Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രളയ മേഖലയിലെ കിണർ വെള്ളത്തിൽ അമ്ലാംശം കൂടി, ഓക്‌സിജൻ കുറഞ്ഞു!

പ്രളയം ബാധിച്ച പ്രദേശങ്ങളിലെ കിണർ വെള്ളത്തിൽ അമ്ലഗുണം കൂടിയെന്നും ഓക്സിജന്റെ അളവു കുറഞ്ഞെന്നും പഠന റിപ്പോർട്ട്. ഒരു ലീറ്റർ വെള്ളത്തിൽ കുറഞ്ഞതു നാലു മില്ലിഗ്രാം ഓക്‌സിജൻ വേണമെന്നിരിക്കെ പ്രളയപ്രദേശങ്ങളിലെ കിണറുകളിൽനിന്നുള്ള സാംപിളുകളിലെ അളവു മൂന്നിനും താഴെയാണ്. പത്തനംതിട്ട, എറണാകുളം, കോട്ടയം ജില്ലകളിലെ 4348 കിണറുകളിലെ വെള്ളമാണു ഫിഷറീസ് സമുദ്ര പഠന സർവകലാശാലയിലെ സോയിൽ ആൻഡ് വാട്ടർ അനാലിസിസ് ലാബിൽ (കുഫോസ്) പഠനവിധേയമാക്കിയത്. കുടിക്കാൻ യോഗ്യമല്ലാത്ത വിധം കിണർ വെള്ളത്തിൽ അമ്ലാംശം കൂടിയെന്നു കണ്ടെത്തിയതായി പഠനത്തിനു നേതൃത്വം നൽകിയ കെമിക്കൽ ഓഷ്യനോഗ്രഫി വിഭാഗത്തിലെ ഡോ. അനു ഗോപിനാഥ് വ്യക്തമാക്കി.

6.5 മുതൽ 8.5 വരെ പിഎച്ച് മൂല്യം രേഖപ്പെടുത്തുന്ന വെള്ളമാണ് രാജ്യാന്തര– ദേശീയ നിലവാരത്തിൽ കുടിക്കാവുന്ന വെള്ളമായി കണക്കാക്കുന്നത്. പരിശോധിച്ച സാംപിളുകളിലെ പിഎച്ച് മൂല്യം നാലിനും ആറിനും ഇടയിലായിരുന്നു. എറണാകുളം ജില്ലയിൽ പെരിയാറിന്റെ കരയിൽ വ്യവസായമേഖലകളോടു ചേർന്ന പ്രദേശങ്ങളിലെ കിണറുകളിലാണ് അമ്ലഗുണം കൂടിയ അളവിൽ കണ്ടത്. വ്യവസായ മാലിന്യം താരതമ്യേന കുറവായ ചെങ്ങന്നൂർ മേഖലയിലെ സാംപിളുകളിൽ അമ്ലാംശം കുറഞ്ഞ തോതിലുമായിരുന്നു.

കിണറുകളിലെ ചെളിയുടെ തോതും ശരാശരി 30% കണ്ടു വർധിച്ചു. ഓക്‌സിജന്റെ അളവും പരിധിയില്ലാത്ത വിധം താഴ്ന്നു. ശേഖരിച്ച സാംപിളുകൾ രാസപരിശോധനയ്ക്കൊപ്പം മൈക്രോബയോളജി പരിശോധനയ്ക്കും വിധേയമാക്കിയപ്പോൾ 90% കിണറുകളിലും അനുവദനീയമായതിന്റെ പതിന്മടങ്ങ് ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യവും കണ്ടെത്തി. വെള്ളം നന്നായി ശുദ്ധീകരിച്ചശേഷം തിളപ്പിച്ച് ഉപയോഗിക്കുക, കിണറുകളിൽ ക്ലോറിനേഷനും സൂപ്പർക്ലോറിനേഷനും നടത്തുക, ഫിൽട്ടർ ചെയ്ത വെള്ളം ഉപയോഗിക്കുക എന്നീ പോംവഴികളാണു ഗവേഷകർ നിർദേശിക്കുന്നത്.

വൃത്തിയാക്കിയ മണലും ചിരട്ടക്കരിയും ചേർന്ന മിശ്രിതം കിഴികെട്ടി ആഴ്ചയിൽ നാലു ദിവസമെന്ന തോതിൽ വെള്ളത്തിൽ താഴ്ത്തി കിണർ ശുദ്ധീകരിക്കുന്ന പരമ്പരാഗത ഫിൽട്ടർ രീതിയും ഫലപ്രദമാണ്. ക്ലോറിനേഷനും സൂപ്പർക്ലോറിനേഷനും ഫിൽട്ടറിങ്ങും നടത്തിയ വെള്ളം ഉപയോഗിച്ചു തുടങ്ങിയ ശേഷവും പരിശോധന നടത്തണം. വൃത്തിയുള്ള കുപ്പിയിലെടുത്തു വെള്ളം രണ്ടു മണിക്കൂറിനകം എത്തിച്ചാൽ സർവകലാശാലയിൽ പരിശോധിക്കാനാകും. കുട്ടനാട്ടിലെ ജലത്തിനുണ്ടായ മാറ്റത്തെപ്പറ്റി പ്രത്യേക പഠനം നടത്താനും തീരുമാനിച്ചിട്ടുണ്ട്.