ഉൽപാദിപ്പിക്കപ്പെടുക കൊടുംചൂട്, ‘കൃത്രിമ സൂര്യനെ’ നിർമിച്ച് ചൈന; എന്താണ് ലക്ഷ്യം?

HIGHLIGHTS
  • 'കൃത്രിമസൂര്യന്‍' അന്തരീക്ഷ മലിനീകരണമുണ്ടാക്കാതെ പുനരുപയോഗ ഊർജം ഉല്‍പാദിപ്പിക്കാൻ
  • സൂര്യൻ എന്നാണു വിളിപ്പേരെങ്കിലും ഇത് ആകാശത്തു ജ്വലിച്ചു നിൽക്കുന്നതല്ല
157503775
SHARE

ചൈനയിൽ വിവിധ തരത്തിലുള്ള മലിനീകരണം കാരണം 15 ലക്ഷത്തോളം പേരാണ് ഓരോ വർഷവും മരിച്ചു വീഴുന്നത്. അതായത് ദിവസവും ശരാശരി 4400 പേർ എന്ന കണക്കിൽ. ചൈനയിലെ ‘സ്മോഗും’ കുപ്രസിദ്ധമാണ്. വ്യവസായശാലകളിലെയും വാഹനങ്ങളിലെയും വിഷവസ്തുക്കൾ നിറഞ്ഞ പുകയും മഞ്ഞും കൂടിച്ചേർന്നുണ്ടാകുന്ന ഈ പുകമഞ്ഞിൽ നിന്നു രക്ഷനേടാൻ ഇനിയും ലോകത്തിലെ നാലാമത്തെ വലിയ രാജ്യത്തിനു സാധിച്ചിട്ടില്ല. അന്തരീക്ഷ മലിനീകരണം ഉണ്ടാകാത്ത വിധം ഊർജം ഉൽപാദിപ്പിക്കുകയെന്നതാണ് ചൈന ഭരണതലത്തിൽ തന്നെ നേരിടുന്ന വലിയ പ്രതിസന്ധികളിലൊന്ന്. 

ഇതിനായി ഏതറ്റം വരെയും പോകാന്‍ തയാറാണെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് സ്വന്തമായി ‘സൂര്യനെ’ നിർമിക്കാനുള്ള ചൈനയുടെ തീരുമാനം. ഈ വർഷം തന്നെ അതിന്റെ നിർമാണം പൂർത്തിയാക്കുമെന്നതാണ് ഏറ്റവും പുതിയ റിപ്പോർട്ട്. ഇക്കാര്യം ചൈന നാഷനൽ ന്യൂക്ലിയർ കോർപറേഷൻ ഡെപ്യൂട്ടി ഡീൻ ഡ്യുവാൻ ഷുറു ആണ് രാജ്യത്തെ നിർണായക രാഷ്ട്രീയ സമ്മേളന വേദിയിൽ പ്രഖ്യാപിച്ചത്. അന്തരീക്ഷ മലിനീകരണമുണ്ടാക്കാത്ത, പുനരുപയോഗിക്കാവുന്ന ഊർജം പരമാവധി ഉല്‍പാദിപ്പിക്കുകയെന്നതാണ് ‘കൃത്രിമസൂര്യന്റെ’ ജോലി. 

സൂര്യൻ എന്നാണു വിളിപ്പേരെങ്കിലും ഇത് ആകാശത്തു ജ്വലിപ്പിച്ച് നിർത്തുന്ന തരം സൂര്യനല്ല. മറിച്ച് ഒരു റിയാക്ടറിനെയാണ് ‘ആർടിഫിഷ്യൽ സൺ’ എന്നു വിശേഷിപ്പിക്കുന്നത്. സൂര്യന്റെ ഉൾക്കാമ്പിൽ അനുഭവപ്പെടുന്ന ഏറ്റവും കൂടിയ ചൂടിനേക്കാൾ ആറിരട്ടി ചൂട് ഉൽപാദിപ്പിക്കാനാകുന്ന റിയാക്ടറാണ് ചൈന നിർമിക്കുന്നത്. അതായത്, ഏകദേശം 10 കോടി ഡിഗ്രി സെൽഷ്യസ് താപനില. സൂര്യനിൽ സാധാരണഗതിയിൽ സംഭവിക്കുന്ന ന്യൂക്ലിയർ ഫ്യൂഷൻ അഥവാ അണുസംയോജനത്തെയാണ് ചൈനീസ് ഗവേഷകർ കൃത്രിമമായി സൃഷ്ടിക്കുന്നത്. ഫ്യൂഷനിലൂടെ ഹൈഡ്രജനെ ‘ഹരിതോർജമാക്കി’ മാറ്റാനാണു ശ്രമമെന്നു ചുരുക്കം. 

