Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പറഞ്ഞാൽ കേൾക്കാത്ത അയൽ ക്കാർ; മുഖം ‘മൂടി’ മഹാനഗരം

ഡൽഹി നഗരത്തിനു വീണ്ടും ശ്വാസം മുട്ടുന്നു. അന്തരീക്ഷത്തിൽ പൊടിനിറഞ്ഞതോടെ വായുവിന്റെ ഗുണനിലവാരം വീണ്ടും മോശമായി. ഇന്ന് അന്തരീക്ഷവായു ഏറെ മോശം അവസ്ഥയിലെത്തുമെന്നാണു മലിനീകരണ നിയന്ത്രണ വിഭാഗത്തിന്റെ മുന്നറിയിപ്പ്. അതേസമയം കാർഷിക അവശിഷ്ടങ്ങൾ കത്തിക്കരുതെന്ന നിർദേശങ്ങൾ അയൽ സംസ്ഥാനങ്ങൾ പാലിക്കുന്നില്ലെന്ന ആക്ഷേപവുമായി സംസ്ഥാന സർക്കാർ രംഗത്തെത്തി. 

അന്തരീക്ഷ വായു നിലവാര സൂചിക (എക്യൂഐ) ഇന്നലെ വൈകിട്ടു നാലിനു 300 ആണു രേഖപ്പെടുത്തിയത്. അതായത് മോശം അവസ്ഥ. വളരെ മോശം അവസ്ഥയ്ക്ക് ഒരു പോയിന്റ് മാത്രം മുകളിലാണിതെന്നു കേന്ദ്രസർക്കാരിന്റെ കീഴിലുള്ള എയർ ക്വാളിറ്റി ആൻഡ് വെതർ ഫോർകാസ്റ്റിങ് ആൻഡ് റിസർച് (സഫർ) അധികൃതർ വ്യക്തമാക്കി. 

വെള്ളിയാഴ്ച എക്യുഐ 154 ആണു രേഖപ്പെടുത്തിയിരുന്നത്. അതേസമയം ഗാസിയാബാദ്, ഫരീദാബാദ്, ഗുരുഗ്രാം, നോയിഡ എന്നീ സ്ഥലങ്ങളിൽ വളരെ മോശം അവസ്ഥയിലാണ് അന്തരീക്ഷവായു. എക്യുഐ 301–400 സൂചികയിലുള്ളതാണു വളരെ മോശം അവസ്ഥയായി കണക്കാക്കുന്നത്. ശ്വാസകോശത്തെ ഏറെ ബാധിക്കുന്ന പാർട്ടിക്കുലേറ്റ് മാറ്റർ 10 (പിഎം10) ഒര ഘനമീറ്ററിൽ 243 മൈക്രോഗ്രാമാണു രേഖപ്പെടുത്തിയത്. പിഎം 2.5 ആകട്ടെ 122 എന്ന നിലയിലാണ്. പിഎം 2.5ന്റെ നില ഇന്നു വളരെ മോശം അവസ്ഥയിലെത്തുമെന്നാണ് അധികൃതർ നൽകുന്ന മുന്നറിയിപ്പ്. 

പറഞ്ഞാൽ കേൾക്കാത്ത അയൽക്കാർ

 Delhi Air Pollution

അയൽ സംസ്ഥാനങ്ങളിലെ കാർഷിക അവശിഷ്ടങ്ങൾ കത്തിക്കുന്നതിന്റെ തെളിവുകൾ പുറത്തുവിട്ടത് അമേരിക്കൻ ബഹിരാകാശ ഗവേഷണ കേന്ദ്രം നാസ. പഞ്ചാബ്, ഹരിയാന എന്നീ സംസ്ഥാനങ്ങളിലെ കർഷകർ അവശിഷ്ടങ്ങൾ കത്തിക്കുന്നതിന്റെ ചിത്രങ്ങൾ നാസയുടെ ഔദ്യോഗിക വെബ്സൈറ്റിലെത്തിയതിനു പിന്നാലെയാണു ഡൽഹി സംസ്ഥാന സർക്കാർ രൂക്ഷവിമർശനവുമായി രംഗത്തെത്തിയത്. കാർഷിക അവശിഷ്ടങ്ങൾ കത്തിക്കരുതെന്ന സുപ്രീം കോടതിയുടെയും കേന്ദ്രസർക്കാരിന്റെയും നിർദേശങ്ങൾ അയൽ സംസ്ഥാനങ്ങൾ ഗൗനിക്കുന്നില്ലെന്ന് അധികൃതർ വിമർശിച്ചു. 

ഉത്തർപ്രദേശ്, ചണ്ഡിഗഡ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ കാർഷിക അവശിഷ്ടങ്ങൾ കത്തിക്കുന്നതിന്റെ ദൃശ്യങ്ങൾ മന്ത്രി ഇമ്രാൻ ഹുസൈനും കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ശൈത്യകാലം അടുത്തതോടെ അന്തരീക്ഷ മലിനീകരണം വീണ്ടും വർധിക്കുമെന്ന ആശങ്കയിലാണു ഡൽഹി നിവാസികൾ. ശൈത്യകാലത്തിനു മുന്നോടിയായി ലഭിക്കുന്ന മഴയുണ്ടായില്ലെങ്കിൽ അന്തരീക്ഷത്തിൽ പുകമഞ്ഞു നിറയുമെന്ന് ഉറപ്പാണ്. മലിനീകരണം നേരിടാനുള്ള കർശന നടപടികൾ സംസ്ഥാന സർക്കാർ ആരംഭിച്ചിട്ടുണ്ട്. 

നിയമലംഘകർക്കെതിരെ കർശന നടപടിയെടുക്കാൻ ലഫ്. ഗവർണർ അനിൽ ബൈജലും നിർദേശം നൽകി. പൊടി വർധിക്കുന്ന സ്ഥലങ്ങളിൽ ജലം തളിക്കുന്നതുൾപ്പെടെയുള്ള സംവിധാനങ്ങൾ ഒരുക്കാൻ നിർദേശിച്ചിട്ടുണ്ട്.