sections
MORE

ശല്യമായി മാറിയ റക്കൂണുകൾ; ജപ്പാനിലെ റക്കൂണ്‍ അധിനിവേശത്തിനു പിന്നില്‍?

Raccoons
SHARE

നാം കാണുന്ന സിനിമകളും നാം ഓമനിച്ചു വളര്‍ത്തുന്ന മൃഗങ്ങളും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ എന്നു സംശയിച്ചാല്‍ അതു പൂര്‍ണ്ണമായും തള്ളിക്കളയാനാകില്ല. വളര്‍ത്തു മൃഗങ്ങളുടെ കാര്യത്തില്‍ മാത്രമല്ല നമ്മുടെ നിത്യജീവിതത്തിലെ പല താൽപര്യങ്ങളും നമ്മുടെ കാഴ്ചാശീലങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നവയാണ്. ഇതിലൊന്നാണ് സിനിമയിലും കാര്‍ട്ടൂണിലും മറ്റും പ്രത്യക്ഷപ്പെട്ടു പ്രശസ്തരായ ജീവികളെ സ്വന്തമാക്കാനുള്ള ആളുകളുടെ താല്‍പ്പര്യവും. ഇത്തരമൊരു താൽപര്യമാണ് വര്‍ഷങ്ങള്‍ക്കു ശേഷവും ജപ്പാന് ഒരു തീരാ തലവേദനയായി തുടരുന്നത്. 

ജപ്പാനിലെ റക്കൂണ്‍ കാര്‍ട്ടൂണ്‍

1970 കളിലാണ് അറൈഗുമാ റസുഗാരു അഥവാ റാസ്കല്‍ ദി റക്കൂണ്‍ എന്ന കാര്‍ട്ടൂണ്‍ ജപ്പാനില്‍ സംപ്രേഷണം ചെയ്യപ്പെടുന്നത്. കുട്ടികള്‍ക്കിടയിലും മുതിര്‍ന്നവര്‍ക്കിടയിലും കാര്‍ട്ടൂണ്‍ ഒരു പോലെ തരംഗമായി. കാര്‍ട്ടൂണ്‍ മാത്രമല്ല അതിലെ പ്രധാന കഥാപാത്രമായ റക്കൂണുകളും. ഇതോടെ യഥാര്‍ത്ഥത്തില്‍ വടക്കേ അമേരിക്കന്‍ സ്വദേശികളായ റക്കൂണുകള്‍ ജപ്പാന്‍കാരുടെ പ്രിയപ്പെട്ട മൃഗമായി മാറി. ഇവയെ വലിയ തോതില്‍ അമേരിക്കയില്‍ നിന്നു ജപ്പാനിലേക്കെത്തിക്കാനും തുടങ്ങി.

കാര്‍ട്ടൂണ്‍ സംപ്രേഷണം നിന്നിട്ടും റക്കൂണുകളോടുള്ള ജപ്പാന്‍കാരുടെ പ്രേമത്തില്‍ കുറവു വന്നില്ല. 80 കളിലേയും 90 കളിലേയും കണക്കെടുത്താല്‍ മാസത്തില്‍ ശരാശരി 1500 റക്കൂണുകളാണ് ജപ്പാനിലേക്കെത്തിയത്. 3 വര്‍ഷം വരെ പരമാവധി ആയുസ്സുള്ള ഇവയില്‍ പലതും വൈകാതെ ചത്തു പോയപ്പോള്‍ ആളുകള്‍ മൂന്നോ നാലോ റക്കൂണുകളെ ഒരുമിച്ചു വാങ്ങുന്നതും പതിവാക്കി. എന്നാല്‍ വൈകാതെ കാര്യങ്ങള്‍ മാറി മറിഞ്ഞു.

Raccoon

ഭൂമിയിലെ ഏറ്റവും തെമ്മാടികളായ ജീവികളില്‍ ഒന്നാണ് റക്കൂണുകള്‍. കയ്യില്‍ കിട്ടുന്നതെന്തും തട്ടിമറിക്കാനും, കരണ്ടാനും ഇവയ്ക്കു മടിയില്ല. മാത്രമല്ല പെട്ടെന്നു പ്രകോപിതരാകുന്ന റക്കൂണുകള്‍ മനുഷ്യരെ പോലും ആക്രമിക്കുകയും ചെയ്യും. ജപ്പാനിലെത്തിയ റക്കൂണുകള്‍ വീടുകളില്‍ തന്നെ അക്രമങ്ങള്‍ കാട്ടാന്‍ തുടങ്ങുകയും, ഇവ ശല്യമാവുകയും ചെയ്തു. കൂടാതെ പല റക്കൂണുകളുള്ള വീടുകളില്‍ ഇവ ഇണ ചേര്‍ന്നു പെറ്റു പെരുകാനും തുടങ്ങി.

റക്കൂണുകള്‍ പൊതുശല്യമായി മാറുന്നു. 

വീടുകളില്‍ ശല്യമായി മാറിയതോടെ റക്കൂണുകളെ കൂട്ടത്തോടെ കാടുകളില്‍ ഉപേക്ഷിക്കാന്‍ തുടങ്ങി. ഇതോടെ പ്രശ്നം വഷളായി.റക്കൂണുകളുടെ എണ്ണം ക്രമാതീതമായി വർധിച്ചു. കൂടാതെ ഇവ കൃഷിയിടങ്ങളിലും മറ്റും വ്യാപകമായി നാശമുണ്ടാക്കാന്‍ തുടങ്ങി. നെല്ലും ചോളവും മുതല്‍ സ്ട്രോബറി കൃഷിയും തണ്ണിമത്തന്‍ പാടങ്ങളും വരെ ഇവ കയ്യേറി. ഇപ്പോള്‍ ജപ്പാനിലെ 47 സംസ്ഥാനങ്ങളില്‍ 42 ലും റാക്കൂണുകളുടെ സാന്നിധ്യമുണ്ടെന്നാണു കണക്കാക്കുന്നത്. ഒരു സംസ്ഥാനത്ത് ഇവ ഒരു വര്‍ഷം വരുത്തുന്ന കൃഷിനാശം ഏതാണ്ട് 3 ലക്ഷം ഡോളറിന്‍റേതാണ്.

റക്കൂണുകളുടെ ശല്യം കൃമാതീതമായപ്പോള്‍ 2004 ല്‍  ഇവയുടെ ഇറക്കുമതി അധികൃതര്‍ നിരോധിച്ചിരുന്നു. എന്നാല്‍ ഇത് വളരെ വൈകിപ്പോയെന്നാണു രാജ്യത്തെ ഇപ്പോഴുള്ള റക്കൂണുകളുടെ എണ്ണം സൂചിപ്പിക്കുന്നത്. അനുകൂലമായ കാലാവസ്ഥയും കാര്യമായ ശത്രുക്കളില്ലാത്തതുമാണ് റക്കൂണുകള്‍ക്ക് ജപ്പാനില്‍ അനുകൂല സാഹചര്യമൊരുക്കിയത്. ഏതായാലും റക്കൂണുകളെ പൂര്‍ണ്ണമായി ഇല്ലാതാക്കാന്‍ ലക്ഷ്യമിടുന്നില്ല എങ്കിലും ഇവയുടെ അംഗസംഖ്യ നിയന്ത്രിക്കാനുള്ള പദ്ധതികള്‍ തയ്യാറാക്കുകയാണ് ജാപ്പനീസ് അധികൃതര്‍.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE IN HABITAT & POLLUTION
SHOW MORE
FROM ONMANORAMA