ADVERTISEMENT

യമുനാ നദിയിലെ കയ്യേറ്റങ്ങൾ കണ്ടെത്താനും ജല മലിനീകരണത്തിന്റെ തോത് മനസ്സിലാക്കാനും ഡൽഹി വികസന അതോറിറ്റിയും (ഡിഡിഎ) ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രവും (ഐഎസ്ആർഒ) തമ്മിൽ ധാരണ. ഐഎസ്ആർഒയുടെ കീഴിലുള്ള റീജനൽ റിമോട്ട് സെൻസിങ് സെന്ററാണ് (ആർആർഎസ്‍സി) ഇക്കാര്യത്തിൽ ഡിഡിഎക്ക് ആവശ്യമായ ഉപഗ്രഹ ചിത്രങ്ങളും മറ്റു വിവരങ്ങളും കൈമാറുക. യമുനാ തടങ്ങളിൽ തളളുന്ന മാലിന്യത്തിന്റെ തോതു മനസ്സിലാക്കാനും നദീതടങ്ങൾ എത്രത്തോളം കയ്യേറിയിട്ടുണ്ടെന്നു മനസ്സിലാക്കാനുമാണ് ഡിഡിഎ ബഹിരാകാശ കേന്ദ്രത്തിന്റെ സഹായം തേടുന്നത്. ഡ്രോണുകൾ, നിർമിത ബുദ്ധി, ഉപഗ്രഹ ചിത്രങ്ങൾ എന്നിവ ഉപയോഗിച്ച് യമുനയിലെ കയ്യേറ്റങ്ങളും മലിനീകരണവും മനസ്സിലാക്കുകയും അതിനനുസരിച്ച് പരിഹാര മാർഗങ്ങൾ സ്വീകരിക്കാനുമാണു ലക്ഷ്യമിടുന്നത്. 

ഇതിനായി ഡിഡിഎ പ്രത്യേക കംപ്യൂട്ടർ സംവിധാനം സജ്ജീകരിക്കുമെന്നും യമുനയുടെ മലിനീകരണം ഇല്ലാതാക്കാൻ ദേശീയ ഹരിത ട്രൈബ്യൂണൽ നിയോഗിച്ച നിരീക്ഷണ സമിതിയുടെ റിപ്പോർട്ടിൽ പറയുന്നു. യമുനാ തടങ്ങളിൽ എവിടെയൊക്കെ മാലിന്യം തള്ളുന്നു, ഇതിന്റെ അളവെത്ര, കൃഷിക്ക് ഉൾപ്പെടെ എവിടെയൊക്കെ നദീ തീരം കയ്യേറി എന്നിവയെല്ലാം മനസ്സിലാക്കാൻ പുതിയ സംവിധാനത്തിലൂടെ സാധിക്കും. ഡിഡിഎയും ഐഎസ്ആർഒയും ഇതുസംബന്ധിച്ചുള്ള കരാറിൽ ഒപ്പിട്ടതായും വരുന്ന ജൂലൈയിൽ സംവിധാനം പ്രവർത്തനക്ഷമമാവുമെന്നും റിപ്പോർട്ടിൽ പറയുന്നു. 

yamuna-river

പൂജാ അവശിഷ്ടങ്ങൾ നദിയിൽ തള്ളാതിരിക്കാൻ ചർച്ച

പൂജാ അവശിഷ്ടങ്ങൾ യമുനയിൽ തള്ളാതിരിക്കാൻ മത നേതാക്കളുമായുള്ള ചർച്ചയ്ക്കു സംസ്ഥാന സർക്കാർ. ഇതുകൂടാതെ ജല മലിനീകരണം സംബന്ധിച്ച് സ്കൂൾ കുട്ടികളിൽ ബോധവൽക്കരണം, പൂജാ അവശിഷ്ടങ്ങൾ ശേഖരിച്ച് റീസൈക്ലിങ് നടത്താൻ സർക്കാരേതര ഏജൻസികളെ ചുമതലപ്പെടുത്തൽ തുടങ്ങിയവും സർക്കാരിന്റെ സജീവ പരിഗണനയിലാണ്. ദേശീയ ഹരിത ട്രൈബ്യൂണൽ നിയോഗിച്ച നിരീക്ഷണ സമിതിയുമായുള്ള ചർച്ചയിൽ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 

