Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വീണ്ടും ഉരുൾ ഭീതിയിൽ മലയോരം

ശക്തമായ മഴയ്ക്കു സാധ്യതയുമായി ജില്ലയിൽ ‘യെല്ലോ അലർട്ട്’ പ്രഖ്യാപിച്ചതോടെ മലയോരം വീണ്ടും ഉരുൾ, മണ്ണിടിച്ചിൽ ഭീതിയിൽ. പുത്തൂർ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ കഴിഞ്ഞമാസമുണ്ടായ മണ്ണിടിച്ചിലിൽ വീടുകളിലേക്കു പതിച്ച മണ്ണും കല്ലും ഇനിയും നീക്കം ചെയ്തിട്ടില്ല. ഇതിനിടയിലാണ് മഴ പെയ്താൽ ഉണ്ടാകുമെന്നുറപ്പുള്ള മണ്ണിടിച്ചിൽ ഭീഷണി. ആദ്യ മഴയിൽ നനഞ്ഞു കുതിർന്ന മണ്ണ് ശക്തമായ മഴയുണ്ടായാൽ വീണ്ടും വീടുകളിലേക്ക് പതിക്കുമെന്നാണ് നാട്ടുകാരുടെ ഭീതി.

പുത്തൂർ പഞ്ചായത്തിലെ വെട്ടുകാട്, മരോട്ടിച്ചാൽ, മാന്ദാമംഗലം, മരുതുക്കുഴി, പുത്തൻകാട്, തമ്പുരാട്ടിമല തുടങ്ങിയ പ്രദേശങ്ങളിലെ മുപ്പതോളം വീടുകളിലാണ് കനത്ത മഴയിൽ ഓഗസ്റ്റ് 15ന് രാത്രി മണ്ണിടിഞ്ഞു വീണത്. പല വീടുകളിലും ഭിത്തിയിൽ താങ്ങിയാണ് മണ്ണും കല്ലും നിൽക്കുന്നത്. ചില വീടുകളിൽ ചുമരുകൾ വിണ്ടുകീറി. മഴ മാറി നിന്നതുകൊണ്ടാണ്, പലരും മണ്ണു നീക്കം പോലും  ചെയ്യാത്ത വീടുകളിൽ തുടർന്നത്. കനത്ത മഴയുടെ മുന്നറിയിപ്പും ജാഗ്രതാ നിർദേശവും ലഭിച്ചതോടെ എങ്ങോട്ട് പോകുമെന്നറിയാത്ത ആശങ്കയിലാണ് പല കുടുംബങ്ങളും. 

അന്ന് ഓഗസ്റ്റ് 15ന്

പ്രളയം തുടങ്ങിയ ഓഗസ്റ്റ് 15ന് അർധരാത്രിയോടെയാണ് ഈ പ്രദേശങ്ങളിൽ വലിയ പ്രകമ്പനമുണ്ടായത്. മലയോരത്തുള്ള വീടുകളിലേക്ക് ഉരുൾ പൊട്ടി മണ്ണും കല്ലും വന്നു പതിച്ചത് നാട്ടുകാരറിയുന്നത് പുലർച്ചെ. കൊളാംകുണ്ട് അങ്കണവാടിക്കു സമീപം ഒരു വീട് പൂർണമായി മണ്ണിടിച്ചിലിൽ തകർന്നു. മഴ കനത്തപ്പോൾ വീട്ടിലുണ്ടായിരുന്നവർ ബന്ധുവീടുകളിലേക്ക് മാറിയതിനാൽ വലിയ ദുരന്തം ഒഴിവായി. 

മറ്റൊരു വീടിന്റെ പിൻഭാഗം മണ്ണിടിച്ചിലിൽ പാടേ തകർന്നു. ജനലുകളും ഗ്രില്ലുകളും കല്ലുവീണ് പൊട്ടിച്ചിതറി. പാറക്കല്ലുകൾക്കൊപ്പം മണ്ണും ചെളിയും ഒഴുകിയെത്തി. ഈ വീട്ടുകാർ അയൽവീട്ടിലേക്കു മാറി രക്ഷപ്പെടുകയായിരുന്നു. അഞ്ഞൂറിലേറെ റബർ മരങ്ങൾ കാറ്റത്ത് ഒടിഞ്ഞും കടപുഴകിയും നശിച്ചു. ആഞ്ഞിലി, തേക്ക്, മാവ്, പ്ലാവ്, തെങ്ങ് തുടങ്ങിയവയും കാറ്റിൽ കടപുഴകി വീണു.

ഇടിഞ്ഞുവീണ ‌മണ്ണ് എന്തുചെയ്യും?

കുന്നിൽ നിന്നു വീടുകളിലേക്ക് ഇടിഞ്ഞുവീണ മണ്ണ് നീക്കം ചെയ്യാൻ കഴിയാതെ ആശങ്കയിലാണ് ഈ പ്രദേശങ്ങളിലെ പല കുടുംബങ്ങളും. മണ്ണു നീക്കം ചെയ്യാനായി മണ്ണു മാന്തിയോ മറ്റൊ എത്തിയാൽ ഉടൻ പല ചോദ്യങ്ങളാണ്. ‘എവിടേക്കാണ്  മണ്ണു കൊണ്ടുപോകുന്നത്? റോഡിലോ പുറമ്പോക്കിലോ മാറ്റിയിട്ടാൽ നടപടി വരില്ലേ? എന്നിങ്ങനെയായിരുന്നു ചോദ്യങ്ങൾ. ജില്ലാ  തലത്തിൽ റവന്യു ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന പ്രത്യേക സംഘം രൂപീകരിച്ചു മണ്ണു നീക്കം ചെയ്യാനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും ആവശ്യം. ഇതോടൊപ്പം മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശത്തെ കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റണമെന്നും ആവശ്യങ്ങളുണ്ട്.