കണ്ടൽക്കാടുകളുടെ കാർബൺ സംഭരണ ശേഷി അപാരം; അമ്പരന്ന് ശാസ്ത്രലോകം!

HIGHLIGHTS
  • കാർബണിനെ വൻതോതിൽ ആഗിരണം ചെയ്ത് 'സ്വന്തം ശരീരത്തിൽ' സൂക്ഷിക്കും
  • ഉഷ്ണമേഖലാ വനങ്ങളേക്കാൾ നാലിരട്ടി കാർബൺ സംഭരണശേഷിയുണ്ട്
Mangroves Hold Vast Stores of Carbon
SHARE

കണ്ടൽക്കാടിന്റെ ഗുണങ്ങൾ എത്രയോ കേട്ടിരിക്കുന്നു നമ്മൾ. മണ്ണൊലിപ്പു തടയുന്നു, വെള്ളപ്പൊക്കത്തിന്റെയും മറ്റു പ്രകൃതി ദുരന്തങ്ങളുടെയും ആഘാതം കുറയ്ക്കുന്നു, വിവിധ ജീവജാലങ്ങൾക്ക് മികച്ച ആവാസവ്യവസ്ഥയൊരുക്കുന്നു. സെൻട്രൽ മറൈൻ ഫിഷറീസ് റിസർച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ (സിഎംഎഫ്ആർഐ) പുതിയ പഠനം ആഗോളതാപനം കുറയ്ക്കാൻ കണ്ടൽക്കാടുകൾ വഹിക്കുന്ന പങ്കിനെക്കുറിച്ചാണ്. അന്തരീക്ഷത്തിലുള്ള കാർബണിനെ വൻതോതിൽ ആഗിരണം ചെയ്ത് ‘സ്വന്തം ശരീരത്തിൽ’ സൂക്ഷിക്കുന്നതാണ് 

ഹരിതഗൃഹ വാതകമായ കാർബൺ ഡയോക്സൈഡ് അന്തരീക്ഷത്തിൽ കുറയുന്നതോടെ ചൂടും കുറയും. അതേസമയം, കണ്ടലുകൾ നശിപ്പിക്കപ്പെട്ടാൽ ചൂട് കൂടുമെന്നും ഉറപ്പ്. ചെടിയിലെ കാർബൺ തിരികെ അന്തരീക്ഷത്തിലേക്കു സ്വതന്ത്രമാകുമെന്നതാണു കാരണം. ഉഷ്ണമേഖലാ വനങ്ങളേക്കാൾ കണ്ടൽക്കാടുകൾക്ക് നാലിരട്ടി കാർബൺ സംഭരണശേഷിയുണ്ടെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്.

സിഎംഎഫ്ആർഐ ശാസ്ത്രജ്ഞർ കടലുണ്ടി കണ്ടൽക്കാടുകളിൽ നടത്തിയ പഠനമാണ് പൂർത്തിയായിരിക്കുന്നത്. ഒരു ഹെക്ടർ കണ്ടൽക്കാടിൽ മണ്ണിനുമുകളിലുള്ള ഭാഗത്ത് 83 ടൺ കാർബൺ സംഭരിച്ചിട്ടുണ്ടെന്നാണു കണ്ടെത്തൽ. വേരുകളിലായി 35 ടണ്ണും മണ്ണിൽ സംഭരിച്ച നിലയിൽ 64 ടണ്ണുമുണ്ട്.

ഒരു ഹെക്ടറിൽ മൊത്തം 182 ടൺ കാർബണാണ് ഇങ്ങനെ സംഭരിച്ചുവച്ചിരിക്കുന്നത്. അതായത് 669 ടൺ കാർബൺ ഡയോക്സൈഡിനെ അന്തരീക്ഷത്തിൽനിന്ന് ആഗീരണം ചെയ്തിട്ടുണ്ടെന്നു ചുരുക്കം. 13.23 ഹെക്ടർ വരുന്ന കടലുണ്ടി തണ്ണീർത്തടത്തിലെ കണ്ടൽക്കാടിന് മൊത്തം 8,844 ടൺ കാർബൺ ഡയോക്സൈഡ് വലിച്ചെടുത്ത് സൂക്ഷിക്കാൻ സാധിക്കും.

സിഎംഎഫ്ആർഐ കോഴിക്കോട് കേന്ദ്രത്തിലെ പ്രിൻസിപ്പൽ സയന്റിസ്റ്റും സയന്റിസ്റ്റ് ഇൻചാർജുമായ ഡോ. പി.കെ.അശോകൻ, പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. കെ.വിനോദ്, കൊച്ചി കേന്ദ്രത്തിലെ പ്രിൻസിപ്പൽ സയന്റിസ്റ്റും വകുപ്പുമേധാവിയുമായ ഡോ. പി.യു.സക്കറിയ എന്നിവരുടെ നേതൃത്വത്തിലാണു പഠനം.

കേരളത്തിന്റെ മറ്റുഭാഗങ്ങളിലും ഇതുസംബന്ധിച്ച പഠനം തുടരും. ഇന്തൊനീഷ്യ, ഫിലിപ്പൈൻസ് തുടങ്ങിയ ദക്ഷിണ പൂർവേഷ്യൻ രാജ്യങ്ങളിലും ഈ രംഗത്ത് പഠനങ്ങൾ നടക്കുന്നുണ്ട്. ലോകത്തെവിടെയാണെങ്കിലും കണ്ടൽക്കാടുകളെപ്പറ്റി പഠിക്കുന്നവർക്കെല്ലാം പറയാൻ ഒന്നേയുള്ളൂ. ഒരിക്കലും നശിപ്പിക്കരുത്, കണ്ടലുകൾ വളരട്ടെ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HABITAT & POLLUTION
SHOW MORE
FROM ONMANORAMA