sun-artificial

എച്ച്എൽ–2എം ട്യൂക്കമാക്ക് എന്ന റിയാക്ടറാണ് ഇതിനു വേണ്ടി തയാറാക്കുന്നത്.  ചൈന നാഷനൽ ന്യൂക്ലിയർ കോർപറേഷന്റെ കീഴിലുള്ള സൗത്ത്‌വെസ്റ്റേൺ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്സിനാണു നിർമാണ ചുമതല. ഇതിന്റെ ആദ്യഘട്ടം 2018 നവംബറിൽ പൂർത്തിയാക്കിയിരുന്നു. എക്സ്പിരിമെന്റൽ അഡ്വാൻസ്ഡ് സൂപ്പർകണ്ട്ക്ടിങ് ട്യൂക്കമാക്ക് അഥവാ ‘ഈസ്റ്റ്’ എന്നു പേരിട്ട റിയാക്ടർ നൽകിയ ധൈര്യമാണു പുതിയ പരീക്ഷണവുമായി മുന്നോട്ടു പോകാൻ ഗവേഷകർക്കു പ്രേരണയായത്. ചൈനയിലെ തന്നെ ഹെഫെയ് ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് ഫിസിക്കൽ സയൻസാണ് ‘ഈസ്റ്റിന്റെ’ നിർമാണത്തിനു പിന്നിൽ. നവംബറിൽ  ‘ഈസ്റ്റിൽ’ നടത്തിയ പരീക്ഷണത്തിലാണ് അയണുകളുടെ താപനില 10 കോടി ഡിഗ്രി സെൽഷ്യസ് വരെയെത്തിയത്. സൂര്യനിൽ പരമാവധി താപനില 1.5 കോടി ഡിഗ്രി സെൽഷ്യസ് വരെയാണ് എത്താറുള്ളത്. 

ഹൈഡ്രജനെ ചൂടാക്കി അയണുകളും ഇലക്ട്രോണുകളുമാക്കി  മാറ്റുകയാണു ഫ്യൂഷനിലെ പതിവ്. എന്നാൽ ഊർജ ഉൽപാദനത്തിന് ആവശ്യമായ ഫ്യൂഷൻ സംഭവിക്കണമെങ്കിൽ അയണുകളുടെ താപനില 10 കോടി ഡിഗ്രി സെൽഷ്യസിനു മുകളിലെത്തണം. അതിനാലാണു പുതിയ റിയാക്ടറിനു വേണ്ടിയുള്ള ശ്രമം. ഈ താപനിലയിൽ ഡ്യൂട്ടീരിയത്തെയും ട്രിറ്റിയത്തെയും തമ്മിൽ സംയോജിപ്പിച്ചാണ് വൻതോതിൽ ഊർജം ഉൽപാദിപ്പിക്കുക. ഫ്യൂഷൻ എനർജി ഉൽപാദിപ്പിക്കുന്നതിൽ ഏറ്റവും മികച്ച രീതി ഡ്യൂട്ടീരിയവും ട്രിറ്റിയവും കൂട്ടിച്ചേർക്കുന്നതാണെന്നു നേരത്തേ തിരിച്ചറിഞ്ഞിട്ടുണ്ട്. ഹൈഡ്രജന്റെ ഒരു ഐസോടോപ്പാണ് ഡ്യൂട്ടീരിയം. ഹെവിഹൈഡ്രജൻ എന്നും അറിയപ്പെടുന്നു. ഹൈഡ്രജന്റെ ഒരു റേഡിയോ ആക്ടീവ് ഐസോടോപ്പാണ് ട്രിറ്റിയം. ഹൈഡ്രജൻ 3 എന്നും പേരുണ്ട്. ഫ്യൂഷൻ പ്രക്രിയയ്ക്കുള്ള സമ്പൂർണ റിയാക്ടർ പൂർത്തിയാകുന്നതോടെ ഹരിതോർജം സംബന്ധിച്ച ചൈനയുടെ ആവശ്യങ്ങൾ വലിയൊരളവു വരെ പരിഹരിക്കാനാകുമെന്നാണു ഗവേഷകരുടെ പ്രതീക്ഷ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HABITAT & POLLUTION
SHOW MORE
FROM ONMANORAMA