Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹിപ്പോകൾ ദിവസേന പുറന്തള്ളുന്നത് 8500കിലോ മാലിന്യം; മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു

x-default നാലായിരത്തിലധികം ഹിപ്പോകളാണ് മസായി മാറയിലുള്ളത്.

കൃഷിയിടങ്ങളില്‍ നിന്നുള്ള രാസവസ്തുക്കളും നഗരങ്ങളില്‍ നിന്നുള്ള മലിനജലവും നദികളെ വ്യാപകമായി മലിനീകരിക്കുന്നുവെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ കാലങ്ങളായി ചൂണ്ടിക്കാട്ടുന്നുണ്ട്. ഇത്തരം മാലിന്യങ്ങള്‍ നദികളിലെ ഓക്സിജന്റെ അളവ് കുറയ്ക്കുന്നത് നദീജിവികളെയും സാരമായി ബാധിക്കാറുണ്ട്. സമാനമായി ഒരു സംഭവമാണ് കെനിയയിലെ മസായി മാറയിലൂടെ ഒഴുകുന്ന നദികളിലെ മത്സ്യങ്ങളെ കൊല്ലുന്നത്. മനുഷ്യനിര്‍മ്മിത മാലിന്യമല്ല മറിച്ച് ഹിപ്പോകളുടെ മാലിന്യമാണ് ഇതിന് പിന്നിലെന്ന് മാത്രം. 

നാലായിരത്തിലധികം ഹിപ്പോകളാണ് മസായി മാറയിലുള്ളത്. നന്നായി ഭക്ഷണം കഴിക്കുന്ന ഹിപ്പോകള്‍ അതുപോലെ തന്നെ മാലിന്യവും പുറന്തള്ളുന്നുണ്ട്. കൂടാതെ മറ്റ് ജീവികളില്‍ നിന്ന് വ്യത്യസ്തമായി ഹിപ്പോകളുടെ മാലിന്യം മുഴുവന്‍ എത്തുന്നത് നദിയിലാണ്. ഒരു പക്ഷേ വെള്ളത്തില്‍ കൂടുതല്‍ സമയം ചിലവഴിക്കുന്ന ജീവികളില്‍ ഏറ്റവുമധികം മലമൂത്രവിസര്‍ജ്ജനം നടത്തുന്ന ജീവിയും ഹിപ്പോ ആയിരിക്കും. 

മറ്റ് പ്രദേശങ്ങളിലെ നദികളുമായി താരതമ്യം ചെയ്യുമ്പോള്‍ മസായി മാറയിലൂടെ ഒഴുകുന്ന നദികളില്‍ മത്സ്യത്തിന്റെ അളവ് വളരെ കുറവാണ്. ഈ കണ്ടെത്തലാണ് ഹിപ്പോകളുടെ സാന്നിധ്യവും മത്സ്യത്തിന്റെ കുറവും തമ്മിലുള്ള ബന്ധത്തെ താരതമ്യപ്പെടുത്തിയുള്ള പഠനത്തിലേക്ക് എത്തിച്ചതും. മസായി മാറയിലെ ഹിപ്പോകളുടെ എണ്ണം കൂടയതിനനുസരിച്ചാണ് മത്സ്യങ്ങളുടെ എണ്ണത്തിലും കുറവുണ്ടായതെന്ന് ഈ പഠനം പറയുന്നു. ഹിപ്പോകള്‍ സൃഷ്ടിക്കുന്ന മാലിന്യം മൂലം മത്സ്യങ്ങള്‍ക്ക് ജീവിതം സാധ്യമാകുന്നില്ല എന്നതാണ് ഈ പഠനം ചൂണ്ടിക്കാട്ടുന്നതും.

യേല്‍ സര്‍വ്വകലാശാലയിലെ ഗവേഷകരാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്. ദിവസേന 8500കിലോ മാലിന്യമാണ് ഹിപ്പോകള്‍ നദിയിലേക്ക് പുറന്തള്ളുന്നത്. 55 ഹിപ്പോകൂട്ടങ്ങളെയാണ് പഠനത്തിനായി ഗവേഷകര്‍ നിരീക്ഷിച്ചത്. ഇതില്‍ 49 ഹിപ്പോ കൂട്ടങ്ങളും നദികളില്‍ ഓക്സിജന്‍ കുറയ്ക്കാന്‍ കാരണമാകുന്നുവെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്. ഇത് മത്സ്യങ്ങളുടെ മരണശതമാനം 13 ഇരട്ടി വർധിപ്പിക്കുന്നു എന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. 

ആകെ  171 ഹിപ്പോ കൂട്ടങ്ങള്‍ മസായി മാറയില്‍ ഉണ്ടെന്നാണ് കണക്ക്. അതുകൊണ്ടു തന്നെ നൂറിലധികം ഹിപ്പോക്കൂട്ടങ്ങളും നദിയില്‍ മത്സ്യങ്ങള്‍ക്ക് ഹാനികരമാകുന്ന തരത്തിൽ മലിനീകരണം സൃഷ്ടിക്കുന്നുണ്ടെന്ന് ഗവേഷകര്‍ വിലയിരുത്തുന്നു. ഇതിനുള്ള പരിഹാരവും ഗവേഷകര്‍ നിര്‍ദ്ദേശിക്കുന്നു. ഹിപ്പോക്കൂട്ടങ്ങള്‍ സ്ഥിരമായി എത്തുന്ന നദീമേഖലകളില്‍ മണല്‍ചാക്കുകള്‍ ഉപയോഗിച്ച് ചെറിയ ഡാമുകള്‍ നിര്‍മ്മിക്കുക എന്നതാണ് ഇവര്‍ മുന്നോട്ട് വക്കുന്നത്. ഇതിലൂടെ ഹിപ്പോകളുടെ മാലിന്യം നദിയുടെ ഒഴുക്കില്‍ പെട്ട് കൂടുതല്‍ പ്രദേശത്ത് വ്യാപിക്കാതിരിക്കും. കെട്ടിക്കിടക്കുന്ന വെള്ളം പിന്നീട് ശുദ്ധീകരിക്കുകയു ചെയ്യാം. ഏതായാലും ചിലയിടങ്ങളില്‍ ഇത്തരത്തില്‍ ചെറു തടയണകള്‍ ഈ ഗവേഷക സംഘം തന്നെ നിര്‍മ്മിച്ചിട്ടുണ്ട്.