ആന്ത്രൊപ്പൊസീൻ കാലഘട്ടം എന്നാണു നാം ജീവിക്കുന്ന ഇക്കാലത്തിനു ഗവേഷകർ നൽകിയിരിക്കുന്ന പേര്. ഭൂമിയുടെ കാലാവസ്ഥയിലും പരിസ്ഥിതിയിലും ഉൾപ്പെടെ മാറ്റം വരുത്താവുന്ന വിധം മനുഷ്യന്റെ ഇടപെടൽ ശക്തമാകുന്ന കാലം എന്നർഥം. ആ ‘മാറ്റം’ പലപ്പോഴും നശീകരണ സ്വഭാവമുള്ളതാണ്– ആവാസവ്യവസ്ഥയെപ്പോലും തകിടം മറിക്കുന്നവ. അത്തരമൊരു വാർത്തയാണ് ആര്‍ടിക് പ്രദേശത്തു നിന്നെത്തിയിരിക്കുന്നത്. മനുഷ്യന്റെ അധിനിവേശം അധികമൊന്നും എത്താത്ത ആർടിക് പ്രദേശത്തെ പക്ഷികളുടെ മുട്ടയിൽ മാരക രാസവസ്തുവിന്റെ സാന്നിധ്യം കണ്ടെത്തിരിക്കുന്നു.
ശരീരത്തിലെ ഹോർമോണുകളുടെ താളംതെറ്റിക്കുന്ന ‘ഫാലേറ്റ്സ്’ രാസവസ്തുവാണ് ഫുൽമർ എന്ന കടൽപ്പക്ഷികളുടെ മുട്ടയിൽ കണ്ടെത്തിയത്. പ്ലാസ്റ്റിക് നിർമാണത്തിൽ വ്യാപകമായി ഉപയോഗിക്കുന്നതാണ് ഈ രാസവസ്തു. ആർട്ടിക്കിലെ കടൽപ്പക്ഷികളുടെ മുട്ടകളിലേക്ക് ഈ മാരകവിഷം കടന്നുകയറിയതും പ്ലാസ്റ്റിക് വഴിയാണ്. കടലിലേക്കു വലിച്ചെറിയപ്പെട്ട്, അതിസൂക്ഷ്മമായി പൊടിഞ്ഞു വെള്ളത്തിൽ ചേർന്ന പ്ലാസ്റ്റിക് തരികൾ വഴി. കനേഡിയൻ ആർട്ടിക്കിലെ ഏറ്റവും വിദൂര ഭാഗത്തു ജീവിക്കുന്ന ഫുൽമർ പക്ഷികളുടെ മുട്ടയാണു ഗവേഷകർ പരിശോധിച്ചത്. ഇതിന്റെ വിശദവിവരങ്ങൾ യുഎസിൽ നടന്ന അമേരിക്കൻ അസോസിയേഷൻ ഫോർ ദ് അഡ്വാൻസ്മെന്റ് ഓഫ് സയൻസ് വാർഷിക സമ്മേളനത്തിൽ അവതരിപ്പിക്കുകയും ചെയ്തു.

