Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

700കാരൻ ആൽമരത്തിന് ഡ്രിപ് ചികിത്സ

700-Year-Old Banyan Tree Image Credit: ANI

700 വയസ്സുള്ള ആൽമര മുത്തശ്ശനെ ജീവിതത്തിലേക്കു തിരിച്ചു കൊണ്ടുവരാനുള്ള കഠിനമായ പരിശ്രമത്തിലാണ് തെലുങ്കാനയിലെ ജനങ്ങൾ. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ആൽമരമാണ് കീടങ്ങളുടെ ആക്രമണത്താൽ മൃതപ്രായനായത്. മൂന്നേക്കറോളം സ്ഥലത്താണ് ഈ വമ്പൻ ആൽമരം പടർന്നു പന്തലിച്ച് കിടക്കുന്നത്. തെലുങ്കാനയിലെ മെഹബൂബാനഗർ ജില്ലയിലാണ് പില്ലാലമാരിയെന്ന് അറിയപ്പെടുന്ന ഈ ആല്‍മരം നിൽക്കുന്നത്. വിനോദസഞ്ചാരികളുടെ പ്രധാന ആകർഷണ കേന്ദ്രങ്ങളിലൊന്നാണ് ഈ ആൽമരം.

ഡിസംബറിൽ ആൽമരത്തിൽ ചിതലുകളുടെ ആക്രമണത്തെ തുടർന്ന് ശിഖരങ്ങൾ ഒടിഞ്ഞതോടെ ഇവിടേക്ക് പൊതുജനങ്ങളെ പ്രവേശിപ്പിക്കുന്നത് വിലക്കിയിരുന്നു. ഇത് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടതോടെ ആൽമരത്തിന് ചികിത്സയും തുടങ്ങി. ചിതലുകളെയും മറ്റു കീടങ്ങളേയും നശിപ്പിക്കാനായി രണ്ടു മീറ്റർ ഇടവിട്ട് മരുന്ന് ഡ്രിപ്പായി നൽകാൻ തുടങ്ങി. മരത്തിന്റെ ശിഖരങ്ങൾ കിഴിച്ചാണ് ഡ്രിപ് നൽകിയിരിക്കുന്നത്. ആൽമരം ഇതിനോട് മികച്ച രീതിയിൽ പ്രതികരിക്കുന്നുണ്ടെന്നും ആരോഗ്യം വീണ്ടെടുക്കുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

ഇതുകൂടാതെ വേരുകൾക്കു തുടർച്ചയായി വെള്ളം നൽകുകയും ചിതലുകളെ നശിപ്പിക്കാനായി കീടനാശിനിയും വെള്ളവും ചേർത്ത് വേരുകൾക്കിടയിലേക്ക് കൃത്യമായ ഇടവേളകളിൽ നൽകുകയും ചെയ്യുന്നുണ്ട്. ഭാരമുള്ള ശിഖരങ്ങളെ താങ്ങിനിർത്താനായി കോൺക്രീറ്റ് ഉപയോഗിച്ച് താങ്ങുനൽകാനും ആലോചനയുണ്ടെന്ന് ജി​ല്ലാ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ ചു​ക്ക ഗം​ഗ റെ​ഡ്ഡി അ​റി​യി​ച്ചു. കുറച്ചു ദിവസങ്ങൾക്കകം തന്നെ ആൽമര മുത്തശ്ശൻ ആരോഗ്യം വീണ്ടെടുക്കുമെന്നും അതിനു ശേഷം വീണ്ടും പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുമെന്നുമാണ് സൂചന. എന്നാൽ നിശ്ചിത അകലത്തിൽ നിന്നും മാത്രമേ ആൽമരത്തെ കാണാൻ ജനങ്ങളെ അനുവദിക്കുകയുള്ളൂ.