൽ ആര് പൂക്കളിൽ പരാഗണം നടത്തും, ഈച്ചകളില്ലെങ്കിൽ ചത്തടിയുന്ന ജീവികളുടെ അഴുകൽ ആര് വേഗത്തിലാക്കും?’– എന്റമോളജിസ്റ്റുകൾ ചോദിക്കുന്നു.

പ്രാണികളെക്കുറിച്ച് പഠനം നടത്തുന്ന ഗവേഷക എറികാ മക്അലിസ്റ്റർ ‘ദി സീക്രട്ട് ലൈഫ് ഓഫ് ഫ്ലൈസ്’ എന്ന പുസ്തകത്തിൽ പാരിസ്ഥിതിക രംഗം മുതൽ സാമ്പത്തിക മേഖലയിൽ വരെ ഈച്ചകൾ എങ്ങനെ ഗുണം ചെയ്യുന്നുവെന്ന് വിവരിച്ചിട്ടുണ്ട്.

Read Also: ബസ് നിറയെ ആളുകൾ, കടുവ അഴികളിൽ പിടിച്ചുകയറി; കാവൽനിന്ന് മറ്റ് കടുവകളും- വിഡിയോ

ഡ്രോസോഫിലാ എന്ന പഴയീച്ചയും നൊബേലും

ഈച്ചകളിൽ തന്നെ വ്യത്യസ്ത വിഭാഗങ്ങളുണ്ട്. സാധാരണ ഈച്ചകളേക്കാൾ വലിപ്പം കുറഞ്ഞ ഒരു തരം ഈച്ചകളുണ്ട്. ഫ്രൂട്ട് ഫ്ലൈ (പഴയീച്ച) അല്ലെങ്കിൽ വിനെഗർ ഫ്ലൈ എന്നാണ് ഇവയെ വിളിക്കുന്നത്. ഡ്രോസോഫിലാ മലാനോഗാസ്റ്റർ എന്നാണ് ഇതിന്റെ ശാസ്ത്രീയ നാമം. ലോകമെമ്പാടും കാണപ്പെടുന്ന പഴയീച്ചകൾ ഏറ്റവുമധികം സജീവമാകുന്നത് പഴങ്ങൾ ഏറ്റവുമധികം ഉൽപാദിപ്പിക്കുന്ന വേനൽക്കാലത്തിന്റെ തുടക്കത്തിലുള്ള സമയത്താണ്.

do-Insects-sleep-fruit-fly

1830 ൽ ജർമൻ ഗവേഷകനായ ജോൺ മിഷൻ ആണ് ഈ ജീവിവർഗത്തെ തിരിച്ചറിയുകയും ആധുനിക ശാസ്ത്രത്തിൽ ഇതിന്റെ പേര് എഴുതിചേർക്കുകയും ചെയ്തത്. തുടർന്ന് നടന്ന ഗവേഷണങ്ങളിലൂടെ ആധുനിക ശാസ്ത്രം ഏറ്റവുമധികം മനസ്സിലാക്കിയ ജീവിവർഗമെന്ന വിശേഷണം പഴയീച്ചകൾ സ്വന്തമാക്കി. ആധുനിക വൈദ്യശാസ്ത്ര ഗവേഷണത്തിന് ഊർജം നൽകാൻ പഴയീച്ചകളുടെ പഠനം ഏറെ ഗുണകരമായിട്ടുണ്ട്. ഇതുവരെ പഴയീച്ചകളെക്കുറിച്ച് പഠനം നടത്തിയ 10 ഗവേഷകർക്ക് നൊബൈൽ സമ്മാനം ലഭിച്ചിട്ടുണ്ട്. ഈച്ചകളുടെ പഠനം ഗവേഷണത്തിൽ എത്രത്തോളം പ്രാധാന്യം ഉണ്ടെന്നത് ഇതിൽനിന്നും തന്നെ വ്യക്തം. 

ഈച്ചകളും ജനിതക പഠനവും

പരിണാമ സിദ്ധാന്തത്തിന് പിന്നീടുള്ള പതിറ്റാണ്ടുകളിൽ കൂടുതൽ ശാസ്ത്രീയ അടിത്തറ നൽകിയ ഒന്നായിരുന്നു ജനുസുകളെക്കുറിച്ചും. ജനിതക മേഖലയെക്കുറിച്ചുമുള്ള പഠനങ്ങൾ. ഈ പഠനങ്ങളിൽ നിർണായകമായ പല കണ്ടെത്തലുകളിലേക്കും വഴിവച്ചത് പഴയീച്ചകളിൽ നടത്തിയ പഠനമായിരുന്നു. ഈ പഠനങ്ങളിൽ നിർണായകമായത് കുറഞ്ഞ സമയത്തിനുള്ളിൽ പ്രത്യുത്പാദനം നടത്താനുള്ള ഇവയുടെ കഴിവാണ്.

