Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗജയുടെ താണ്ഡവത്തിൽ തകർന്നടിഞ്ഞ ചരിത്ര നഗരം

ചരിത്ര നഗരമായ വേദാരണ്യം ഗജയുടെ താണ്ഡവത്തിൽ തകർന്നടിഞ്ഞു. നാഗപട്ടണം നഗരത്തിൽ നിന്നു 48 കി.മീറ്റർ അകലെ ബംഗാൾ ഉൾക്കടലിനോടു ചേർന്ന വേദാരണ്യത്തിലാണു ഗജ കരയിലേക്കു കടന്നത്. വീടുകൾക്കു മുകളിലും റോഡിലും മരങ്ങൾ വീണു കിടക്കുന്ന, വൈദ്യുതി പോസ്റ്റുകൾ തകർന്ന ദുരന്ത നഗരമായി  കാറ്റുവീശിയതോടെ വേദാരണ്യം മാറി. 

വേദാരണ്യത്തിലെ പല ഗ്രാമങ്ങളും ഗജയെത്തുടർന്നു ഒറ്റപ്പെട്ടു.  ഇവിടങ്ങളിലേക്കു  രാത്രി വൈകിയാണു രക്ഷാ പ്രവർത്തകർക്കു എത്തിച്ചേരാനായത്. വേദാരണ്യത്തു നിന്നു  പതിനായിരത്തിലേറെ പേർ ദുരിതാശ്വാസ ക്യാംപുകളുണ്ട്.  

നഗരത്തിൽ ശുദ്ധ ജലവും ഭക്ഷണവും കിട്ടാത്ത അവസ്ഥയാണ്. ചോള  രാജാക്കന്മാരുട കാലത്തേക്കു നീളുന്ന ചരിത്രമുള്ള നഗരമാണു വേദാരണ്യം. 

തമിഴ്നാടിന്റെ വടക്കൻ തീരത്തു സംഹാര താണ്ഡവമാടിയ ഗജ ചുഴലിക്കാറ്റിൽ 28 പേർ മരിച്ചു. മരണ സംഖ്യ ഇനിയും ഉയർന്നേക്കും. സർക്കാർ ഇതുവരെ സ്ഥിരീകരിച്ചതു 16 മരണം. കനത്ത മഴയ്ക്കൊപ്പം 9 മണിക്കൂർ ആഞ്ഞടിച്ച ചുഴലിയിൽ തമിഴ്നാട്ടിലെ നാഗപട്ടണം, തിരുവാരൂർ, പുതുച്ചേരിയിലെ കാരയ്ക്കൽ ജില്ലകളിൽ കനത്ത നാശം. തഞ്ചാവൂർ, കടലൂർ, പുതുക്കോട്ട, ഡിണ്ടിഗൽ, വിരുദുനഗർ, ശിവഗംഗ, മധുര ജില്ലകളെയും ബാധിച്ചു.

ആറു ജില്ലകളിലായി 81,948 പേരെ 471 പുനരധിവാസ കേന്ദ്രങ്ങളിലേക്കു മാറ്റി. ആയിരക്കണക്കിനു വീടുകൾ തകർന്നു. കാൽലക്ഷം വൈദ്യുതി പോസ്റ്റുകളും ലക്ഷത്തിലേറെ മരങ്ങളും കടപുഴകി. നാഗപട്ടണത്തും കാരയ്ക്കലിലും പരക്കെ റോഡിൽ മരം വീണു ഗതാഗതം സ്തംഭിച്ചു. ആയിരത്തിലേറെ കന്നുകാലികൾ ചത്തു. മുൻകരുതലായി വ്യാഴാഴ്ച രാത്രി ഏഴിനു വിച്ഛേദിച്ച വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചിട്ടില്ല. 

മന്ത്രിമാരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം ഊർജിതം. എന്നാൽ നാഗപട്ടണത്തും കാരയ്ക്കലിലും പല ദുരന്തബാധിത പ്രദേശങ്ങളിലേക്കും ഇതുവരെ രക്ഷാപ്രവർത്തകർക്ക് എത്തിച്ചേരാൻ കഴിഞ്ഞിട്ടില്ല. ഈ മേഖലകൾ സാധാരണ നിലയിലേക്കു മടങ്ങാൻ ആഴ്ചകളെടുക്കും. ലക്ഷക്കണക്കിന് ഏക്കർ കൃഷി നശിച്ചു. മരിച്ചവരുടെ ബന്ധുക്കൾക്കു തമിഴ്നാട് സർക്കാർ 10 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.

