Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇടുക്കിയിൽ ഭൂമി വിണ്ടുകീറുന്നു; ജനം ആശങ്കയിൽ!

Crack in the Road ബഥേൽ നാലുതൂണിനു സമീപം റോഡ് വിണ്ടുകീറിയ നിലയിൽ

മഴക്കെടുതിയെത്തുടർന്ന് ഇടുക്കി ജില്ലയിൽ പലയിടത്തും ഭൂമി വിണ്ടുകീറുന്നു. ജനം ആശങ്കയിൽ. നെടുങ്കണ്ടം, അടിമാലി, കട്ടപ്പന, മാങ്കുളം മേഖലകളിലാണ് ഇതു കൂടുതലും. മഴക്കെടുതിയെ തുടർന്നു മലയിടിച്ചിൽ മുതൽ ഭൂമി വിണ്ടുകീറുന്നതും കുഴൽക്കിണറുകളിൽനിന്നു പുറത്തേക്കു ജലം തള്ളുന്നതും പോലുള്ള സംഭവങ്ങൾ വരെയാണ് ഉണ്ടായത്. കൂറ്റൻ മലകളുടെ ഭാഗങ്ങൾ ഇടിഞ്ഞു താഴ്‌വരകൾ രൂപപ്പെട്ടു. പല സ്ഥലങ്ങളിലും പുതിയ നീരുറവകളും തോടുകളും ഉണ്ടായി. ഉരുൾപൊട്ടലിനോട് അനുബന്ധിച്ചാണു പല സ്ഥലങ്ങളിലും ഇത്തരം മാറ്റങ്ങൾ സംഭവിച്ചത്. മാവടിയിൽ ഭൂമി വിണ്ടുകീറി.

വാത്തിക്കുടി, ഇരട്ടയാർ, പാമ്പാടുംപാറ, നെടുങ്കണ്ടം പഞ്ചായത്തുകളുടെ പരിധിയിലാണ് അനവധി മേഖലകളിൽ ഭൂമി വിണ്ടുകീറി മാറിയിരിക്കുന്നത്. വീടുകൾ, റോഡുകൾ, കൃഷിയിടങ്ങൾ തുടങ്ങിയവയെല്ലാമാണ് ഇത്തരത്തിൽ നശിച്ചത്. ചിലയിടങ്ങളിൽ ഓരോദിവസം കഴിയുന്തോറും വിണ്ടുകീറിയ ഭാഗം കൂടുതലായി അകലുന്നത് ഭീതി വർധിപ്പിക്കുന്നു. 

ഇടിഞ്ഞമല, ബഥേലിനു സമീപം നാലുതൂണ്, പെരിയാർവാലി രാജപുരം, കൊച്ചുകാമാക്ഷി, മാവടി, വലിയതോവാള തുടങ്ങിയ സ്ഥലങ്ങളിലാണ് ഭൂമി കൂടുതലായി വിണ്ടുകീറിയിരിക്കുന്നത്. ഇത്തരം സ്ഥലങ്ങളിലെ വീടുകൾ വേർപെട്ട് ഏതുനിമിഷവും നിലംപൊത്താവുന്ന സ്ഥിതിയിലാണ്. ഇത്തരം സ്ഥലങ്ങൾ വാസയോഗ്യമല്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഭൂമി വിണ്ടു കീറി മാറിയതിനാൽ പല ഗ്രാമീണ റോഡുകളിലൂടെയും ഗതാഗതം പൂർണമായി നിലച്ചിരിക്കുകയാണ്. 

Crack in the Road ഇടിഞ്ഞമല-കൊച്ചുകാമാക്ഷി റോഡ് പൊട്ടിക്കീറി വേർപെട്ട നിലയിൽ

ഇടിഞ്ഞമല-കൊച്ചുകാമാക്ഷി ടാറിങ് റോഡ് പൊട്ടിക്കീറി വേർപെട്ട നിലയിലാണ്. ഇതിനു സമീപത്തെ വലിയ മൺതിട്ട ഇടിയുകയും ചെയ്തിട്ടുണ്ട്. ആഴ്ചകൾ പിന്നിട്ടാലും ഇതുവഴി ഗതാഗതം അസാധ്യമാണെന്നാണ് നിലവിലെ വിലയിരുത്തൽ. ഇത് പല മേഖലകളും ഒറ്റപ്പെട്ടു തുടരാൻ കാരണമായിട്ടുണ്ട്.

