Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കടുവയും ആനയും കണ്ടാമൃഗവും മേയുന്ന കാട് നട്ടുവളര്‍ത്തിയ മനുഷ്യന്‍

JADAV Photo Credit: thealternative

36 വര്‍ഷങ്ങള്‍ക്ക് മുമ്പ് പതിനാറാം വയസിലാണ് യാദവ് പയെങ് മരങ്ങള്‍ നട്ടു തുടങ്ങിയത്. അന്നത്തെ ബ്രഹ്മപുത്രയുടെ തീരത്തെ പുല്ലുകിളിര്‍ക്കാത്ത മണല്‍പരപ്പ് ഇന്ന് 1360 ഏക്കര്‍ നീണ്ടു കിടക്കുന്ന കൊടും വനമായി വളര്‍ന്നിരിക്കുന്നു. ഏതൊരു വന്യജീവി സങ്കേതത്തോടും കിടപിടിക്കുന്ന കാട് ഒറ്റക്ക് വെച്ചുപിടിപ്പിച്ചാണ് അസമിലെ മൊലായ് ഗോത്രക്കാരനായ യാദവ് പയെങ് അത്ഭുതമാകുന്നത്.

1979ലാണ് യാദവ് പയെങിന്റെ ജീവിതത്തെ മാറ്റി മറിച്ച ഒരു സംഭവം നടക്കുന്നത്. ബ്രഹ്മപുത്രയിലുണ്ടായ വലിയ വെള്ളപ്പൊക്കത്തില്‍ ഒലിച്ചുവന്ന നിരവധി പാമ്പുകള്‍ മണല്‍ പരപ്പില്‍ കുടുങ്ങി ചത്തുപോയി. മണല്‍പരപ്പിലെ കൊടും ചൂടാണ് പാമ്പുകള്‍ക്ക് മരണമണിയായത്. ആവശ്യത്തിന് മരങ്ങളുണ്ടായിരുന്നെങ്കില്‍ പാമ്പുകള്‍ക്ക് ഈ ഗതി വരില്ലായിരുന്നെന്ന് അന്ന് കൗമാരക്കാരനായിരുന്ന യാദവ് പയെങ് ചിന്തിച്ചു.

മണല്‍പരപ്പില്‍ പാമ്പുകള്‍ കൂട്ടത്തോടെ ചത്തുകിടക്കുന്ന വിവരം വനം വകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ച പയെങ് മരങ്ങളുണ്ടായിരുന്നെങ്കില്‍ അവക്ക് ഈ ഗതി വരില്ലായിരുന്നെന്നു കൂടി പറഞ്ഞു. മരങ്ങള്‍ പോയിട്ട് പുല്ല് പോലും ഈ മണലില്‍ കിളിര്‍ക്കില്ലെന്ന് പറഞ്ഞ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വല്ല മുളയും ചിലപ്പോള്‍ വളരുമായിരിക്കുമെന്ന് കൂട്ടിച്ചേര്‍ത്തു.

അങ്ങനെയാണ് പയെങ് ബ്രഹ്മപുത്രയുടെ തീരത്ത് മുളകള്‍ വെച്ചു തുടങ്ങിയത്. നിരാശയായിരുന്നു ആദ്യത്തെ ശ്രമങ്ങളുടെ ഫലം. എന്നാല്‍ ഉദ്യമം ഉപേക്ഷിക്കാതെ നിരന്തരം പരിശ്രമിച്ച പയെങ്കിന്റെ നിശ്ചയദാര്‍ഡ്യത്തിന്റെ മുളകള്‍ക്കു മുന്നില്‍ ആദ്യം മണല്‍കൂന വഴങ്ങിക്കൊടുത്തു. ഇതിനിടെ 1979ല്‍ തന്നെ പ്രദേശത്തെ 200 ഏക്കറില്‍ വനവല്‍ക്കരണത്തിനുള്ള സര്‍ക്കാര്‍ പദ്ധതിയിലും പയെങ് ജോലിക്കാരനായി. പദ്ധതി പൂര്‍ത്തിയായി എല്ലാവരും പോയിട്ടും പയെങ് മരങ്ങളെ പരിപാലിച്ചെന്നു മാത്രമല്ല കൂടുതല്‍ പ്രദേശങ്ങളിലേക്ക് മരങ്ങള്‍ നട്ടുകൊണ്ടിരുന്നു. വര്‍ഷങ്ങളുടെ ശ്രമഫലമായി മരങ്ങളും വളര്‍ന്നു തുടങ്ങി. ഇപ്പോള്‍ 1360 ഏക്കറില്‍ നീണ്ടു കിടക്കുന്ന വനത്തില്‍ കടുവയും കണ്ടാമൃഗവും ആനയും മാനുമെല്ലാമുണ്ട്!

