Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രളയം കുത്തിയിളക്കി; 1600 വർഷം പഴക്കമുള്ള ഫോസിലുകൾ

വർഗീസ് സി. തോമസ്
Fossil Wood

പ്രളയജലം ഒഴുകി അടിത്തട്ട് തെളിഞ്ഞതോടെ പമ്പാനദിയിൽ നിന്ന് ഉയർന്നു വന്ന തടിയുടെ അവശിഷ്ടങ്ങൾ 1600 വർഷം വരെ പഴക്കമുള്ള സബ് ഫോസിലുകളെന്ന് ദേശീയ ഭൗമശാസ്ത്ര പഠന കേന്ദ്രത്തിലെ (എൻസെസ്) ഗവേഷകർ. 

ശക്തമായ ഒഴുക്കിൽ നദിയുടെ അടിത്തട്ട് മൂന്നും നാലും മീറ്റർ വരെ ഇളകിപ്പോയതോടെയാണ് ഭൂഗർഭത്തിൽ സംസ്കരിക്കപ്പെട്ട തടിയുടെ ഫോസിൽ രൂപം പുറത്തുവന്നതെന്ന് എൻ സെസ് ഗവേഷകൻ ഡോ. ഡി. പദ്മലാൽ പറഞ്ഞു. ഇത്രയും നീണ്ട കാലം എക്കലിൽ മൂടി കിടന്നിരുന്നതിനാൽ കൽക്കരിയായി മാറുന്നതിനു തൊട്ടുമുമ്പുള്ള പീറ്റ് ഫോസിലായി തടി മാറിയിട്ടുണ്ട്. 

രണ്ടായിരം വർഷം മുമ്പ് കേരളത്തിന്റെ പല ഭാഗങ്ങളും കടൽ കയറിയും വെള്ളം മൂടിയും കിടന്നിരുന്നു എന്ന ശാസ്ത്രനിഗമനത്തിന് തെളിവാണിത്. അന്ന് പുഴകൾ പല ചാലുകളായി ഒഴുകി. ഇതിന്റെ കര പ്രദേശങ്ങൾ ഘോരവനങ്ങളായിരുന്നു. ഇപ്പോഴുള്ളതിന്റെ ഇരട്ടി മഴ പെയത് വനങ്ങളിലെ മരങ്ങൾ വൻതോതിൽ കടപുഴകി മണ്ണിനടിയിലായി. 

കിണർ കുഴിക്കുമ്പോൾ മണലും പഴയ മരങ്ങളും (കാണ്ടാമരം) കാണുന്നത് കൈവഴികൾ ഒഴുകിയിരുന്നതിനു തെളിവാണ്. അനേകം പ്രളയങ്ങൾ പിന്നിട്ട് നൂറ്റാണ്ടുകൾ കൊണ്ടാണ് പമ്പാനദിയും മണിമലയാറും ഇന്നത്തെ രീതിയിൽ ഒഴുകാൻ തുടങ്ങിയത്. 

പണ്ട് നദി ഒഴുകിയിരുന്ന പല പാലിയോ ചാലുകളും റിമോട്ട് സെൻസിങ് ഉപഗ്രഹ സാങ്കേതിക വിദ്യയിലൂടെ കണ്ടെത്തിയിട്ടുണ്ട്. ഇവിടെ വൻ മണൽനിക്ഷേപമുണ്ട്. പലതും ഇന്നു ജനവാസ മേഖലയാണ്. ഇത്തവണത്തെ മഹാപ്രളയത്തിൽ നദി അതിന്റെ പ്രാചീനമായ വഴികളെല്ലാം തിരിച്ചറിഞ്ഞ് തിരികെപിടിച്ചതു നമ്മെ ചിന്തിപ്പിക്കേണ്ടതാണെന്ന് ഡോ. പദ്മകുമാർ പറഞ്ഞു. ഏതാനും വർഷം മുമ്പ് ഓതറ മാമ്പറ്റ തറവാട്ടിലെ കിണർ കുഴിച്ചപ്പോൾ കിട്ടിയ പഴയ തടി കാർബൺ ഡേറ്റിങ് സാങ്കേതിക വിദ്യയിലൂടെ കാലഗണന ചെയ്തപ്പോൾ ഏകദേശം 1650 വർഷം മുമ്പ് മണ്ണിനടിയിൽ വീണ വനവൃക്ഷത്തിന്റെ ഭാഗമാണെന്ന് കണ്ടെത്തിയിരുന്നു. ഇനം ഏതെന്നു തിരിച്ചറിയാൻ കഴി‍ഞ്ഞില്ല. ഈ മരത്തിനു വംശനാശം സംഭവിച്ചിരിക്കാമെന്നാണ് നിഗമനം.