മഞ്ഞുമലകള്‍ മരുഭൂമികളായത് എങ്ങനെ?

HIGHLIGHTS
  • 4500 കോടി വര്‍ഷങ്ങളായി ഭൂമിയില്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന മാറ്റം
  • ഒരിക്കൽ അന്‍റാര്‍ട്ടിക്കിനു തുല്യമായിരുന്നു നമീബിയന്‍ മരുഭൂമി
Namibia Desert
SHARE

ആഫ്രിക്കയുടെ തെക്കു പടിഞ്ഞാറന്‍ മേഖലയില്‍ സമുദ്രത്തോടു ചേര്‍ന്നു സ്ഥിതി ചെയ്യുന്ന മരുപ്രദേശമാണ് നമീബിയന്‍ മരുഭൂമി. കൂറ്റന്‍ മണല്‍പ്പരപ്പുകള്‍ നിറഞ്ഞ ഈ നമീബിയന്‍ മരുഭൂമി ഒരിക്കല്‍ മഞ്ഞു പാളികളാല്‍ നിറഞ്ഞതായിരുന്നു എന്നു പറഞ്ഞാല്‍ കളിയാക്കുകയാണെന്നു കരുതരുത്. കാരണം ഇതു മൂവായിരം കോടി വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള കാര്യമാണ്. അന്നു തെക്കന്‍ അമേരിക്കയോടു ചേര്‍ന്നു കിടന്നിരുന്ന ഈ മേഖല മഞ്ഞുപാളികളാലും അവയില്‍ നിന്നു ഉദ്ഭവിക്കുന്ന അരുവികളാലും സമൃദ്ധമായിരുന്നുവെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്.

ഇന്നു വരണ്ട മണല്‍പ്പരപ്പുകളാലും അടിയില്‍ അഗ്നിപര്‍വതങ്ങളാലും നിറഞ്ഞ പ്രദേശമാണ് നമീബിയ. പക്ഷേ ഈ മേഖലയിലെ ഭൂമിയുടെ മേല്‍ത്തട്ടിലെ പാളികള്‍ ഓരോന്നായി ഇഴ കീറി പരിശോധിച്ചാണ് ഒരിക്കല്‍ മഞ്ഞുപാളികള്‍ മൂടിയിരുന്ന ഭൂവിഭാഗത്തിന്‍റെ ലക്ഷണങ്ങള്‍ കണ്ടെത്തിയത്. കഴിഞ്ഞ 4500 കോടി വര്‍ഷങ്ങള്‍ക്കിടയില്‍ ഭൂമിയില്‍ നിരന്തരം സംഭവിച്ചു കൊണ്ടിരിക്കുന്ന മാറ്റത്തിന്‍റെ തെളിവായാണ് നമീബിയന്‍ മരുഭൂമിക്കടിയില്‍ നിന്നുള്ള ഈ കണ്ടെത്തലുകളെ ഗവേഷകര്‍ വിലയിരുത്തുന്നത്.

അന്‍റാര്‍ട്ടിക്കിനു തുല്യമായിരുന്ന നമീബിയന്‍ മരുഭൂമി

ഭൗമശാസ്ത്രജ്ഞരായ ഗ്രഹാം ആന്‍ഡ്രൂസ്, സാറാ ബ്രൗണ്‍ എന്നിവര്‍ ചേര്‍ന്നാണ് നമീബയന്‍ മരുഭൂമിയുടെ ഭൂതകാലം ചുരുളഴിച്ചത്. രണ്ടു പ്രധാന തെളിവുകള്‍ ചൂണ്ടിക്കാട്ടിയാണ് നമീബയിന്‍ മരുഭൂമിയുടെ മഞ്ഞു നിറഞ്ഞ ഭൂതകാലത്തെ സ്ഥാപിച്ചെടുക്കാന്‍ ഇവര്‍ ശ്രമിക്കുന്നത്. ഒന്ന് മരുഭൂമിയുടെ ഇപ്പോഴത്തെ മേല്‍ത്തട്ടില്‍ നിന്നു ഏതാനും മീറ്ററുകള്‍ താഴെയുള്ള ഭൂപ്രകൃതി. രണ്ട് തെക്കേ അമേരിക്കയില്‍ നിന്ന് വേര്‍പെട്ട് ഏഷ്യയുമായി കൂടിച്ചേരുന്നതിനു മുന്‍പ് നമീബിയ ഉള്‍പ്പെടുന്ന തെക്കന്‍ ആഫ്രിക്കയുടെ സ്ഥാനം.