നേരത്തേ മീനുകളുടെ ശരീരത്തിൽ ഫ്തലേറ്റ്സിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഇത്തരം മത്സ്യങ്ങളെ തിന്നുന്നതിലൂടെയായിരിക്കാം പക്ഷികളിലേക്കും ഈ രാസവസ്തു എത്തിയെന്നു കരുതുന്നു. ഭക്ഷണത്തിൽ നിന്നു നേരിട്ട് രക്തത്തിലേക്ക് ഇതു കലരുന്നു. അവിടെ നിന്നു മുട്ടയിലേക്കും. മുട്ടയിൽ ഭ്രൂണത്തിനു സഹായകമായ പോഷകങ്ങൾ എത്തിക്കുന്ന ഭാഗത്താണ് ഈ രാസവസ്തുവിന്റെ സാന്നിധ്യം. അതോടെ, ജനിക്കുന്നതിനു മുൻപേ തന്നെ ഇവ പക്ഷിക്കുഞ്ഞുങ്ങളുടെ ശരീരത്തിൽ നിറയാൻ കാരണമാകുന്നു. ഹോർമോൺ വ്യതിയാനത്തിനിടയാക്കുന്നതിനാൽ കൃത്യമായ രൂപമില്ലാതായിരിക്കും മിക്കവാറും പക്ഷിക്കുഞ്ഞുങ്ങൾ ജനിക്കുക. പ്രത്യുൽപാദന വ്യവസ്ഥയെയും ഈ രാസവസ്തു ദോഷകരമായി ബാധിക്കും. വന്ധ്യതയ്ക്കു വരെ കാരണമാകും. ഇത് ഒരു വംശം തന്നെ ഇല്ലാതായിപ്പോകാനും വഴിതെളിക്കും.

പ്ലാസ്റ്റിക് വസ്തുക്കൾ കൂടുതൽ കാലം നിലനിൽക്കാനും ‘ഫ്ലെക്സിബിൾ’ ആകാനുമൊക്കെയാണ് ഫാലേറ്റ്സ് ഉപയോഗിക്കുന്നത്. പെയിന്റിലും നെയിൽ പോളിഷിലും ഹെയർ സ്പ്രേയിലും ഷാംപൂവിലും സോപ്പിലും പെർഫ്യൂമിലുമെല്ലാം ഇതിന്റെ സാന്നിധ്യമുണ്ട്. ഫാലേറ്റുകളുടെ എസ്ഡിപിഎ, ബിഇസഡ്ടി–യുവി എന്നീ വകഭേദങ്ങളാണ് ആർട്ടിക്കിൽ കണ്ടെത്തിയത്. എളുപ്പത്തിൽ ദ്രവിച്ചു പോകാതിരിക്കാനും സൂര്യപ്രകാശമേറ്റ് നിറം മങ്ങാതിരിക്കാനും പ്ലാസ്റ്റിക്കിൽ ചേർക്കുന്ന രാസവസ്തുക്കളാണിവ. പക്ഷികൾക്കു മാത്രമല്ല, മനുഷ്യർക്കു കൂടി വരാനിരിക്കുന്ന (ഒരുപക്ഷേ സംഭവിച്ചു കഴിഞ്ഞ) ദുരന്തത്തെപ്പറ്റിയുള്ള സൂചനയാണ് ഈ പഠനത്തിലൂടെ പുറത്തുവന്നിരിക്കുന്നത്. വൻതോതിൽ പ്ലാസ്റ്റിക് തള്ളിയിരിക്കുന്ന ഭാഗങ്ങളിൽ കൂടുതൽ പഠനം നടത്തിയാൽ മാത്രമേ ഫാലേറ്റ്സ് എത്രമാത്രം മനുഷ്യരുടെ ശരീരത്തിലേക്കും എത്തുന്നുണ്ടെന്നു വ്യക്തമാവുകയുള്ളൂ. അടുത്തിടെ ഫ്ലോറിഡയിൽ നിന്നു വന്ന പഠനം അനുസരിച്ച് അവിടത്തെ 70% ഡോൾഫിനുകളുടെ ശരീരത്തിലും ഫ്തലേറ്റ്സിന്റെ സാന്നിധ്യമുണ്ടായിരുന്നു. മനുഷ്യവംശത്തെപ്പോലും ബാധിക്കും വിധം ഫാലേറ്റ്സ് ഭീഷണി നിറയുമ്പോൾ ഇവയെല്ലാം ഒരു സൂചനയായി കണ്ടു നടപടി സ്വീകരിക്കണമെന്നാണ് പരിസ്ഥിതി സ്നേഹികൾ ആവശ്യപ്പെടുന്നത്.