ചിന്നാർ വന്യജീവി സങ്കേതത്തിൽ അപൂർവമായ ചാമ്പൽ മലയണ്ണാന്റെ എണ്ണം നൂറു കവിഞ്ഞു. വംശനാശഭീഷണി നേരിടുന്ന ചാമ്പൽ മലയണ്ണാൻ തമിഴ്നാട്ടിലെ തേനി ശ്രീവല്ലിപുതൂർ, കാവേരി എന്നീ വന്യജീവി സങ്കേതങ്ങളിലും തിരുവണ്ണാമലൈ ഡിവിഷൻ, ആനമല കടുവാ സങ്കേതം, ഹൊസൂർ ഫോറസ്റ്റ് ഡിവിഷൻ തുടങ്ങിയ ഭാഗങ്ങളിലും കാണപ്പെടുന്നുണ്ട്.
2017-18 വര്‍ഷത്തില്‍ വനംവകുപ്പ് നടത്തിയ സര്‍വേയില്‍ 68 ചാമ്പല്‍ മലയണ്ണാന്റെ നേരിട്ടുള്ള സാന്നിധ്യം രേഖപ്പെടുത്തിയിരുന്നു. 2014ൽ 40 എണ്ണം മാത്രമാണ് ഇവിടെയുണ്ടായിരുന്നത്. ചിന്നാര്‍ പാമ്പാര്‍ പുഴയോരങ്ങളില്‍ സമൃദ്ധമായി വളരുന്ന കാട്ടുമാവ്, നീര്‍മരുത്, വാക, പാല, ഞാവല്‍, പുളി തുടങ്ങിയ മരങ്ങളിലാണ് കൂടുതലായും ചാമ്പല്‍ മലയണ്ണാനെ കണ്ടെത്തിയത്. റെറ്റുഫാ മാക്രോറ എന്നാണ് ഇവയുടെ ശാസ്ത്രീയ നാമം. പശ്ചിമഘട്ടങ്ങളില്‍ സാധാരണയായി കാണപ്പെടുന്ന ചാമ്പല്‍ മലയണ്ണാനേക്കാൾ അല്പം ചെറുതാണിവ. പുഴയോര ആവാസവ്യവസ്ഥയുടെ ശോഷണവും വേട്ടയാടലുമാണ് ഇവ നേരിടുന്ന പ്രധാന ഭീഷണി. ഈ രണ്ടു ഘടകങ്ങളും ചിന്നാറിലില്ലാത്തതാണ് ചാമ്പല്‍ മലയണ്ണാന്റെ എണ്ണം വർധിക്കാൻ കാരണം.

മൂന്നാർ വൈൽഡ് ലൈഫ് വാർഡൻ ആർ. ലക്ഷ്മി, ചിന്നാർ അസി.വൈൽഡ് ലൈഫ് വാർഡൻ പി. എം.പ്രഭു, കൺസർവേഷൻ ബയോളജിസ്റ്റ് ഡോ.രാജൻ, ഡപ്യൂട്ടി റേഞ്ച് ഓഫിസർ മനോജ് ചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സർവേ.