Namibia Desert

കണക്കുകൂട്ടലുകളനുസരിച്ച് അന്നത്തെ നമീബിയയുടെ സ്ഥാനം അന്‍റാര്‍ട്ടിക്കയോടു ചേര്‍ന്നാണ്. അതു കൊണ്ട് തന്നെ അന്‍റാര്‍ട്ടിക്കില്‍ നിന്ന് ഒഴുകിയെത്തുന്ന മഞ്ഞു പാളികളുടെയെല്ലാം അന്തിമ ലക്ഷ്യം നമീബിയ ആയിരുന്നു. കൂടാതെ ദക്ഷിണ ധ്രുവത്തോടു ചേര്‍ന്നു നില്‍ക്കുന്നതിനാല്‍ സ്വഭാവികമായി നമീബിയ ഉള്‍പ്പടുന്ന തെക്കന്‍ ആഫ്രിക്കയിലേക്കും മഞ്ഞു മഞ്ഞുപാളിൾ വ്യാപിച്ചു കിടന്നിരുന്നു. 

നമീബിയ ഡ്രുമിലിന്‍സ്

ലോകത്തെ മറ്റ് ഉഷ്ണമേഖല മരുപ്രദേശങ്ങളില്‍ നിന്ന് വ്യത്യസ്തമാണ് നമീബിയന്‍ മരുഭൂമി.കുത്തനെയുള്ള നീണ്ടതും എന്നാല്‍ ചെറുതുമായി നിരവധി കുന്നുകള്‍ ഈ മേഖലയില്‍ കാണാനാകും. ഇതിന്‍റെ മുകളിലാണ് മണല്‍പ്പരപ്പുകള്‍ രൂപപ്പെട്ടിരിക്കുന്നതും.നമീബിയന്‍ ഡ്രൂമിലന്‍സ് എന്നാണ് ഭൂമിശാസ്ത്രപരമായ ഈ പ്രത്യേകതകളെ വിളിക്കുന്നത്. ഈ നമീബിയന്‍ ഡ്രുമിലന്‍സാണ് മരുഭൂമിയുടെ ഭൂതകാലം കണ്ടെത്തുന്നതിനു ചൂണ്ടുപലകയായതും.

ഈ മേഖലയിലേക്ക് ഫീല്‍ഡ് ട്രിപ്പിനായി എത്തിയ സമയത്താണ് ഗ്രഹാമും സാറയും ഈ പ്രദേശത്തിന്‍റെ ഭൂമിശാസ്ത്രപരമായ ഈ പ്രത്യേകത ശ്രദ്ധിക്കുന്നത്. ഇരുവരും ജനിച്ച് വളര്‍ന്ന പ്രദേശവും ഒരിക്കല്‍ മഞ്ഞുപാളികള്‍ നിറഞ്ഞ  വടക്കന്‍ അമേരിക്ക ആയതിനാല്‍ അവിടുത്തെയും നമീബിയയിലെ മരുഭൂമേഖലയിലെയും കുന്നുകളിലുള്ള സാമ്യം ഇവര്‍ ശ്രദ്ധിച്ചു. മഞ്ഞുപാളികള്‍ നിറഞ്ഞ മേഖലയില്‍ സംഭവിക്കുന്ന ഇറോഷന്‍ അഥവാ മഞ്ഞുരുകി ഒലിക്കുമ്പോഴുണ്ടാകുന്ന മണ്ണൊലിപ്പിന്‍റെ ഫലമായാണ് ഈ സവിശേഷമായ ഭൂപ്രകൃതി സൃഷ്ടിക്കപ്പെടുന്നത്. ഈ തിരിച്ചറിവാണ് നമീബിയന്‍ മരുഭൂമിയുടെ ഭൗമാന്തര്‍ഭാഗത്തെ സാംപിളുകൾ ശേഖരിക്കാനും ഒടുവില്‍ മഞ്ഞുപാളികള്‍ നിറഞ്ഞ ഭൂതകാലം കണ്ടെത്താനും സഹായിച്ചത്.