യമുനയെ മാലിന്യമുക്തമാക്കാനുള്ള നടപടികൾ:

∙ ആരാധനാലയങ്ങളിൽ നിന്നുള്ള പൂജാ അവശിഷ്ടങ്ങൾ നദിയിൽ തള്ളാതിരിക്കാൻ മത നേതാക്കളുമായി ചർച്ച. 

∙ യമുനയുടെ മലിനീകരണം തടയേണ്ടതിന്റെ പ്രാധാന്യം സംബന്ധിച്ച് സ്കൂൾ കുട്ടികൾക്കിടയിൽ ബോധവൽക്കരണം. 

∙ യമുനാ തടങ്ങളിൽ സംരക്ഷണ സന്ദേശവുമായി ചിത്രരചനാ മൽസരം. 

∙ വസീറാബാദ്, ഐഎസ്ബിടി, സിഗ്‍നേച്ചർ പാലം, നിസാമുദീൻ പാലം എന്നിവിടങ്ങളിൽ പൂജാ അവശിഷ്ടങ്ങൾ സ്വീകരിക്കാൻ സംവിധാനം. 

Newdelhi-yamuna

യമുനാ തടങ്ങളിൽ വിളയിക്കുന്ന പച്ചക്കറികൾ ഭക്ഷ്യയോഗ്യമല്ല 

യമുനാ തടങ്ങളിൽ വിളയിച്ചെടുക്കുന്ന പച്ചക്കറികൾ ഭക്ഷ്യയോഗ്യമല്ലെന്നു കണ്ടെത്തി ദേശീയ ഹരിത ട്രൈബ്യൂണൽ ഇവടെ കൃഷിനടത്തുന്നത് 2015ൽ നിരോധിച്ചെങ്കിലും ഇപ്പോഴും നദീതീരം കയ്യേറിയുള്ള പച്ചക്കറി കൃഷി നിർബാധം തുടരുകയാണ്. നദിയുടെ ഗുരുതരമായ മലിനീകരണം കാരണം ഈ പച്ചക്കറികളിൽ കൂടിയ അളവിൽ മാലിന്യങ്ങളും ശരീരത്തിനു ദോഷകരമായ ലോഹങ്ങളും കണ്ടെത്തിയിട്ടുണ്ടെന്നാണ് 2102ലെ വിദഗ്ധ പഠന റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. 

നിക്കൽ, മെർക്കുറി, ലഡ്, ക്രോമിയം എന്നിവയാണ് കൂടിയ അളവിൽ പച്ചക്കറികളിൽ കണ്ടെത്തിയിട്ടുള്ളത്. യമുനയിലെ ജലം ശുദ്ധമാകുന്നതുവരെ പച്ചക്കറി കൃഷി നടത്തരുതെന്നാണു വിദഗ്ധ സമിതി നിർദേശം. കീടനാശിനി പ്രയോഗം കൂടാതെ പച്ചക്കറികൾ കഴുകുന്നതിനു കർഷകർ ഉപയോഗിക്കുന്നതു വ്യവസായ ശാലകളിൽ നിന്നും അഴുക്കുചാലുകളിൽ നിന്നും യമുനയിലേക്ക് ഒഴുകിയെത്തുന്ന മലിന ജലമാണ്. ഇവിടെ വിളയിച്ചെടുക്കുന്ന പച്ചക്കറികളുടെ വിൽപന തടയാനുള്ള വിവിധ നടപടികൾ സർക്കാരിന്റെ സജീവ പരിഗണനയിലാണ്.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com