ADVERTISEMENT

കാണാത്തതും കേള്‍ക്കാത്തതുമായ പല കാഴ്ചകളേയും കാട്ടിത്തരുകയാണ് ആഗോളതാപനം. ഇവയെല്ലാം തന്നെ ആശങ്കപ്പെടുത്തുന്ന കാഴ്ചകളും മാറ്റങ്ങളുമാണെങ്കിലും ചിലതെങ്കിലും കൗതുകത്തിനും കാരണമാകുന്നുണ്ട്. ഇവയിലൊന്നാണ് ആര്‍ട്ടിക്കിലും അന്‍റാര്‍ട്ടിക്കിലും സംഭവിക്കുന്ന മാറ്റങ്ങള്‍. ഈ രണ്ട് മേഖലകളിലും പതിനായിരക്കണക്കിനു വര്‍ഷങ്ങളായി മഞ്ഞു മൂടി കിടക്കുന്ന പ്രദേശങ്ങളിലെല്ലാം മഞ്ഞ് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഇതിന്‍റെ ഭാഗമായാണ് നാല്‍പ്പതിനായിരം വര്‍ഷമായി മഞ്ഞു മൂടി കിടന്ന ആര്‍ട്ടിക്കിലെ ഒരു ദ്വീപ് ഒടുവില്‍ മഞ്ഞുരുകി സൂര്യനു മുന്നില്‍ പ്രത്യക്ഷപെട്ടത്.

ബാഫിന്‍ ദ്വീപ്

രാജ്യാതിര്‍ത്തി കണക്കാക്കുമ്പോള്‍ കാനഡയ്ക്കു കീഴില്‍ വരുന്ന തരിശു ദ്വീപാണ് ബാഫിന്‍ ദ്വീപ്. വടക്കന്‍ കാനഡയ്ക്കും ഗ്രീന്‍ലന്‍ഡിനും കീഴിലാണ് ഇത്രനാളും മഞ്ഞുമൂടി കിടന്ന ഈ പ്രദേശം സ്ഥിതി ചെയ്തിരുന്നത്. ആഗോളതാപനം ആര്‍ട്ടിക്കിലെ മഞ്ഞുരുക്കം വർധിപ്പിച്ചതോടെയാണ് ദ്വീപിലെ കരഭാഗം വെളിയില്‍ തെളിഞ്ഞു വന്നത്. ഏതാണ്ട് പൂര്‍ണമായും പാറക്കെട്ടുകള്‍ നിറഞ്ഞ ഈ പ്രദേശം മഞ്ഞില്‍നിന്നു സ്വതന്ത്രമായതോടെ ലോകമെമ്പാടുമുള്ള ഗവേഷകരുടെ ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുകയാണ്. പുരാതന കാലത്തെ മഞ്ഞുപാളികളുട രൂപപ്പെടലിനെക്കുറിച്ചു പഠിക്കാന്‍ ഏറ്റവും അനുയോജ്യമായ സ്ഥലമായാണ് ബാഫിന്‍ ദ്വീപിനെ ഇപ്പോള്‍ ഗവേഷകര്‍ കണക്കാക്കുന്നത്. 

പഠനത്തിനു പുതിയ പ്രദേശം ലഭിച്ചെങ്കിലും ബാഫിന്‍ ദ്വീപിലുണ്ടായ ഈ മാറ്റം ഗവേഷകരെ ഒട്ടും സന്തോഷിപ്പിക്കുന്നില്ല. എല്ലാ വേനല്‍ക്കാലത്തും കഴിഞ്ഞ നാല്‍പ്പതു വര്‍ഷമായി അന്‍റാര്‍ട്ടിക്കിലെത്തുന്ന കൊളറാഡോ സര്‍വകലാശാല ഭൗമ ഗവേഷകനായ ഗിഫോര്‍ഡ് മില്ലര്‍ ദ്വീപിലെ മഞ്ഞുപാളികളില്‍ കഴിഞ്ഞ പത്തു വര്‍ഷത്തിനിടെയുണ്ടായ കുത്തനെയുള്ള ഇടിവ് അസ്വസ്ഥതയുണ്ടാക്കുന്നതാണെന്നു പറയുന്നു. ഇപ്പോഴത്തെ നില തുടര്‍ന്നാൽ ഈ നൂറ്റാണ്ടിന്‍റെ അവസാനത്തോടെ ബാഫിന്‍ദ്വീപിലെ മഞ്ഞുപാളികള്‍ പൂര്‍ണമായും അപ്രത്യക്ഷമാകുമെന്നും ഗിഫോര്‍ഡ് മില്ലര്‍ വിലയിരുത്തുന്നു. 