ഭൂമി വിണ്ടുകീറിയ മാവടിക്കു സമീപം 15 സ്ഥലങ്ങളിലാണ് ഉരുൾപൊട്ടലുണ്ടായത്. 30 ഏക്കർ കൃഷിഭൂമി നശിച്ചു. മാവടി, കാരിത്തോട്, പൊന്നമല 40 ഏക്കർ, ഇന്ദിര നഗർ, കാലാക്കാട്, പുതുവൽ, കൈലാസം എന്നിവിടങ്ങളിലാണു ഭൂമി വിണ്ടുകീറിയതിനു പിന്നാലെ ഉരുൾപൊട്ടലും ഉണ്ടായത്. മാവടി മേഖലയിൽ രണ്ടു കിലോമീറ്റർ ദൂരത്തിൽ ഭൂമിക്കു വിള്ളലുണ്ടായതാണു ഗുരുതരമായ സംഭവം. മാവടിയിലുണ്ടായ അപൂർവ പ്രതിഭാസത്തിൽ ആശങ്കയിലായത് അയിരക്കണക്കിനു കുടുംബങ്ങൾ. മേഖലയിൽ പഠനം നടത്തണമെന്ന ആവശ്യം ശക്തമായി. മഴ കനത്ത ദിവസങ്ങളിലാണു ഭൂമിക്കു വിള്ളൽ രൂപപ്പെട്ടത്. കൃഷിയിടങ്ങളുടെ നടുവിലൂടെയാണു വിള്ളൽ കടന്നുപോയിരിക്കുന്നത്. ഈ പ്രദേശങ്ങളിൽ ഭൂമി താഴ്ന്നതായും നാട്ടുകാർ പറയുന്നു.

ഭൂമി വിണ്ടുകീറിയതിനെ തുടർന്ന് ഒരു വലിയ വീടാണു ഭൂമിക്കടിയിലേക്കു താഴ്ന്നത്. മാവടി പള്ളിപ്പടി തേനമാക്കൽ അപ്പച്ചന്റെ വീടാണു ഭൂമിയുടെ വിള്ളൽ വർധിക്കുന്നത് അനുസരിച്ച് നിലംപൊത്താറായത്. ഒരുനില പൂർണമായും ഭൂമിക്കടിയിലായി. ചുറ്റുമുള്ള പ്രദേശങ്ങൾ വിണ്ടുകീറിയനിലയിലാണ്. രണ്ടു കിലോമീറ്ററിൽ അധികം പ്രദേശമാണ് ഭൂമി പിളർന്നു മാറിയിരിക്കുന്നത്. മാവടി കുഴികൊമ്പ് ഭാഗത്ത് രണ്ടാൾ താഴ്ചയിൽ ഭൂമി ഇടിഞ്ഞുതാഴ്ന്നനിലയിലാണ്. പല പ്രദേശങ്ങളിലെയും മൺഭിത്തികൾ തകർന്നുവീണുകൊണ്ടിരിക്കുകയാണ്. ഇതോടെ പ്രദേശവാസികൾ പരിഭ്രാന്തിയിലാണ്.

മാവടി, കുഴികൊമ്പ്, പള്ളിസിറ്റി, അമ്പലക്കവല, കാമാക്ഷി ഡാം എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണു ഭൂമിക്കു വിള്ളൽ. പ്രദേശത്ത് ഇത്തരത്തിൽ ഭൂമി ഇടിഞ്ഞു താഴുന്ന പ്രക്രിയ എന്തു കാരണത്താലാണെന്നു കണ്ടെത്തേണ്ടതാണെന്നും വിദഗ്ധരായ ഭൗമശാസ്ത്രവിദഗ്ധരെ വരുത്തി കൂടുതൽ പരിശോധനയ്ക്കു വിധേയമാക്കണമെന്നും പ്രകൃതിക്ഷോഭ നിർമാർജ്ജന യോഗത്തിൽ നെടുങ്കണ്ടം പഞ്ചായത്തിലെ ജനപ്രതിനിധികൾ ആവശ്യപ്പെട്ടിരുന്നു. മാവടിയിൽ ഭൂമിയുടെ വിണ്ടുകീറൽ ജിയോളജി വകുപ്പ് പരിശോധിക്കും‌ം.

മാവടിയിലുണ്ടായ അപൂർവ പ്രതിഭാസത്തെക്കുറിച്ചു ജിയോളജി സർവേ ഓഫ് ഇന്ത്യ പഠനം നടത്തും. ഉടുമ്പൻചോല തഹസിൽദാർ പി.എസ്.ഭാനുകുമാറിന്റെ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലാണു നടപടി. മാവടിയിൽ ഭൂമി കിലോമീറ്ററുകളോളം വിണ്ടുകീറിയതിനെക്കുറിച്ചു തഹസിൽദാർ ജില്ലാ ഭരണകൂടത്തിനു റിപ്പോർട്ട് നൽകിയിരുന്നു. ജില്ലാ ഭരണകൂടത്തിന്റെ ഇടപെടലിനെ തുടർന്നാണു സ്ഥലത്ത് ജിയോളജി സർവേ ഓഫ് ഇന്ത്യ പരിശോധന നടത്താനെത്തുന്നത്. ഫയർഫോഴ്സിന്റെ പരിശോധന.

