പുഴയെ മറന്നു, തമിഴ്നാടിന് 100 കോടി പിഴ

HIGHLIGHTS
  • കൂവം, അഡയാർ നദികൾ പുനരുദ്ധരിക്കുന്നതിൽ വീഴ്ചവരുത്തിയതിന്റെ പശ്ചാത്തലത്തിൽ
  • നഗരത്തിലൂടെ ഒഴുകുന്ന നദികളിൽ ഏറ്റവും മലിനമാക്കപ്പെട്ടത് ഈ നദികൾ
River
SHARE

ജല സ്രോതസ്സുകൾ മലിനമാകുന്നതു  തടയുന്നതിൽ പരാജയപ്പെട്ടുവെന്നാരോപിച്ചു തമിഴ്നാട് സർക്കാരിനു ദേശീയ ഹരിത ട്രൈബ്യൂണൽ 100 കോടി രൂപ പിഴ വിധിച്ചു. കൂവം, അഡയാർ നദികൾ പുനരുദ്ധരിക്കുന്നതിൽ വീഴ്ചവരുത്തിയതിന്റെ പശ്ചാത്തലത്തിലാണു നടപടി. പല കാരണങ്ങളാൽ നഷ്ടപ്പെട്ടു പോയ ജല സ്രോതസ്സുകൾ വീണ്ടെടുക്കുന്നതിൽ സംസ്ഥാന സർക്കാർ ദയനീയമായി പരാജയപ്പെട്ടുവെന്നു എൻജിടി ആരോപിച്ചു. 

ഇത്തരം കേസുകളുമായി ബന്ധപ്പെട്ട ഒട്ടേറെ പരാതികൾ തീർപ്പാക്കിക്കൊണ്ടാണ് വിധി. മലിനീകരണം തടയുന്നില്ലെന്നു മാത്രമല്ല, ജല സ്രോതസ്സുകൾ മലിനമാർക്കുന്നവർക്കു സർക്കാർ ഒത്താശ ചെയ്യുകയാണെന്നു എൻജിടി വിമർശിച്ചു. 2015-ൽ നദികൾ ശുചീകരിക്കുന്നതുമായി ബന്ധപ്പെട്ട് എൻജിടി ഉത്തരവു പുറപ്പെടുവിച്ചിരുന്നു. ഇതു സർക്കാർ നടപ്പാക്കിയില്ലെന്നാരോപിച്ചുള്ള ഹർജികൾ പരിഗണിച്ചാണു നടപടി. 

ലോകത്തിലെ ഏതെങ്കിലും നഗരത്തിലൂടെ ഒഴുകുന്ന നദികളിൽ ഏറ്റവും മലിനമാക്കപ്പെട്ടവയെന്ന ചീത്തപ്പേര് ചെന്നൈ നഗരത്തിലൂടെ ഒഴുകുന്ന കൂവത്തിനും അഡയാർ നദിക്കുമായിരിക്കും. വർഷങ്ങൾക്കു മുൻപ്  ഇവ എല്ലാ സൗന്ദര്യത്തോടെയുകൂടിയൊഴുകിയ പുഴകളായിരുന്നു. പിന്നീട് എല്ലാ വിധ മാലിന്യങ്ങളും വഹിച്ചൊഴുകുന്ന  ജലരേഖ മാത്രമായി മാറി. നഗരത്തിനു മുതൽകൂട്ടാകാവുന്ന  രണ്ടു നദികൾ ഇങ്ങനെ നശിപ്പിക്കപ്പെട്ടിട്ടും സർക്കാർ ഇതു കണ്ടില്ലെന്നു  നടിക്കുകയാണെന്നു എൻജിടി ഉത്തരവിൽ കുറ്റപ്പെടുത്തി. 

പരിസ്ഥിതിക്കുണ്ടായ നാശം തടയുന്നതിൽ പരാജയപ്പെട്ടതിനു കേന്ദ്ര  മലിനീകരണ നിയന്ത്രണ ബോർഡിൽ 100 കോടി നഷ്ടപരിഹാരം കെട്ടിവയ്ക്കണം. കൂവം, അഡയാർ നദികൾ പുനരുദ്ധരിക്കുന്നതിനുള്ള വിശദ മാർഗ  രേഖ തയ്യാറാക്കുന്നതിനു വിദഗ്ധ സമിതിയെ നിയോഗിക്കണം. കേന്ദ്ര മലിനീകരണ  നിയന്ത്രണ അതോറിറ്റി, ബെംഗളുരു ഇന്ത്യൻ  ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, മദ്രാസ് സ്കൂൾ ഓഫ്  ഇക്കണോമിക്സ്, സംസ്ഥാന മലിനീകരണ നിയന്ത്രണ  ബോർഡ്, എൻഇഇആർഐ തുടങ്ങിയ ഏജൻസികളിലെ വിദഗ്ധരെ സമിതിയിൽ ഉൾപ്പെടുത്തണം. മൂന്നു മാസത്തിനകം കമ്മിറ്റി റിപ്പോർട്ട് സമർപ്പിക്കണം.  ഇതു നടപ്പാക്കുന്നതിനുള്ള നോഡൽ ഏജ‍ൻസി സംസ്ഥാന  മലിനീകരണ നിയന്ത്രണ ബോർഡായിരിക്കുമെന്നു ഉത്തരവിൽ ചൂണ്ടിക്കാട്ടി. 

ഉത്തരവുകൾ നടപ്പാക്കുന്നതിൽ തമിഴ്നാട് സർക്കാർ ഇനി വീഴ്ചവരുത്തിയാൽ കർശന നടപടി  നേരിടേണ്ടിവരും. എൻജിടി വിധി പ്രകാരമുള്ള നടപടികളിലെ പുരോഗതി അറിയിക്കാൻ ചീഫ് സെക്രട്ടറി ഏപ്രിൽ 24നു നേരിട്ടു  ഹാജരാകണമെന്നും എൻജിടി  ഉത്തരവിട്ടു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HABITAT & POLLUTION
SHOW MORE
FROM ONMANORAMA