അതിജീവിക്കാനാകാതെ ഭൗമപ്രതിഭാസങ്ങള്‍

കാലാവസ്ഥാ വ്യതിയാനത്തെ മനുഷ്യന്‍ മുതല്‍ പ്രാണികൾ വരെയുള്ള ജീവിവര്‍ഗങ്ങളും സസ്യങ്ങളും അതിജീവിക്കാൻ നേരിയ സാധ്യതയുണ്ടെന്നു മില്ലര്‍ പറയുന്നു. പക്ഷെ ഈ കാലാവസ്ഥാ വ്യതിയാനത്തെ പരിണാമത്തിലൂടെ നേരിടാന്‍ കഴിയുന്ന ജീവവര്‍ഗങ്ങളുടെ പ്രത്യേകത ഒന്നും തന്നെ പ്രകൃതിയിലെ പ്രതിഭാസങ്ങള്‍ക്കില്ല. അതുകൊണ്ട് തന്നെ മഞ്ഞു പാളികള്‍ ഉള്‍പ്പടെയുള്ള ഭൗമപ്രതിഭാസങ്ങള്‍ക്കു കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കാനാകാതെ കീഴടങ്ങുകയാണ്. ഈ മാറ്റം വൈകാതെ ജൈവവ്യവസ്ഥയുടെ അതീജീവന സാധ്യതകളെ പോലും ഇല്ലാതാക്കിയേക്കാമെന്നും മില്ലര്‍ ഭയപ്പെടുന്നു.

ബാഫിന്‍ദ്വീപിലെ മഞ്ഞുരുകി മാറിയ പ്രദേശങ്ങളില്‍ പാറക്കെട്ടുകള്‍ക്കിടയിലെ പായലുകള്‍ സൂര്യപ്രകാശം കാണുന്നതും നാല്‍പ്പതിനായിരം വര്‍ഷങ്ങള്‍ക്കു ശേഷമാണ്. ഈ മാറ്റത്തെ പായലുകളും മറ്റു ചെറിയ സസ്യവിഭാഗങ്ങളും എങ്ങനെ പ്രതികരിക്കുന്നു എന്ന് ബയോളജിസ്റ്റുകൾ നിരീക്ഷിച്ചു വരികയാണ്. ലോകത്തു തന്നെ കണ്ടെത്തിയിട്ടുള്ള ഏറ്റവും പഴക്കം ചെന്ന പായല്‍വിഭാഗങ്ങളായേക്കാം ബാഫിന്‍ ദ്വീപില്‍ മഞ്ഞിനടിയില്‍ നിന്നു വെളിയില്‍ വന്നതെന്നും ഗവേഷകര്‍ കരുതുന്നു. കൂടുതല്‍ പഠനത്തിനു ശേഷം മാത്രമെ ഇക്കാര്യം സ്ഥിരീകരിക്കാനാകൂ.

കഴിഞ്ഞ ഓഗസ്റ്റ് മുതല്‍ സെപ്റ്റംബര്‍ വരെ നീണ്ടു നിന്ന ആര്‍ട്ടിക് യാത്രയില്‍ നാല്‍പ്പതിലധികം സസ്യ സാംപിളുകളാണ് മില്ലറും കൂട്ടരും ബാഫിന്‍ ദ്വീപില്‍ നിന്നു ശേഖരിച്ചത്.നാല്‍പ്പതിനായിരം മുതല്‍ ഒന്നര ലക്ഷത്തോളം വര്‍ഷമായി മഞ്ഞിനടിയില്‍ കഴിഞ്ഞ പായലുകളുടെയും സാംപിളുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു.  ഏതാനും ധാതുക്കളുടെ സാംപിളുകളും പ്രദേശത്തുനിന്ന് ലഭിക്കുകയുണ്ടായി. അതേസമയം അന്‍റാര്‍ട്ടിക്കില്‍ മഞ്ഞുപാളികള്‍ക്കടിയിലെ തടാകങ്ങളില്‍ രൂപപ്പെട്ടിട്ടുള്ളതു പോലെയുള്ള ജീവികള്‍ ഈ മേഖലയില്‍ ഉണ്ടാകാനുള്ള സാധ്യത കുറവാണ്. 

ആര്‍ട്ടിക്കിലെ താപനിലയുടെ സ്ഥിതി

ഏതാണ്ട് മൂന്നു ലക്ഷം വര്‍ഷത്തിനിടിയില്‍ ആര്‍ട്ടിക്കിലുണ്ടായ ഏറ്റവും ഉയര്‍ന്ന താപനിലയാണ് ഇപ്പോള്‍ മേഖലയില്‍ അനുഭവപ്പെടുന്നതെന്നാണു കണക്കാക്കുന്നത്. ഇത് സ്വാഭാവികമായി സംഭവിക്കുകയാണെങ്കില്‍ ഇനിയും പതിനായിരക്കണക്കിനു വര്‍ഷങ്ങളെടുത്തേനെ. പക്ഷേ മനുഷ്യ നിര്‍മിതമായ കാര്‍ബണ്‍ വാതകങ്ങള്‍ മൂലമാണ് പെട്ടെന്നു താപനിലയിൽ വർധനവു സംഭവിച്ചത്. അതുകൊണ്ട് തന്നെ ഈ മാറ്റത്തെ സ്വാഭാവിക വേഗത്തില്‍ നേരിടാനോ അതിജീവിക്കാനോ ഭൗമ പ്രതിഭാസങ്ങൾക്കും സസ്യജന്തുജാലങ്ങള്‍ക്കും പ്രയാസമായിരിക്കും. അതിനാലാണ് ആഗോളതാപനത്തെ എന്തു വിലകൊടുത്തും തടയണമെന്നു ശാസ്ത്രലോകം ആവശ്യപ്പെടുന്നതും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com