Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നേരിയ മഴ ദോഷമായി; അന്തരീക്ഷ വായു നിലവാരം മഴയിൽ കുതിർന്നു

നേരിയ മഴ ദോഷമായി. ഡൽഹി നഗരത്തിലെ അന്തരീക്ഷ മലിനീകരണം ഗുരുതരാവസ്ഥയിൽ തന്നെ. അന്തരീക്ഷ വായു നിലവാര സൂചിക (എക്യുഐ) ഇന്നലെ 411 എന്ന നിലയിലാണ്. നഗരത്തിലെ 21 മേഖലകളിൽ വായുനില ഗുരുതരാവസ്ഥ രേഖപ്പെടുത്തിയപ്പോൾ 12 സ്ഥലങ്ങളിൽ വളരെ മോശം സ്ഥിതിയാണ്. 

അവിചാരിതമായി പെയ്ത ചാറ്റൽ മഴ മലിനീകരണം വർധിപ്പിച്ചതായി വിദഗ്ധർ പറയുന്നു. അന്തരീക്ഷത്തിലെ ജലാംശം വർധിച്ചതോടെ പൊടിപടലങ്ങളും മറ്റും കൂടുതൽ നേരം തങ്ങിനിൽക്കാൻ ഇടയാകുന്നതായി സിസ്റ്റം ഓഫ് എയർ ക്വാളിറ്റി ആൻഡ് വെതർ ഫോർക്കാസ്റ്റിങ് (സഫർ) വിദഗ്ധർ ചൂണ്ടിക്കാട്ടി. 

അതേസമയം, അയൽ സംസ്ഥാനങ്ങളിൽ കാർഷിക വിള അവശിഷ്ടങ്ങൾ കത്തിക്കുന്നതിനു കുറവു വന്നിട്ടുണ്ടെന്നാണു വിലയിരുത്തൽ. എന്നാൽ, കാറ്റിന്റെ ശക്തി കുറഞ്ഞതിനാൽ ഇതിന്റെ പ്രയോജനം  ലഭിക്കുന്നില്ല. വായുനില ഗുരുതരാവസ്ഥയിൽ തന്നെ തുടരാനുള്ള കാരണം ഇതാണ്. ശ്വാസകോശത്തെ ബാധിക്കുന്ന പാർട്ടിക്കുലേറ്റ് മാറ്റർ 2.5 (പിഎം 2.5) 278 എന്ന നിലയിലാണ്. പിഎം 10 ആകട്ടെ 477 എന്ന നിലയിലെത്തി. രാവിലെ വളരെ മോശം അവസ്ഥയിലായിരുന്ന എക്യുഐ മഴയ്ക്കു പിന്നാലെയാണു ഗുരുതരാവസ്ഥയിലെത്തിയത്. 301 മുതൽ 400 വരെയാണു വളരെ മോശം നില. 401 മുതൽ  ഗുരുതരാവസ്ഥയും. 

ശ്വാസകോശ രോഗങ്ങൾ വർധിക്കുന്നു

അന്തരീക്ഷ മലിനീകരണം ഏറെപ്പേരെ ശ്വാസം മുട്ടിക്കുന്നതായി പഠനം. നഗരത്തിലെ 89 ശതമാനം ജനങ്ങൾക്കും ശ്വാസംമുട്ടലും അസ്വസ്ഥതയും അനുഭവപ്പെടുന്നതായി ഗവേഷണ ഏജൻസി നടത്തിയ പഠനത്തിൽ വ്യക്തമാക്കുന്നു. 

അയ്യായിരത്തോളം പേർ പങ്കെടുത്ത സർവേയുടെ അടിസ്ഥാനത്തിലായിരുന്നു പഠനം. അന്തരീക്ഷ മലിനീകരണം വർധിച്ചതോടെ പലർക്കും പനി, കടുത്ത ചുമ തുടങ്ങിയ അസ്വസ്ഥതകൾ വർധിച്ചതായി ആശുപത്രികളും സ്ഥിരീകരിക്കുന്നു. വിട്ടുമാറാത്ത ചുമ ബാധിച്ചവരുടെ എണ്ണവും കൂടി. കൂടുതൽ സമയം വീടിനു പുറത്തു ചെലവിടുന്ന 40 വയസ്സിനു താഴെയുള്ളവർക്കാണ് രോഗബാധ ഏറെയും.