ഒരു തവണ തന്നെ നൂറിലേറെ മുട്ടകളാണ് പഴയീച്ചകൾ ഇടുക. പൂർണ വളർച്ചയിലെത്താൻ 10 ദിവസവും. ഇതിനിടെ അതേ ഈച്ച വീണ്ടും നൂറ് മുട്ടകൾ ഇട്ടിട്ടുണ്ടാകും. ചുരുക്കിപറഞ്ഞാൽ ഈ ഈച്ചകളുടെ തലമുറമാറ്റത്തിന് 10 ദിവസം മതി. വേഗത്തിൽ തലമുറമാറ്റം സംഭവിക്കുന്നത് കൊണ്ട് ഇവയിലുണ്ടാകുന്ന ജനിതകമാറ്റങ്ങളും വേഗത്തിൽ പഠിക്കാൻ ഗവേഷകർക്ക് കഴിഞ്ഞു.

ഇത്തരത്തിലുള്ള ആയിരക്കണക്കിന് പഴയീച്ചകളിൽ കൂട്ടത്തോടെ പ്രത്യുത്പാദനം നടത്തിയാണ് ഗവേഷകർ ജനിതകമേഖലയിൽ പല നിർണായക പഠനങ്ങളും നടത്തിയത്. ഈ പഠനങ്ങളിൽ ഈച്ചകളുടെ കണ്ണിന്റെ നിറമാറ്റം ഉൾപ്പെടെയുള്ളവ കണ്ടെത്തി. ഇതിനൊപ്പം ക്രോമോസോമുകളുടെ ഘടനയിൽ വരുന്ന മാറ്റങ്ങളുടെ പഠനത്തിന്റെ തുടക്കം ഇത്തരം ഈച്ചകളിൽ നടത്തിയ ഗവേഷണത്തിൽ നിന്നായിരുന്നു. ഇതെല്ലാം പിന്നീട് മനുഷ്യരിൽ നടത്തിയ പഠനങ്ങൾക്ക് അടിത്തറയായി മാറി.

മനുഷ്യരുടെ ജീനുമായുള്ള സാമ്യം

ഏതാണ്ട് 50 കോടി വർഷങ്ങൾക്ക് മുൻപ് മനുഷ്യർക്കും പഴയീച്ചകൾക്കും ഒരേ പൂർവികരായിരുന്നുവെന്ന് ഗവേഷകർക്ക് മുൻപ് തിരിച്ചറിഞ്ഞിരുന്നു. അതുകൊണ്ട് തന്നെ ഈച്ചകൾ മനുഷ്യനുമായി സമാനതകളുള്ള ഒട്ടേറെ ജനിതക ഘടകങ്ങൾ പങ്കിടുന്നുണ്ട്. അതിനാൽ മനുഷ്യരെ ബാധിക്കുന്ന പല രോഗങ്ങൾക്കുള്ള പഠനങ്ങളും ആദ്യം പഴയീച്ചകളിൽ നടത്താനാകും. ഇത്തരം പഠനങ്ങൾ പഴയീച്ചകളിൽ വിജയം കണ്ടാൽ കൂടുതൽ സങ്കീർണമായ ഘടനയുള്ള ജീവികളിലേക്ക്  വ്യാപിപ്പിക്കും. എലികളിലും ഗിനിപന്നികളിലും പരീക്ഷണം വിജയിച്ചാൽ കുരങ്ങുകളിലേക്ക് പഠനം എത്തും. അതിനുശേഷമാകും മനുഷ്യരിൽ പഠനം നടത്തുക. തുടക്കത്തില്‍ ഈച്ചകളിൽ പഠനം നടത്തുന്നത് പാരിസ്ഥിതികമായി സുരക്ഷിതവും അതേസമയം ചിലവ് കുറവുമാണ്.

ഇന്ന് ലോകത്ത് പതിനായിരത്തിലധികം ഗവേഷകരാണ് പഴയീച്ചകളിൽ മാത്രമായി പഠനം നടത്തുന്നത്. ഇതിൽ മനുഷ്യരെ ബാധിക്കുന്ന ഉറക്ക കുറവ് മുതൽ ക്യാൻസർ വരെയുള്ള രോഗങ്ങളെക്കുറിച്ചുള്ള പഠനങ്ങൾ ഉൾപ്പെടുന്നു.

English Summary: From Kitchen Pest to Scientific Hero: The Tremendous Research Value of Fruit Flies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com