പുറത്തേക്കു തള്ളി നില്‍ക്കുന്ന കൂര്‍ത്ത പല്ലുകൾ, നീണ്ടു കൂർത്ത നഖങ്ങൾ; ടി റെക്സുകൾ പാവം ഭീകരജീവികളോ?

T rex
SHARE

ടൈറാനോസറസ് റക്സ് അഥവാ ടി റെക്സ് ദിനോസറുകള്‍ ആ ജീവി വര്‍ഗത്തിലെ പ്രധാനപ്പെട്ട ജീവികളായിരുന്നു. ജീവികൾക്കിടയിലെ വില്ലൻമാരായാണ് ഇവർ അറിയപ്പെടുന്നത്. ഇതിനു കാരണമായതാകട്ടെ ജുറാസിക് പാര്‍ക്ക് മുതല്‍ ഇങ്ങോട്ടുള്ള ദിനോസര്‍ ചിത്രങ്ങളിലെല്ലാം അവയ്ക്കു ലഭിച്ച വില്ലന്‍ പരിവേഷമാണ്. പുറത്തേക്കു തള്ളി നില്‍ക്കുന്ന കൂര്‍ത്ത പല്ലുകളും നീണ്ട നഖങ്ങളുള്ള കാലുകളും അതിവേഗത്തില്‍ ഓടാനുള്ള കഴിവും എന്തിനെയും കടിച്ചു കീറുന്ന ക്രൗര്യവുമെല്ലാം ചേര്‍ത്ത് കാഴ്ചയിലും സ്വഭാവത്തിലും ആരെയും പേടിപ്പെടുത്തുന്ന ഒന്നായാണ്  ടി റെക്സിനെ സിനിമാക്കാര്‍ സൃഷ്ടിച്ചത്. എന്നാല്‍ യഥാര്‍ത്ഥ ടി റെക്സ് ഇങ്ങനെയായിരുന്നില്ല എന്നാണു ഗവേഷകര്‍ പറയുന്നത്.

താറാവിനെ പോലെയുള്ള ടി റെക്സ്

നിരുപദ്രവകാരികളും അത്യാവശ്യം ഓമനത്തവുമൊക്കെയുള്ള ജീവികളാണ് താറാവുകള്‍. ഈ താറാവുകളെ പോലെ ആയിരുന്നു ടി റെക്സ് എന്നു പറഞ്ഞാല്‍ ആരും ഒന്നു വിശ്വസിക്കാന്‍ മടിക്കും. എന്നാല്‍ ഇതുവരെ ലഭിച്ച കുട്ടി ടി റെക്സുകളുടെ ഫോസിലുകള്‍ വച്ച് ടി റെക്സുകളുടെ കുട്ടിക്കാലത്ത് അവ പക്ഷികളോടാണ് കൂടുതല്‍ സാമ്യം പുലര്‍ത്തിയതെന്നാണു ഗവേഷകര്‍ പറയുന്നത്. പ്രത്യകിച്ചും അവയുടെ മുഖം താറാവുകള്‍ക്കു തുല്യമായിരുന്നുവെന്നും ഗവേഷകര്‍ പറയുന്നു. 

മുഖത്തിന്‍റെ കാര്യത്തില്‍ മാത്രമല്ല വായിലെ പല്ലുകളുടെ കാര്യത്തിലും താറാവുകളും ടി റെക്സുകളും തമ്മില്‍ ചെറുതല്ലാത്ത സാമ്യമുണ്ട്. താറാവുകളുടേതെന്ന പോലെ വരിവരിയായുള്ള കൂര്‍ത്ത ചെറിയ പല്ലുകളാണ് ടി റെക്സുകള്‍ക്കുമുള്ളത്. ഒപ്പം ദേഹം മുഴുവന്‍ തൂവലുകളാല്‍ നിറഞ്ഞിരിക്കും. ടി റെക്സുകളുടെ മുഖം കൂര്‍ത്തിരിക്കുന്നതാകട്ടെ താറാവുകളുടെ കൊക്കുകള്‍ക്ക് സമാനമാണ്. ഇങ്ങനെ ഏറെക്കുറെ അല്‍പം വലുപ്പം കൂടിയ താറാവിനെ പോലെയാണ് ടി റെക്സുകളുടെ കുട്ടികള്‍ മുട്ടവിരിഞ്ഞ ഉടന്‍ കാണപ്പെടുകയെന്നും ഗവേഷകര്‍ വിവരിക്കുന്നു.