മുഖത്തിനും കണ്ണിലും നീറ്റൽ, ശ്വാസംമുട്ടൽ തുടങ്ങിയ അസ്വസ്ഥതകളും പലർക്കും അനുഭവപ്പെടുന്നുണ്ട്. ഇത്തരം പ്രശ്നങ്ങൾ കാരണം പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കാൻ പലരും മടിക്കുന്നുമുണ്ട്. 

ചികിത്സയേക്കാൾ പ്രതിരോധം ഫലപ്രദം

Delhi Pollution

തണുപ്പും അന്തരീക്ഷ മലിനീകരണവും ശരീരത്തെ ബാധിക്കുന്ന കാലത്ത് ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം:

∙ ജലദോഷം, വിട്ടുമാറാത്ത ചുമ, സൈനസൈറ്റിസ്, ഫ്ലൂ ഇവയെല്ലാം ശക്തിപ്രാപിക്കും. 

∙ ശ്വാസകോശത്തിലെ മാംസപേശികൾ ചുരുങ്ങാൻ സാധ്യതയുള്ളതിനാൽ ആസ്മ, സിഒപിഡി (ക്രോണിക് ഒബ്സ്ട്രക്ടിവ് പൾമണറി ഡിസീസ്) ബാധിതർ കൂടുതൽ ശ്രദ്ധിക്കണം. പുകവലിക്കുന്നവരെ അകറ്റിനിർത്തുക. പൊടിപടലമേൽക്കാതെ സൂക്ഷിക്കുക. 

∙ സിഒപിഡി ബാധിതരിൽ ശ്വാസതടസ്സം, കഫത്തോടു കൂടിയ ചുമ, ശ്വാസംമുട്ടൽ, ഉന്മേഷക്കുറവ്, കാൽപാദത്തിൽ നീര്, തൂക്കക്കുറവ് എന്നിവ കാണാം. 

∙ ശുചിത്വം പാലിക്കുക. ആഹാരത്തിനുമുൻപും യാത്രയ്ക്കുശേഷവും കൈ സോപ്പിട്ടു കഴുകണം. പനിയോ ജലദോഷമോ ഉള്ളവർ തൂവാല കയ്യിൽ കരുതുക. 

∙ ശ്വാസകോശം വഴി പകരുന്ന എച്ച്‍1 എൻ1 ഉൾപ്പെടെയുള്ള രോഗങ്ങൾക്കു സാധ്യതയുണ്ട്. പ്രതിരോധ നടപടി സ്വീകരിക്കുക.

∙ 12 മാസത്തിൽ താഴെ ഉള്ള കുഞ്ഞുങ്ങൾക്കു ബ്രോങ്കിയോലൈറ്റിസ് പിടിപെടാം. മൂക്കടപ്പ്, ചെറിയ ചൂട്, ശ്വാസംമുട്ടൽ എന്നിവയോടെ സാധാരണ പനി എന്നു തോന്നും. പിന്നീടു ശ്വാസംമുട്ടൽ കൂടാം. ചില കുട്ടികൾക്കു കിടത്തിചികിത്സ വേണ്ടിവരും. ചുമ രണ്ടാഴ്ചയോ അതിൽ കൂടുതലോ തുടരാം. 

∙ ഇൻഫ്ലുവൻസ (ഫ്ലൂ) ആണു മറ്റൊരു അസുഖം. കടുത്ത പനി, ചുമ, തൊണ്ടവേദന, തലവേദന, പേശീവേദന ഇവയാണു ലക്ഷണങ്ങൾ. അഞ്ചു ദിവസം വരെ പനി കാണും. 

∙ ക്രൂപ് എന്ന അസുഖമാണു മറ്റൊന്ന്. ശ്വാസം വലിക്കുമ്പോൾ പ്രത്യേകതരത്തിലുള്ള ശബ്ദമാണു ലക്ഷണം. കടുത്ത ചുമയുണ്ടാകും. രാത്രി കൂടും. 

