അമേരിക്ക നീങ്ങുന്നത് കൊടും വരള്‍ച്ചയിലേക്ക് ; കാത്തിരിക്കുന്നത് രൂക്ഷമായ ജലക്ഷാമം, മുന്നറിയിപ്പുമായി ഗവേഷകർ!

HIGHLIGHTS
  • 2070 ആകുമ്പോഴേക്കും അമേരിക്കയിലെ ജലസമ്പത്ത് അപര്യാപ്തമാകും
  • പകുതിയിലേറെ അണക്കെട്ടുകളിലും ജലത്തിന്‍റെ അഭാവം അനുഭവപ്പെടും
Glen Canyon Dam
SHARE

അടുത്ത അഞ്ച് ദശാബ്ദത്തിനുള്ളില്‍ അമേരിക്കന്‍ ഐക്യനാടുകളിലെ വലിയൊരു ഭാഗവും കടുത്ത ജലക്ഷാമം നേരിടുമെന്നാണ് പുതിയ പഠനങ്ങൾ മുന്നറിയിപ്പു നല്‍കുന്നത്. 2070 ആകുമ്പോഴേക്കും വർധിച്ചു വരുന്ന ജനസംഖ്യയും കാലാവസ്ഥാ വ്യതിയാനവും അമേരിക്കയിലെ ജലസമ്പത്ത് അപര്യാപ്തമാക്കുമെന്നാണു പഠനം ചൂണ്ടിക്കാട്ടുന്നത്. അമേരിക്കയിലെ  പകുതിയിലേറെ അണക്കെട്ടുകളില്‍  ജലത്തിന്‍റെ അഭാവം അനുഭവപ്പെടുമെന്നാണു നിഗമനം. അമേരിക്കന്‍ ഐക്യനാടുകളുടെ മധ്യമേഖലയിലെയും തെക്കു പ്രദേശത്തെയും സമതലങ്ങളിലും മധ്യമേഖലയിലെ തന്നെ പര്‍വത പ്രദേശങ്ങളിലുമാണ് ജലക്ഷാമം രൂക്ഷമാകുമെന്ന് പഠനം മുന്നറിയിപ്പു നല്‍കുന്നത്.

അമേരിക്കന്‍ ഔദ്യോഗിക ഏജന്‍സികളില്‍ ഒന്നായ ഫോറസ്റ്റ് സര്‍വീസിലെ ഗവേഷകരാണ് ഈ പഠനം നടത്തിയത്. അന്‍പതു വര്‍ഷം കഴിയുമ്പോള്‍ വരള്‍ച്ച നേരിടാന്‍ പോകുന്ന പ്രദേശങ്ങളാണ് ഇപ്പോഴത്തെ പട്ടികയിലുള്ളതെന്നും പിന്നീട് ഈ വരള്‍ച്ചാ ബാധിത പ്രദേശങ്ങള്‍ വർധിച്ചു വരുമെന്നും പഠനത്തില്‍ പങ്കെടുത്ത ഫോറസ്റ്റ് സര്‍വീസ് ഉദ്യോഗസ്ഥനും ഗവേഷകരില്‍ ഒരാളുമായ തോമസ് ബ്രൗണ്‍ പറഞ്ഞു. ഭാവിയിലെ കാലാവസ്ഥാ സാധ്യതകളും ജനസംഖ്യാ വർധനവും കൂടി കണക്കാക്കിയാണ് ഗവേഷകരുടെ ഈ പ്രവചനം.

അമേരിക്ക നേരിട്ട ജലക്ഷാമം

ഗവേഷകര്‍ പ്രവചിച്ചത് അന്‍പതു വര്‍ഷം കഴിഞ്ഞ് അമേരിക്ക നേരിടാൻ പോകുന്ന ജലക്ഷാമത്തെക്കുറിച്ചാണ്. കൃത്യമായ ആസൂത്രണത്തിലൂടെ ഈ പ്രതിസന്ധിയെ മറികടക്കാന്‍ പ്രാപ്തമാകാന്‍ ഇത്തരം പഠനങ്ങള്‍ സഹായിക്കുമെന്ന് തോമസ് ബ്രൗണ്‍ വിശദീകരിക്കുന്നു. ഇതിനുദാഹരണമായി തോമസ് ബ്രൗണ്‍ ചൂണ്ടിക്കാട്ടുന്നത് 1980 കളില്‍ അമേരിക്ക നേടിയെടുത്ത ജലസ്ഥിരതയെയാണ്. പത്തൊന്‍പതാം നൂറ്റാണ്ടിന്‍റെ ആരംഭത്തില്‍ ജനസംഖ്യയിലുണ്ടാകുന്ന വന്‍ വർധനവു മൂലം അമേരിക്കയിലെ മിക്ക പട്ടണങ്ങളും ജലക്ഷാമം നേരിട്ടിരുന്നു. കൃത്യമാസ ആസൂത്രണത്തിലൂടെ തടയണകള്‍ നിര്‍മിച്ചും ജലസംഭരണം വർധിപ്പിച്ചും മറ്റുമാണ് ഈ പ്രതിസന്ധിയെ അമേരിക്ക മറികടന്നതും ജലസ്ഥിരത നേടിയതും. 