ഓരോ ഘട്ടത്തിലും ഓരോ രൂപം

തീരെ ചെറുതായിരിക്കെ താറാവുകളോടാണ് ടി റെക്സുകളുടെ സാമ്യമെങ്കില്‍ അല്‍പം കൂടി മുതിര്‍ന്നാല്‍ ഭക്ഷണക്കാര്യത്തിലും മറ്റും ഇവയുടെ സാമ്യം ഒട്ടകപ്പക്ഷിയോടും മറ്റുമാണ്. കാരണം ഈ സമയത്ത് ഇവയുടെ ഇരകള്‍ പ്രധാനമായും ഇഴജന്തുക്കളാണ് .ഈ സമയത്ത് കഴുത്തിലെയും മറ്റും തൂവലുകള്‍ പൊഴിഞ്ഞു തുടങ്ങും. പിന്‍കാലുകളുടെ നീളവും വർധിക്കും. എന്നാല്‍ ഈ സമയത്ത് ശരീരത്തിന്‍റെയും പിന്‍കാലുകളുടെയും വളര്‍ച്ചയ്ക്കു സമാനമായ രീതിയില്‍ മുന്‍കാലുകളുടെ വലുപ്പം വർധിക്കില്ല. അതിനാലാണ് മുതിര്‍ന്ന ശേഷവും ദിനോസറുകളില്‍ നിന്ന് വ്യത്യസ്തമായി ടി റെക്സുകള്‍ക്കു ചെറിയ മുന്‍കാലുകളുള്ളത്. 

എന്നാല്‍ അല്‍പം കൂടി വലുതാകുന്തോറും രൂപത്തില്‍ കാര്യമായ മാറ്റങ്ങള്‍ വരും. തൊലിക്കു കടുതല്‍ കട്ടി കൈവരുന്നതോടെ തൂവലുകള്‍ ഏതാണ്ട് പൂര്‍ണമായും കൊഴിഞ്ഞു പോകും. കഴുത്തിലും ശരീരത്തിലും ഏതാനും തൂവലുകള്‍ അവശേഷിക്കുമെന്നും ഇല്ലെന്നും വാദമുണ്ട്. ടി റെക്സ് ഉള്‍പ്പടെ ഒരു ദിനോസറിന്‍റെയും ശരീരത്തിന്‍റെ പുറം ചട്ട എങ്ങനെയിരിക്കും എന്നതു സംബന്ധിച്ച് അന്തിമ നിഗമനത്തിലെത്താന്‍ തെളിവുകളൊന്നുമില്ലാത്തതിനാല്‍ ഈ തര്‍ക്കവും കല്‍പ്പാന്ത കാലത്തോളം നീണ്ടു പോകാനാണ് സാധ്യത.

ദിനോസറിന്‍റെ ഇപ്പോഴത്തെ പിന്‍ഗാമികള്‍ മുതലകളോ കോഴികളോ

ദിനോസറുകള്‍ ഉരഗങ്ങളാണെന്നും ഇവയുടെ ഇപ്പോഴത്തെ പിന്‍ഗാമികള്‍ ഈ വര്‍ഗത്തില്‍ പെട്ട മുതലകളും പല്ലികളും വരെയുള്ള ജീവികളാണെന്നും വാദിക്കുന്നവരുണ്ട്. എന്നാല്‍ ഇപ്പോള്‍ ലഭ്യമായ തെളിവുകള്‍ വച്ച് ദിനോസറുകളുടെ പിന്‍ഗാമികള്‍ കോഴി മുതല്‍ എമുവും ഒട്ടക പക്ഷിയും വരെയുള്ളവ ആയിരിക്കാമെന്നും കണക്കു കൂട്ടാം. കാരണം ഈ പക്ഷികളെ പോലെ മുട്ട വിരിഞ്ഞ ഉടല്‍ ശരീരം മുഴുവന്‍ തൂവലുമായിട്ടാണ് അന്ന് ടി റെക്സുകള്‍ പുറത്തു വന്നിരുന്നതെന്നാണു പുതിയ തെളിവുകള്‍ വച്ച് ഗവേഷകര്‍ വാദിക്കുന്നത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HABITAT & POLLUTION
SHOW MORE
FROM ONMANORAMA