Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അതിതീവ്ര മഴ; പ്രളയത്തിൽ മുങ്ങി മൂന്നാർ

Munnar Flood

അതിതീവ്ര മഴയ്ക്കു പിന്നാലെ മാട്ടുപ്പെട്ടി അണക്കെട്ടിന്റെ മൂന്നു ഷട്ടറുകളും ഉയർത്തിയതോടെ മൂന്നാർ പ്രളയത്തിൽ മുങ്ങി. 1924ലെ പ്രളയത്തെ അനുസ്മരിപ്പിക്കുന്ന രീതിയിലായിരുന്നു മൂന്നാർ ടൗണിലും പഴയ മൂന്നാറിലും ഇന്നലെ വെള്ളം കയറിയത്. ആനമുടിയുടെ താഴ്‌വാരങ്ങളിലുണ്ടായ അതിശക്തമായ മഴയും നയമക്കാട് ഭാഗത്തെ ഉരുൾപൊട്ടലുമാണു വെള്ളപ്പൊക്കത്തിനു പ്രധാന കാരണമായത്. ആലമുടിയുടെ താഴ്‍വാരങ്ങളിൽ ഉണ്ടായ ശക്തമായ മഴയിൽ കന്നിയാറും നല്ലതണ്ണിയാറും കരകവിഞ്ഞു. ഇതിനിടെ മാട്ടുപ്പെട്ടി ഡാം തുറക്കുക കൂടി ചെയ്തതാണ് വെള്ളപ്പൊക്കത്തിന്റെ ആക്കം കൂട്ടിയത്.

munnar-rain-water

.ഇന്നലെ രാവിലെ ഒൻപതിനാണു മാട്ടുപ്പെട്ടി ഡാമിലെ മൂന്നു ഷട്ടറുകളിലൊന്ന് ഉയർത്തിയത്. തുടർന്ന് രണ്ടാമത്തെ ഷട്ടർ 12നും, മൂന്നാമത്തെ ഷട്ടർ രണ്ടിനും തുറന്നു. ഇതോടെ സെക്കൻഡിൽ 32,000 ലീറ്റർ വെള്ളമാണു പുറത്തേക്കൊഴുകിയത്. 1599.59 മീറ്റർ ആണ് അണക്കെട്ടിന്റെ പരമാവധി സംഭരണ ശേഷി. ഇന്നലെ ജലനിരപ്പ് ഈ നിരപ്പിലെത്തിയപ്പോഴാണു ഡാം ഷട്ടറുകൾ ഉയർത്തിയത്. പഴയ മൂന്നാർ ഭാഗത്ത് ടൗണിലേക്ക് വെള്ളം കയറിയതോടെ ഹെഡ് വർക്ക്സ് ഡാമിന്റെ രണ്ടു ഷട്ടറുകൾ ഉയർത്തിയെങ്കിലും ജലനിരപ്പ് കുറഞ്ഞില്ല

munnar-flood1

രാജമല മേഖലയിലുണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് വൈകിട്ട് മൂന്നോടെ കന്നിയാറിലുണ്ടായ മലവെള്ളപ്പാച്ചിലാണ് മൂന്നാർ ടൗണിനെ പ്രളയത്തിലാഴ്ത്തിയത്. ശക്തമായ മഴ വൈകിയും തുടരുകയാണ്. പഴയ മൂന്നാറും മൂന്നാർ ടൗണിലെ ആറിനോട് ചേർന്നിട്ടുള്ള പല വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി. ലക്ഷക്കണക്കിനു രൂപയുടെ നഷ്ടമുണ്ടായി. വൈകിട്ട് നാലോടെ മൂന്നാർ ടൗണിലെ പഴയ കടകളെല്ലാം പൊലീസ് ഇടപെട്ട് അടപ്പിച്ചു. സ്ഥലത്തുണ്ടായിരുന്നവരെ വീടുകളിലേക്ക് തിരിച്ചയച്ചു.

Munnar Flood

പഴയ മൂന്നാർ വഴിയുള്ള ഗതാഗതം പൂർണമായും നിർത്തിവച്ചു. പഴയ മൂന്നാറിൽതന്നെ സൈന്യത്തിന്റെ ഒരു പ്രത്യേക സംഘം സേവനരംഗത്തുണ്ട്. പഴയ മൂന്നാർ ചൊക്കനാട് റോഡിൽ 12 തൊഴിലാളി കുടുംബങ്ങളെ ദുരിതാശ്വാസ ക്യാംപിലേക്ക് മാറ്റി. കണ്ണൻദേവൻ കമ്പനിയുടെ വർക് ഷോപ്പ് ക്ലബ്ബിലാണ് ഇവരെ പാർപ്പിച്ചിരിക്കുന്നത്. കൊച്ചി–ധനുഷ്കോടി ദേശീയ പാതയിൽ മൂന്നാർ ഗവ. കോളജിനു സമീപം മലയിടിച്ചിലിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. ദേശീയ പാതയിൽ നവീകരണത്തിന്റെ ഭാഗമായി നിർമിച്ച സംരക്ഷണ ഭിത്തിയും തകർന്നിട്ടുണ്ട്. നല്ലതണ്ണി ആറും കരകവി‍ഞ്ഞ് ഒഴുകുന്നതിനാൽ ഒട്ടേറെ വീടുകളും വ്യാപാര സ്ഥാപനങ്ങളും വെള്ളത്തിലാണ്. മാട്ടുപ്പെട്ടിയിലും മൂന്നാറിലും എത്തിയ പലരും വെള്ളപ്പൊക്കത്തിൽ കുടുങ്ങി.