നാഗപട്ടണത്തു ട്രെയിൻ ഗതാഗതം പൂർണമായി തടസ്സപ്പെട്ടു. തിരുച്ചിറപ്പള്ളി വിമാനത്താവളത്തിലിറങ്ങേണ്ട, ഷാർജയിൽ നിന്നുള്ള എയർ ഇന്ത്യ വിമാനം കൊച്ചിയിലേക്കു തിരിച്ചുവിട്ടു. ഇവിടെ നിന്നുള്ള ചില ആഭ്യന്തര സർവീസുകൾ റദ്ദാക്കി.

നാഗപട്ടണത്തിനു സമീപം വേദാരണ്യത്തിൽ രാത്രി പന്ത്രണ്ടരയോടെയാണ് 80 കിലോമീറ്റർ വേഗത്തിൽ ഗജ കരയിൽ കടന്നത്. പിന്നീടു 117 കിലോമീറ്റർ വരെ വേഗം കൈവരിച്ചു. ചുഴലി കടന്നുപോയതിന്റെ 20 കിലോമീറ്റർ ചുറ്റളവിലാണു കനത്ത നാശം. രാവിലെ ഒൻപതരയോടെ ദുർബലമായി ഡിണ്ടിഗൽ, തേനി വഴി കേരളത്തിലേക്കു കടന്നു.

കാരയ്ക്കലിൽ കരയ്ക്കടിഞ്ഞ് കപ്പൽ

∙ ഗജ ചുഴലിക്കാറ്റിനെത്തുടർന്നു കാരയ്ക്കൽ തുറമുഖത്തു  കപ്പൽ തീരമണഞ്ഞു. സ്വകാര്യ കമ്പനിയുടെ  ഉടമസ്ഥയിലുള്ള വീര പ്രേം എന്ന കപ്പലാണു  തീരമണഞ്ഞത്. എന്നാൽ, കപ്പലിനു നാശനഷ്ടമൊന്നുമില്ലെന്നു അധികൃതർ അറിയിച്ചു. 

മുംബൈ ആസ്ഥാനമായ  മെർക്കാട്ടർ ലിമിറ്റഡിന്റെ ഉടമസ്ഥയിലുള്ളതാണു കപ്പൽ. തുറമുഖത്ത് ‍ഡ്രജിങ്ങിൽ ഏർപ്പെട്ടിരുന്ന കപ്പൽ മാസങ്ങളായി ഇവിടെ നങ്കൂരമിട്ടിരിക്കുകയാണ്.ആകെ മൂന്നു ജീവനക്കാരാണു സംഭവ സമയത്ത് കപ്പലിലുണ്ടായിരുന്നത്.

ചുമരിടിഞ്ഞും ഷോക്കേറ്റും മരണം

∙ വീടിന്റെ മതിലിടിഞ്ഞു വീണും വൈദ്യുതാഘാതമേറ്റുമാണു ഭൂരിഭാഗം മരണങ്ങളും. സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറാനുള്ള സർക്കാരിന്റെ മുന്നറിയിപ്പ് അവഗണിച്ച ചിലർക്കും അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടു. 

തഞ്ചാവൂരിലെ പട്ടുകോട്ടയിൽ ഒരു കുടുംബത്തിലെ നാലു പേർ വീടു തകർന്നു  വീണു മരിച്ചു.  ഇതിൽ മൂന്നു പേർ സഹോദരങ്ങളാണ്.സഹോദരങ്ങൾ  വി.സതീഷ്(22), വി.രമേശ് (21), വി.ദിനേശ് (19), അടുത്ത ബന്ധു എം.അയ്യാദുരൈ എന്നിവരാണു  മരിച്ചത്. രാജമ്മാൾ (70), മാല്ലിക (45), ദിവ്യ (18) എന്നിവർക്കു ഗുരുതര പരിക്കേറ്റു.നാഗപട്ടണത്തും ഡിണ്ടിഗലിലും തിരുവാരൂരും പുതുക്കോട്ടയിലും ഗജയെത്തുടർന്നു മരണമുണ്ടായി. ഇതിൽ ഏറെയും വീട് തകർന്നു വീണാണ്. വൈദ്യുതാഘാതമേറ്റു മരിച്ചു രണ്ടു സംഭവങ്ങളുമുണ്ടായി.