മഞ്ഞുമലകള്‍ മരുഭൂമികളായത്

Namibia Desert

തെക്കേ അമേരിക്കയില്‍ നിന്നു വേര്‍പെട്ടു യാത്ര തുടങ്ങിയ ആഫ്രിക്ക ഭൂമധ്യരേഖ പ്രദേശത്താണെത്തിനിന്നത്. ഇതില്‍ നമീബിയ ഉള്‍പ്പെടുന്ന മേഖല ദക്ഷിണാർധത്തില്‍ തന്നെ തുടര്‍ന്നു എങ്കിലും ദക്ഷിണ ധ്രുവത്തില്‍നിന്ന് അകന്നു പോയി. ഈ യാത്രയ്ക്കിടെ തന്നെ നമീബിയന്‍ മേഖലയിലെ മഞ്ഞു പാളികള്‍ നഷ്ടപ്പെട്ടിരുന്നു. പക്ഷേ പ്രദേശം മരുഭൂമിയാകാന്‍ കാരണമായത് ഈ യാത്രയല്ല. യാത്രയ്ക്കു ശേഷം നമീബിയന്‍ മരുഭൂമിയുടെ മേഖല എത്തിപ്പെട്ടത് ഭൂഖണ്ഡത്തിന്‍റെ തെക്കു പടിഞ്ഞാറന്‍ പ്രദേത്തു സമുദ്രത്തോടു ചേര്‍ന്നാണ്. അതും ഭൂമധ്യരേഖയ്ക്കും ട്രോപിക്  ഓഫ് കാപ്രികോണിനും നടുവിലായാണ്.

ഭൂമധ്യരേഖാ പ്രദേശത്ത് നിന്നുമാറി എന്നാല്‍ ട്രോപിക് ഓഫ് കാപ്രികോണിനും കാന്‍സറിനും സമീപത്തായാണ് ഭൂമിയിലെ ഉഷ്ണമേഖലാ മരുഭൂമികള്‍ എല്ലാം സ്ഥിതി ചെയ്യുന്നതെന്നു കാണാം. ഇതിനു കാരണം ട്രോപ്പിക്കല്‍ ഈസ്റ്റേര്‍ലി വിന്‍ഡ് എന്നറിയപ്പെടുന്ന കാറ്റുകളാണ്. കിഴക്കു നിന്നു വീശുന്ന ഈ കാറ്റുകള്‍ കരയുടെ പടിഞ്ഞാറു ഭാഗത്തേക്കെത്തുമ്പോഴേക്കും ഈര്‍പ്പം നഷ്ടപ്പെട്ടു വരണ്ടു പോയിരിക്കും. ഇതോടെ ഈ കാറ്റ് പിന്നീടുള്ള ഭൂപ്രദേശങ്ങളിലെ ഈര്‍പ്പം വലിച്ചെടുത്താണ് യാത്ര തുടരുക. ഇങ്ങനെ ഈര്‍പ്പം വലിച്ചെടുക്കപ്പെടുന്നതോടെ പടിഞ്ഞാറന്‍ മേഖലയില്‍ ജലാംശം ഇല്ലാതാവുകയും ക്രമേണ മരുഭൂമി ആവുകയും ചെയ്യും. ഈ പ്രതിഭാസം തന്നെയാണ് നമീബിയയെയും മരുഭൂമിയാക്കി മാറ്റിയത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HABITAT & POLLUTION
SHOW MORE
FROM ONMANORAMA