ചെക് ഡാമിനു സമീപത്താണു മാവടിയിൽ ഭൂമിയിൽ വിള്ളൽ രൂപപ്പെട്ടത്. ഡാമിന്റെ നിർമാണമാണു ഭൂമി ഇടിഞ്ഞു താഴ്ന്നതിനു കാരണമെന്നും നാട്ടുകാർ ആരോപിച്ചു. സ്ഥലത്ത് അപകടകരമായ സ്ഥിതിയെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിൽ മാവടി കാമാക്ഷിവിലാസത്തെ സ്വകാര്യ ഏലത്തോട്ടം ഉടമയുടെ ചെക്ക് ഡാം നെടുങ്കണ്ടം ഫയർഫോഴ്സ് ഉദ്യോഗസ്ഥരുടെ വിദഗ്ധ സംഘം പരിശോധിച്ചു.

ചെക്ക് ഡാമിന്റെ വാൽവുകൾ തുറന്നുവിടുവാൻ സാധിക്കാത്തതിനാൽ വെള്ളം ചെക്ക് ഡാം കവിഞ്ഞ് ഒഴുകുകയാണെന്നും തൽസ്ഥിതി തുടർന്നാൽ അപകടാവസ്ഥയിലാകുമെന്ന നാട്ടുകാരുടെ പരാതി ഉയർന്നിരുന്നു. ഭൂമി ഇടിഞ്ഞു താഴ്ന്നതോടെ ചെക് ഡാമിന്റെ ഷട്ടറുകൾ ജാമായി. ഡാമിന്റെ ഭിത്തിയിൽ വിള്ളൽ രൂപപ്പെട്ടു ചോർച്ചയുള്ളതായും നാട്ടുകാർ ആരോപിച്ചു. നെടുങ്കണ്ടം പഞ്ചായത്തിലെ മഴക്കെടുതി അവലോകനയോഗത്തിലും ഈ പ്രശ്‌നം ഉയർന്നുവന്നിരുന്നു. തുടർന്നാണു പരിശോധന നടന്നത്. നിലവിൽ ഒരു വാൽവ് വഴി മാത്രമാണു വെള്ളം പുറത്തേക്കു പോയിക്കൊണ്ടിരിക്കുന്നത്.

ഇതു കൂടാതെ കൂടുതൽ മോട്ടോറുകൾ ഉപയോഗിച്ചു വെള്ളം പുറത്തേക്ക് ഒഴുക്കിക്കളയാനുള്ള നടപടികൾ സ്വീകരിക്കണമെന്നു തോട്ടം അധികൃതർക്ക് ഫയർഫോഴ്സ് നിർദേശം നൽകി. അസിസ്റ്റന്റ് സ്‌റ്റേഷൻ ഓഫിസർ ഷാജി പി. നായർ, ലീഡിങ് ഫയർമാൻ സുനിൽകുമാർ, ഫയർമാൻമാരായ റിന്റു ജോസഫ്, അരുൺകുമാർ, സരൺ, ഹോംഗാർഡ് സോമൻ, സദാനന്ദൻ, എം.സി. സന്തോഷ്കുമാർ എന്നിവരാണു ചെക്ക് ഡാം സന്ദർശിച്ച‌ു സ്ഥിതിഗതികൾ വിലയിരുത്തിയത്. 

മാവടിയിലുണ്ടായത് സോയിൽ പൈപ്പിങ്?

∙ മാവടിയിൽ ഭൂമി വിണ്ടുകീറിയതിനുള്ള കാരണം സോയിൽ പൈപ്പിങ് (ഭൂമിക്കടിയിലെ മണ്ണൊലിപ്പ്) പ്രതിഭാസമാണോയെന്നു സംശയം. ഭൂമി പിളരാനുള്ള കാരണം ഭൂമിക്കടിയിലെ മണ്ണൊലിപ്പാണെന്ന സംശയം നിലവിലുണ്ട്. ഇത്തരം പ്രദേശങ്ങളിൽ വീടുവയ്‌ക്കുമ്പോൾ ശ്രദ്ധിക്കണം. കിണറുകളെയും ഇതു ബാധിക്കും. പ്രദേശത്തെ പലഭാഗങ്ങളെയും ഈ പ്രതിഭാസം ബാധിച്ചിട്ടുണ്ട്. സമീപത്തെ റോഡ്പോലും ഭീഷണി നേരിടുന്നു. ഭൂമിക്കു മൂന്നുതരം പാളികളാണുള്ളത്. ചെങ്കൽ, കളിമണ്ണ്, പാറ എന്നിവയാണവ. കളിമണ്ണ് ഇല്ലാതാകുന്നതോടെ ചെങ്കൽപാളികൾ വിടരുകയും ഭൂമി താഴുകയും ചെയ്യുന്നതാണ് ഇത്തരം സംഭവങ്ങൾക്കു കാരണം. സമീപകാലത്തു മലപ്പുറത്ത് ഭൂമി വിണ്ടുകീറിയിരുന്നു.