Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാലക്കാട്ട് അപൂർവ മഴ; കാരണം തേടി വിദഗ്ധർ

rain-palakkad-2

മറ്റിടങ്ങളിൽ പെരുമഴക്കാലവും വൻകെടുതികളും ഉണ്ടാകുമ്പേ‍ാഴും കാര്യമായ പരുക്കില്ലാതെ നിന്ന പാലക്കാട്ട് ഇത്തവണ എന്താണു സംഭവിക്കുന്നത്? കെ‍ാടുംചൂട് മുഖമുദ്രയായ ജില്ലയിൽ, പാലക്കാട് താലൂക്ക് കേന്ദ്രീകരിച്ചുണ്ടായ മിന്നൽപ്രളയം, ഇടവപ്പാതിയിലെ അസാധാരണ പേമാരി എന്നിവയുടെ കാരണം അന്വേഷിക്കുകയാണു കാലാവസ്ഥ–പരിസ്ഥിതി വിദഗ്ധർ. മഴയുടെ വിതരണം, രീതി എന്നിവയിലെ ഏതു മാറ്റവും പ്രദേശത്തിന്റെ സാമൂഹിക–കാർഷിക ജീവിതത്തെ താറുമാറാക്കും. കാലവർഷക്കാലത്തുപേ‍ാലും ആവശ്യത്തിനു മഴ ലഭിക്കാത്ത മേഖലയിലാണു ചരിത്രത്തിൽ ഇല്ലാത്തവിധം വേനൽ മഴയും തുടർച്ചയായി പെരുമഴക്കാലവും ഉണ്ടായത്. ദിവസങ്ങളേ‍ാളം മാനം ഇരുണ്ടുമൂടിക്കെട്ടിയ ആകാശവും തുള്ളിക്കെ‍ാരു കുടം മഴയും പാലക്കാട്ടുകാർക്കു തീരെ പരിചയമില്ല.

Rain Havoc - Palakkad

കണക്കുകൂട്ടലുകൾക്കപ്പുറം പശ്ചിമഘട്ടത്തിന്റെ വിടവായ പാലക്കാടൻ ചുരം ഉൾപ്പെടുന്ന വാളയാർ–മലമ്പുഴ അകമലവാരം പ്രദേശത്തെ അന്തരീക്ഷത്തിലുണ്ടായ അസാധാരണ പ്രതിഭാസമാണ് ഇടുക്കി, വയനാട് ജില്ലകളിലെ മഴയ്ക്കു സമാനമായ കാലവർഷത്തിനു പിന്നിലെന്നാണു നിഗമനം. നാളിതുവരെ ഈ മേഖലയിലൂടെ കടന്നുപേ‍ാകാത്ത കാലവർഷക്കാറ്റ് ഇത്തവണ ഉയർന്ന തലത്തിൽ വാളയാർ മേഖലയിലൂടെ വൻതേ‍ാതിൽ തുടർച്ചയായി എത്തുന്ന അസാധാരണ സാഹചര്യമാണ് ഇപ്പോഴത്തേത്.

പാലക്കാടിനെ സംബന്ധിച്ച് ഇത് അതീവ ഗൗരവമായി കാണേണ്ട മാറ്റമാണെന്നു യൂറേ‍ാപ്യൻ സ്പേസ് ഏജൻസി പ്രേ‍ാജക്ട് ഒ‍ാഫിസർ ഡേ‍ാ. എം.കെ.സതീഷ് കുമാർ മനേ‍ാരമയേ‍ാടു പറഞ്ഞു. വൻതേ‍ാതിൽ നീരാവി നിറഞ്ഞ മേഘങ്ങളാണ് എത്തുന്നതെന്ന് അദ്ദേഹം നിരീക്ഷിക്കുന്നു. അറബിക്കടലിൽ നിന്ന് എത്തുന്ന തണുത്തകാറ്റും തമിഴ്നാട്ടിൽ നിന്നെത്തുന്ന ഉഷ്ണക്കാറ്റും നേർക്കുനേർ എത്തിയതേ‍ാടെ കാർമേഘങ്ങൾ അകമലവാരംമലയ്ക്കു മുകളിൽ പെയ്തെ‍ാഴിയേണ്ട സ്ഥിതിയായി.

Rain Havoc - Palakkad

മാർച്ചിലെ വേനൽ മഴയിലും മേഖലയിൽ മഴക്കാല അന്തരീക്ഷമായിരുന്നു. ജൂൺ ഒന്നു മുതൽ ഇടവപ്പാതിയിൽ ഇടവേളയില്ലാതെയാണു മഴപെയ്യുന്നത്. കനത്ത മഴയിലും മുഴക്കത്തേ‍ാടെ ഇടിയും മിന്നലും ഉണ്ടായതു മാറ്റത്തിന്റെ വ്യക്തമായ സൂചനയാണെന്നു കെ‍ാച്ചി സർവകലാശാല റഡാർ ഗവേഷണകേന്ദ്രം ശാസ്ത്രജ്ഞൻ‌ ഡേ‍ാ. എം.ജി.മനേ‍ാജ് പറഞ്ഞു. മഴയുടെ കണക്കെടുപ്പിൽ മാത്രം ഒതുങ്ങാത്ത, ഗൗരവമായ പഠനം വേണ്ട വിഷയമാണിത്. പ്രതിഭാസം എല്ലാ വർഷവും ആവർത്തിക്കുമേ‍ാ എന്നതും ജില്ലയെ സംബന്ധിച്ച് അതീവ ഗൗരവമായ വിഷയമാണ്.