മരങ്ങള്‍ നട്ടു തുടങ്ങി 12വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യം അതിഥികളായെത്തിയത് ദേശാടന പക്ഷികളും കഴുകന്മാരുമായിരുന്നു. വൈകാതെ മുയലുകളും മാനുകളും എത്തി ഇവയെ ഭക്ഷണമാക്കാന്‍ മാംസഭുക്കുകളായ ജീവികളും എത്തിയതോടെ പയെങ് ഒരു ഹരിതചരിത്രം രചിക്കുകയായിരുന്നു. മക്കളെ പോലെ കരുതുന്ന സ്വന്തം വനത്തിലെ ജീവികളേയും മരങ്ങളേയും വനംകൊള്ളക്കാരില്‍ നിന്നം സംരക്ഷിക്കുന്ന ചുമതലകൂടി ഇപ്പോള്‍ പയെങിനാണ്. വന്യമൃഗങ്ങള്‍ ശല്യമാകുമെന്നും മരങ്ങള്‍ വെട്ടണമെന്നും ആവശ്യപ്പെട്ട നാട്ടുകാരോട് ആദ്യം തന്റെ ജീവനെടുക്കാനായിരുന്നു പയെങ് പറഞ്ഞത്. അടുത്തിടെ കണ്ടാമൃഗങ്ങളെ വേട്ടയാടാനുള്ള വനംകൊള്ളക്കാരുടെ ശ്രമം പരാജയപ്പെട്ടത് പയാങ് കൃത്യമായി വിവരം വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയതിനാലായിരുന്നു.

മൊലായ് കാട് എന്നറിയപ്പെടുന്ന പയേങിന്റെ സ്വന്തം വനത്തില്‍ ഇപ്പോള്‍ ബംഗാള്‍ കടുവയും ഇന്ത്യന്‍ കണ്ടാമൃഗങ്ങളുമുണ്ട് മുയലുകളും കുരങ്ങുകളും മാനുകളുമെല്ലാം നൂറുകണക്കിന് വരും. വ്യത്യസ്ഥ ഇനങ്ങളില്‍ പെട്ട പക്ഷികളും ചിത്രശലഭങ്ങളുമെല്ലാം സര്‍വ്വസാധാരണമായിരിക്കുന്നു. മുള മാത്രം മുന്നൂറ് ഏക്കറിലേറെയാണ് പയാങ് വെച്ചുപിടിപ്പിച്ചിരിക്കുന്നത്. എല്ലാ വര്‍ഷവും നൂറിലേറെ ആനകള്‍ പയാങിന്റെ കാട് സന്ദര്‍ശിക്കാറുണ്ട്. ആറ് മാസത്തോളം ഇവിടെ കഴിയുകയും പിന്നീട് തിരിച്ചു പോവുകയും ചെയ്യും. പയാങിന്റെ കണക്കു പ്രകാരം പത്തിലേറെ ആനക്കുട്ടികളെ ഇവിടെവച്ച് പ്രസവിച്ചിട്ടുണ്ട്.

1979ല്‍ ആരംഭിച്ച പയെങിന്റെ ഒറ്റയാള്‍ വനവല്‍ക്കരണത്തെക്കുറിച്ച് 2008ല്‍ മാത്രമാണ് അസമിലെ വനം വകുപ്പ് അറിയുന്നതുതന്നെ. സമീപത്തെ ഒരു ഗ്രാമത്തില്‍ വലിയ തോതില്‍ നാശനഷ്ടങ്ങളുണ്ടാക്കിയ നൂറിലേറെ വരുന്ന ആനക്കൂട്ടം അപ്രത്യക്ഷമായത് തിരക്കിയെത്തിയപ്പോഴാണ് അവര്‍ ഈ പുതിയ വനം കാണുന്നത്. മണല്‍കാടായിരുന്ന പ്രദേശം കൊടുംകാടായി മാറിയത് അത്ഭുതത്തോടെയായിരുന്നു വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നോക്കിക്കണ്ടത്.

സമാനതകളില്ലാത്ത ഈ സേവനത്തിന് 2015ല്‍ രാജ്യം പത്മശ്രീ നല്‍കി പയെങിനെ ആദരിച്ചു. നിരവധി ഡോക്യുമെന്ററികളാണ് കാട് നട്ട ഈ മനുഷ്യനെക്കുറിച്ച് വന്നിട്ടുള്ളത്. ഇതില്‍ 2013ല്‍ വില്ല്യം ഡൊഗ്ലസ് മക്മാസ്റ്റര്‍ എടുത്ത ഫോറസ്റ്റ് മാന്‍ എന്ന ഡോക്യുമെന്ററി രാജ്യാന്തര തലത്തില്‍ ശ്രദ്ധേയമായി. 2014ലെ കാന്‍ ഫെസ്റ്റിവലില്‍ അമേരിക്കയില്‍ നിന്നുള്ള വളര്‍ന്നുവരുന്ന ഡോക്യുമെന്ററി നിര്‍മ്മാതാവിനുള്ള പുരസ്‌കാരം ഈ ഡോക്യുമെന്ററി സ്വന്തമാക്കി. 2012ല്‍ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാല ജാവെദ് പയാങിനെ ആദരിച്ചിരുന്നു.

മറ്റേതൊരു രാജ്യത്താണെങ്കിലും പയെങ് ലോകം ആദരിക്കുന്ന നായകനായി മാറിയേനേ എന്ന അസം അസിസ്റ്റന്റ് ഫോറസ്റ്റ് ഓഫീസര്‍ ഗുനിന്‍ സൈക്കിയയുടെ വാക്കുകള്‍ എത്ര സത്യം. അധികമാര്‍ക്കും അറിയാത്ത 52 കാരനായ ജാവെദ് പയാങ് എന്ന മനുഷ്യന്‍ ഗുവാഹത്തിയില്‍ നിന്നും 350 കിലോമീറ്റര്‍ ദൂരെയുള്ള ഉള്‍ഗ്രാമത്തില്‍ ഇന്നും മരങ്ങള്‍ നടുകയും സ്വന്തം കാടിനെ പരിപാലിക്കുകയും ചെയ്യുന്നു.

Your Rating: