കണ്ടെത്തിയത് പുതിയ ഇനം തരാന്തുലയെ; നിയമക്കുരുക്കില്‍ പെട്ട് ഗവേഷകര്‍

Blue Tarantula
SHARE

എന്തിനാണ് ഗവേഷകര്‍ ഓരോ ജീവികളെയും പിടിച്ചു വിശദമായി പരിശോധിക്കുന്നതെന്നും അതിനെക്കുറിച്ചു പഠനം നടത്തുന്നതെന്നും ചോദിക്കുന്നവരുണ്ട്. ജീവികളെ അവയുടെ സ്വാഭാവികമായ അവസ്ഥയില്‍ ജീവിക്കാനും അതിജീവിക്കാനും അനുവദിക്കണമെന്നു വാദിക്കുന്നവരാണിവര്‍. പക്ഷേ ഈ ചോദ്യത്തിനു മറുപടിയായി ഗവേഷകര്‍ ഉയര്‍ത്തുന്ന വാദം മറ്റൊന്നാണ്. ഇത്തരം ഗവേഷണങ്ങളിലൂടെയാണ് പുതിയ ഇനം ജീവികളെ തിരിച്ചറിയാന്‍ സാധിക്കുന്നതെന്നും അതുകൊണ്ടാണ് വംശനാശം സംഭവിച്ചേക്കാവുന്ന പല ജീവികളുടെയും സംരക്ഷണം സാധ്യമാകുന്നതെന്നുമാണ് ഇവരുടെ വിശദീകരണം.

ഏതായാലും ഇത്തരമൊരു പുതിയ ഇനം ജീവിയെ കണ്ടെത്തിയതിന്‍റെ പേരില്‍ മലേഷ്യയില്‍ നിയമക്കുരുക്കില്‍ പെട്ടിരിക്കുകയാണു മൂന്ന് ബ്രിട്ടിഷ് ഗവേഷകര്‍. മലേഷ്യന്‍ വനം വകുപ്പ് അധികൃതരുടെ അനുവാദമില്ലാതെ വനത്തിലെ ചിലന്തതികളെ കുറിച്ചു പഠനം നടത്തിയതിനും ഇവയുടെ സാംപിളുകളും ജനിതക വിവരങ്ങളും യൂറോപ്പിലേക്ക് അനധികൃതമായി കയറ്റി അയച്ചതിനുമാണു കേസ്. ഇതോടെ മാസങ്ങളോളം നീണ്ട പഠനത്തിന്‍റെ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചെങ്കിലും ഈ കണ്ടെത്തല്‍ ശാസ്ത്രലോകം അംഗീകരിക്കാതിരിക്കുമോ എന്ന ആശങ്കയിലാണ് ഈ ഗവേഷക സംഘം.

സുന്ദരനായ തരാന്തുല എട്ടുകാലി

വിഷത്തിന്‍റെയും വലുപ്പത്തിന്‍റെയും കാര്യത്തില്‍ ചിലന്തികള്‍ക്കിടയിലെ രാജവെമ്പാലയാണ് തരാന്തുല ചിലന്തികള്‍. സാധാരണയായി തവിട്ടു നിറത്തിലും കറുപ്പു നിറത്തിലുമാണ് ഇവയെ കാണാറുള്ളത്. മനുഷ്യരുടെ കൈപ്പത്തിയേക്കാള്‍ വലിപ്പമുണ്ടാകും പല ഇനം തരാന്തുലകള്‍ക്കും. തെക്കേ അമേരിക്ക, ഓസ്ട്രേലിയ, തെക്കുകിഴക്കനേഷ്യ എന്നിവിടങ്ങളാണ് ഇവയുടെ സ്വാഭാവിക വാസസ്ഥലം. എന്നാല്‍ പതിവായി കാണുന്ന നിറങ്ങളില്‍നിന്നു വ്യത്യസ്തനായ ഒരു തരാന്തുല ചിലന്തിയെയാണു മലേഷ്യയില്‍ നിന്നു കണ്ടെത്തിയത്.

2017 ല്‍ മലേഷ്യയിലെ കാടുകളിലൂടെയുള്ള യാത്രക്കിടെ ഷിയാന്‍ ലീ എന്ന ഫൊട്ടോഗ്രാഫറാണ് ഈ ചിലന്തിയെ കണ്ടതും ഇതിന്‍റെ ചിത്രമെടുത്തതും. ശരീരത്തിനു പതിവു പോലെ തവിട്ടു നിറമാണെങ്കിലും ഈ തരാന്തുലയുടെ കാലുകള്‍ കാണപ്പെട്ടത് നീലയും കറുപ്പും ഇടകലര്‍ന്ന നിറത്തിലാണ്. ഇത് ഈ തരാന്തുലയെ സുന്ദരനാക്കി മാറ്റുകയും ചെയ്യുന്നുണ്ട്. നേരിട്ടു കണ്ടിരുന്നില്ലെങ്കില്‍ ആരെങ്കിലും ഫൊട്ടോഷോപ്പ് ചെയ്ത ചിലന്തിയുടെ ചിത്രമെന്ന് താന്‍ കരുതിയേനെയെന്നാണ് ഷിയാന്‍ ലീ തന്നെ ഇതേക്കുറിച്ചു പറഞ്ഞത്. ചിലന്തിയുടെ ചിത്രങ്ങള്‍ ഫേസ്ബുക്കിലൂടെ ഷിയാന്‍ ലീ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. 

ചിത്രത്തിലെ ചിലന്തിയെ അന്വേഷിച്ചുള്ള യാത്ര

ചിത്രമെടുത്തെങ്കിലും ചിലന്തിയുടെ വംശമേതെന്നോ ഗോത്രമേതെന്നോ ഷിയാന്‍ലീക്ക് അറിവുണ്ടായിരുന്നില്ല. അതിനാല്‍ തന്നെ താൻ ചിത്രമെടുത്തത് ഇതുവരെ കണ്ടെത്താത്ത ഒരു ചിലന്തിയുടേതാണെന്നും ഷിയാന്‍ ലീക്കു മനസ്സിലായില്ല. എന്നാല്‍ ഷിയാന്‍ ലീയുടെ ചിത്രങ്ങള്‍ കണ്ട ബ്രിട്ടനിലെ ഒരു പറ്റം ഗവേഷകര്‍ ഈ ചിലന്തിയിലുള്ള സാധ്യത തിരിച്ചറിഞ്ഞു. വൈകാതെ ഡാനിയല്‍ ഷ്രീവുഡ് എന്ന ജൈവശാസ്ത്രജ്ഞയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം മലേഷ്യയിലേക്കു യാത്ര തിരിച്ചു.

മലേഷ്യയില്‍ മാസങ്ങള്‍ നീണ്ട പഠനത്തിനൊടുവില്‍ ഷിയാന്‍ ലീ കണ്ടെത്തിയത് പുതിയ തരാന്തുല ചിലന്തി വര്‍ഗത്തെയാണെന്നു ഷ്രീവുഡും സംഘവും തിരിച്ചറിഞ്ഞു. ഈ പഠനത്തിനിടെ ഇവര്‍ ചില ചിലന്തികളെ ശേഖരിക്കുകയും ഇവയുടെ സാംപിളുകള്‍ ബ്രിട്ടനിലേക്കയയ്ക്കുകയും ചെയ്തു. ബ്രിട്ടനിലെത്തി പഠനം പൂര്‍ത്തിയാക്കി ബ്രിട്ടിഷ് തരാന്തുല ജേര്‍ണലില്‍ തങ്ങളുടെ പഠനം ഇവര്‍ പ്രസിദ്ധീകരിച്ചു. ഇതിനിടെ പഠനത്തില്‍ പങ്കെടുത്ത മൂന്നു പേരുടെയും കുട്ടികളുടെ പേര് ചേര്‍ത്ത് ബൈറപ്പസ് സൈമോറോക്സിഗോറം ( Simon, Roxanne, Igor) എന്ന പേരും ഇവര്‍ ഈ തരാന്തുല വര്‍ഗത്തിനു നല്‍കി. 

എന്നാല്‍ ജേര്‍ണലില്‍ പഠനം പ്രസിദ്ധീകരിച്ചതോടെ ഗവേഷകര്‍ക്കെതിരെ മലേഷ്യന്‍ വനം വകുപ്പു രംഗത്തെത്തി. ഗവേഷകർ പഠനം നടത്തിയതും മലേഷ്യയില്‍ നിന്നു ചിലന്തികളെ കയറ്റി അയച്ചതും അനുവാദമില്ലാതെയാണെന്ന് ഇവര്‍ വാദിച്ചു. ഗവേഷകര്‍ക്കെതിരെ മലേഷ്യയില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. അമേരിക്ക ഉള്‍പ്പടെ പല രാജ്യങ്ങളിലും മറ്റൊരു രാജ്യത്തെ വന്യജീവി നിയമം ലംഘിച്ചാല്‍ സ്വന്തം പൗരന്‍മാര്‍ക്കെതിരെ കേസെടുക്കാറുണ്ട്. എന്നാല്‍ ബ്രിട്ടനില്‍ ഈ നിയമമില്ലാത്തത് ഗവേഷകരെ നിയമ നടപടികളില്‍ നിന്നു തല്‍ക്കാലം രക്ഷപ്പെടുത്തി.

എന്നാല്‍ ഇവരുടെ പഠനം ഇപ്പോള്‍ ഐയുസിഎന്‍ ഉള്‍പ്പടെയുള്ള രാജ്യാന്തര സംഘടനകള്‍ അംഗീകരിക്കുമോയെന്നത് അനിശ്ചിതത്വത്തിലാണ്. കാരണം വന്യജീവി നിയമം ലംഘിച്ചു നടത്തുന്ന പഠനങ്ങള്‍ ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നാണ് ഇത്തരം സംഘടനകളുടെ നിലപാട്. കാര്യങ്ങള്‍ കൈവിട്ടു പോകുമെന്നു കണ്ടതോടെ ഇപ്പോള്‍ സംഭവിച്ച കാര്യങ്ങള്‍ വിശദീകരിച്ച് ഷ്രീവുഡ് ഫേസ് ബുക്കില്‍ പഠനത്തിന്‍റെ വിശദാംശങ്ങള്‍ പോസ്റ്റ് ചെയ്തു. 

ചിലന്തിയെ കണ്ടെത്തിയതിന് ഷിയാന്‍ ലീയെ അഭിനന്ദിച്ചു കൊണ്ട് തുടങ്ങുന്ന പോസ്റ്റില്‍ തങ്ങള്‍ മലേഷ്യന്‍ നിയമങ്ങള്‍ ലംഘിച്ചില്ലെന്നു ഡാനിയല്‍ ഷ്രീവുഡ് വാദിക്കുന്നു. ചിലന്തികളുടെ സാംപിളുകള്‍ ശേഖരിച്ചത് പഠനത്തിനു വേണ്ടിയാണ്. ഇവയെല്ലാം സുരക്ഷിതമാണ്. പഠനം പൂര്‍ത്തിയായാല്‍ ഇവയേയും ഇവയ്ക്ക് പ്രത്യുൽപാദനത്തിലൂടെ കുട്ടികളുണ്ടായാല്‍ അവയേയും തിരികെ മലേഷ്യന്‍ കാടുകളിലെത്തിക്കാമെന്നും ഷ്രീവുഡ് പറയുന്നു. ഏതായാലും പഠനത്തിനു വേണ്ടി പ്രകൃതിക്ക് ദോഷം വരുന്ന തരത്തില്‍ ഗവേഷകര്‍ പ്രവൃത്തിച്ചെന്ന് ഒരു സംഘം വാദിക്കുമ്പോള്, ഇത് ജൈവവൈവിധ്യ സംരക്ഷണത്തിനു വേണ്ടിയുള്ള ശ്രമത്തിലാണെന്ന വാദമാണ് മറുഭാഗം ഉയര്‍ത്തുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HABITAT & POLLUTION
SHOW MORE
FROM ONMANORAMA