∙ ശ്രദ്ധിക്കേണ്ട മറ്റൊരു രോഗം ന്യൂമോണിയ ആണ്. ചെറിയ ചുമയോടെയാണു തുടക്കം. പിന്നീടു ചുമ കടുക്കും. ശ്വാസവേഗം കൂടും. വൈദ്യ പരിശോധന അത്യാവശ്യം. 

∙ വൈറ്റമിൻ എ, സി, ഇ ഇവയടങ്ങിയ ഭക്ഷണം ദിവസവും കഴിക്കാം. നെല്ലിക്ക, മുള്ളങ്കി, ഓറഞ്ച്, കാബേജ്, കാപ്സിക്കം, ആപ്പിൾ, ഏത്തപ്പഴം എന്നിവ രോഗപ്രതിരോധശേഷി കൂട്ടും.   

വാഹന നിയന്ത്രണം പിൻവലിച്ചു

INDIA-ENVIRONMENT-POLLUTION-SMOG

ഭാരവാഹനങ്ങൾക്കു നഗരത്തിൽ പ്രവേശിക്കുന്നതിനേർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ചു. അന്തരീക്ഷ വായുവിന്റെ നില ഗുരുതരാവസ്ഥയിൽ തുടരുകയാണെങ്കിലും നിരോധനം നീക്കിയ മലിനീകരണ നിയന്ത്രണ മേൽനോട്ട അതോറിറ്റി(ഇപിസിഎ) തീരുമാനം പലരെയും അദ്ഭുതപ്പെടുത്തി. ഭാരവാഹനങ്ങൾക്കു രാത്രി 11 മുതൽ രാവിലെ ആറുവരെ പതിവുപോലെ നഗരപരിധിയിൽ പ്രവേശിക്കാം. 

എട്ടാം തീയതി മുതൽ 11 വരെ ഭാരവാഹനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന നിരോധനം തുടരാൻ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. അവശ്യവസ്തുക്കളുമായെത്തുന്ന വാഹനങ്ങൾ മാത്രമാണു കടത്തിവിട്ടിരുന്നത്. നാലു ദിവസത്തിനിടെ 2200 വാഹനങ്ങൾ തിരിച്ചയച്ചുവത്രെ. 11നു രാത്രി മുതൽ 12നു പുലർച്ചെ വരെ മാത്രം 3931 വാഹനങ്ങൾക്കാണു പ്രവേശനം അനുവദിച്ചത്. 

പ്രഭാത സവാരി മുടങ്ങി: സുപ്രീം കോടതി ജഡ്ജി

Delhi

ശ്വാസം മുട്ടിക്കുന്ന അന്തരീക്ഷം കാരണം പ്രഭാത നടത്തത്തിനു സാധിക്കുന്നില്ലെന്നു സുപ്രീം കോടതി ജഡ്ജി അരുൺ മിശ്ര. ഇന്നലെ രാവിലെ കോടതി ചേർന്നപ്പോഴാണു സോളിസിറ്റർ ജനറൽ തുഷാർ മേത്തയോടു തന്റെ ആശങ്ക പങ്കുവച്ചത്. 

മറ്റൊരു കേസ് പരിഗണിക്കുന്നതിനു തൊട്ടുമുൻപായിരുന്നു ജനങ്ങളുടെ പൊതുവികാരം ജസ്റ്റിസ് പ്രകടിപ്പിച്ചത്. ‘എന്താണ് ഡൽഹിയിൽ നടക്കുന്നത്. വല്ലാത്ത മലിനീകരണം. ജനങ്ങൾക്കു വീട്ടിൽ നിന്നു പുറത്തിറങ്ങാൻ സാധിക്കുന്നില്ല. ഞാൻ രാവിലെ എഴുന്നേറ്റു നടക്കാൻ പോകുന്നയാളാണ്. എന്നാൽ മലിനീകരണം കാരണം ഇതിനു കഴിയുന്നില്ല’ അരുൺ മിശ്ര പറഞ്ഞു.