Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓസ്ട്രേലിയയിലേക്ക് കാണ്ടാമൃഗങ്ങള്‍ എത്തുമോ?

Rhinoceros

ഭൂമിയില്‍ ഇന്നു നിലനില്‍പ്പിനു വേണ്ടി ഏറ്റവുമധികം പോരാടുന്ന ജീവികളാണ് കണ്ടാമൃഗങ്ങള്‍. പ്രധാനമായും അഞ്ചിനം കാണ്ടാമൃഗങ്ങളാണ് ഇന്നുള്ളത്. രണ്ടെണ്ണം ആഫ്രിക്കയിലും, മൂന്നെണ്ണം ഏഷ്യയിലും. ഇതില്‍ തന്നെ ജാവന്‍ കാണ്ടാമൃഗങ്ങള്‍ കാടുകളില്‍ ഉണ്ടോ ഇല്ലയോ എന്നു പോലും അധികൃതരും ഗവേഷകരും ഇന്ന് വെളിപ്പെടുത്തുന്നില്ല. ജീവനോടെ ശേഷിക്കുന്നവ ആ കൂട്ടത്തില്‍ ഉണ്ടെങ്കില്‍ തന്നെ അവയുടെ നിലനില്‍പ്പ് പിന്നീട് അപകടത്തിലായേക്കും എന്നതാണ് ഇതിനു കാരണം.

കാണ്ടാമൃഗവേട്ടയും കള്ളക്കടത്തും തന്നെയാണ് ഈ ജീവികളുടെ നിലനില്‍പ്പ് വലിയ പ്രതിസന്ധിയിലേക്കെത്താന്‍ കാരണം. ഏഷ്യയിലേയും ആഫ്രിക്കയിലേയും രാജ്യങ്ങള്‍ ഈ കാണ്ടാമൃഗ വേട്ട തടയാനോ ഇവയെ സംരക്ഷിക്കാനോ ഫലപ്രദമായ രീതിയിൽ സാധിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് ഏഷ്യയിലെ മഴക്കാടുകളും ആഫ്രിക്കയിലെ പുല്‍മേടുകളുമുള്ള ഓസ്ട്രേലിയയിലേക്ക് കാണ്ടാമൃഗങ്ങളെ എത്തിക്കുന്നതിനെക്കുറിച്ച് വന്യമൃഗ സംരക്ഷണ സംഘടനകള്‍ ആലോചിക്കുന്നത്.

ചൈനയിലേക്കാണ് നിലവില്‍ ഏറ്റവുമധികം കാണ്ടാമൃഗങ്ങളുടെ ശരീരഭാഗങ്ങള്‍ കള്ളക്കടത്തിലൂടെയെത്തുന്നത്. ആഫ്രിക്കയിലെ പല രാജ്യങ്ങളിലെയും ചൈനീസ് നയതന്ത്ര ഉദ്യോഗസ്ഥര്‍ പോലും ഈ കള്ളക്കടത്തിനു പിന്നിലുണ്ട്. നിലവില്‍ കാണ്ടാമൃഗങ്ങള്‍ ഉള്ള രാജ്യങ്ങളില്‍ ഇന്ത്യയ്ക്ക് മാത്രമാണ് ഭേദപ്പെട്ട രീതിയില്‍ കാണ്ടാമൃഗ വേട്ടയെ പ്രതിരോധിക്കാനാകുന്നത്. എന്നിട്ടും വര്‍ഷത്തില്‍ പത്തിലധികം കാണ്ടാമൃഗങ്ങള്‍ ഇവിടെ വേട്ടയാടപ്പെടുന്നുണ്ട്.

വന്യമൃഗ സംരക്ഷണത്തില്‍ ശക്തമായ നിലപാടെടുക്കുന്ന ഓസ്ട്രേലിയ കംഗാരു സംരക്ഷണത്തിലുള്‍പ്പെടെ ഈ വിഷയത്തിലുള്ള തങ്ങളുടെ വൈദഗ്ധ്യം തെളിയിച്ചിട്ടുള്ളതുമാണ്. വംശനാശ ഭീഷണി നേരിട്ടിരുന്ന കംഗാരുക്കളും ഓസ്ട്രേലിയയിലെ ഒട്ടകങ്ങളും ഇന്ന് വന്ധ്യകരണത്തിന് വിധേയരാവുകയാണ്. ഈ സാഹചര്യത്തിലാണ് സുരക്ഷിത താവളം എന്ന നിലയില്‍ കാണ്ടാമൃഗങ്ങളെയും ഓസ്ട്രേലിയയിലേക്ക് എത്തിക്കുന്നതിനേക്കുറിച്ച് ഗൗരവമായി ആലോചിക്കുന്നത്.

അതേസമയം ഇത് അത്ര എളുപ്പമാകില്ല. വിവിധ സംഘടനകള്‍ ഈ ശ്രമത്തിന് തയ്യാറാണെങ്കിലും ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല. ഓസ്ട്രേലിയയുടെ തനതായ ജൈവവ്യവസ്ഥക്കും മനുഷ്യര്‍ക്കും കാണ്ടാമൃഗങ്ങള്‍ ഒരു ബാധ്യതയോ ഭീഷണിയോ ആകില്ലെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. ഒപ്പം കൃത്യമായ ഫണ്ടിംഗ് ഉറപ്പാക്കി കാണ്ടാമൃഗ സംരക്ഷണം ആസ്ട്രേലിയന്‍ സര്‍ക്കാറിന് സാമ്പത്തിക ഭാരമാകില്ലെന്ന് കൂടി ഉറപ്പാക്കേണ്ട ഉത്തരവാദിത്ത്വവും ഈ അന്താരാഷ്ട്ര എന്‍.ജി.ഒ കള്‍ക്കാകും. 

ഓസ്ട്രേലിയന്‍ റൈനോ പ്രൊജക്ട് എന്ന് പേരിട്ടിട്ടുള്ള സംഘം ഏതായാലും ഈ ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടു വയ്പുകള്‍ ആരംഭിച്ച് കഴിഞ്ഞു. ഓസ്ട്രേലയിയേക്ക് കാണ്ടാമൃഗങ്ങളെ എത്തിച്ചു സംരക്ഷിക്കുക എന്നത് ശ്രമകരമായ ദൗത്യമാണെന്ന് ഇവര്‍ സമ്മതിക്കുന്നു. എന്നാല്‍ അതിനേക്കാള്‍ ശ്രമകരമാണ് മറ്റ് രാജ്യങ്ങളില്‍ കാണ്ടാമൃഗങ്ങളെ സംരക്ഷിക്കുക എന്നത്. അതിനാല്‍ തന്നെ ആദ്യ ദൗത്യം തന്നെയാകും കാണ്ടാമൃഗങ്ങള്‍ക്കും ഗുണം ചെയ്യുക എന്നതാണ് ഇവരുടെ നിലപാട്.