ഭാവിയിലെ പ്രതിസന്ധി

Drought

ഇതിനു ശേഷം 40 വര്‍ഷങ്ങൾ പിന്നിട്ടിട്ടും കാര്യമായ പ്രതിസന്ധി വെള്ളത്തിന്‍റെ കാര്യത്തില്‍ അമേരിക്കയില്‍ ഇതുവരെ അനുഭവപ്പെട്ടിട്ടില്ല. എന്നാല്‍ ഇനിയങ്ങോട്ടു കാര്യങ്ങള്‍ അത്ര എളുപ്പമാകില്ലെന്നാണ് ഫോറസ്റ്റ് സര്‍വീസിലെ ഗവേഷകര്‍ നടത്തിയ പഠനം സൂചിപ്പിക്കുന്നത്. നിലവിലെ കണക്കുകൂട്ടലുകളനുസരിച്ച് യുഎസിലെ വടക്കന്‍ പ്രദേശങ്ങളില്‍ കാലാവസ്ഥാ വ്യതിയാനത്തിന്‍റെ ഭാഗമായി മഴ വർധിക്കും. എന്നാല്‍ മറ്റു പ്രദേശങ്ങളില്‍ ലഭിക്കുന്ന ശരാശരി മഴയില്‍ കുറവുണ്ടാകും.

എന്നാല്‍ വടക്കന്‍ മേഖലയില്‍ നിന്നു തെക്കന്‍ പ്രദേശങ്ങളിലേക്കു പങ്കുവയ്ക്കുന്നതിനുള്ള അളവില്‍ വെള്ളമുണ്ടാകില്ല. കാരണം കാലാവസ്ഥാ വ്യതിയാനം മൂലം അമേരിക്കയുടെ വടക്കന്‍ മേഖലകളിലെ മഞ്ഞുപാളികള്‍ ഉരുകുകയാണ്. അത് അന്‍പതു വര്‍ഷം കഴിയുമ്പോള്‍ വേനല്‍ക്കാലത്തു മഞ്ഞു പാളികള്‍ ഉരുകി നദികളിലേക്കെത്തുന്ന വെള്ളത്തിന്‍റെ അളവില്‍ സാരമായ കുറവു സൃഷ്ടിക്കും. അതുകൊണ്ട് തന്നെ വടക്കന്‍ മേഖലയില്‍ കൂടുതലായി ലഭിക്കുന്ന മഴ മഞ്ഞു പാളികളിലൂടെ ലഭിച്ചിരുന്ന ജലത്തിന്‍റെ കുറവ് നികത്താനേ സഹായിക്കൂ.

കൂടാതെ ഉയരുന്ന താപനില കൂടുതല്‍ ജലം നീരാവിയായി മാറുന്നതിനു കാരണമാകുമെന്നും ഗവേഷകര്‍ കരുതുന്നു. ഇത് പല പ്രദേശങ്ങളിലേക്കും ഒഴുകിയെത്തുന്ന ജലത്തിന്‍റെ അളവില്‍ ഗണ്യമായ കുറവു വരുത്തും. ജലവിതരണത്തിലും ഉപയോഗത്തിലും കാര്യമായ മാറ്റങ്ങള്‍ വരുത്തുകയെന്നതാണ് ഈ പ്രതിസന്ധിയെ നേരിടാന്‍ മുന്നോട്ടു വയ്ക്കുന്ന നിര്‍ദ്ദേശങ്ങളില്‍ ഒന്ന്. ഭാവിയിൽ ജലക്ഷാമം മൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍ വിലയിരുത്താന്‍ ആ കാലഘട്ടത്തിലെ കാലാവസ്ഥാ സാധ്യതകളുടെ ഏഴ് മാതൃകകളാണ് ഈ ഗവേഷക സംഘം തയ്യാറാക്കിയത്. ഇവയിലെല്ലാം വരള്‍ച്ചാ സാധ്യത തെളിഞ്ഞു നിന്നെന്നും ഗവേഷകര്‍ പറയുന്നു.

ഡാമുകള്‍ പരിഹാരമാകില്ല

ഇരുപതാം നൂറ്റാണ്ടിന്‍റെ മധ്യത്തില്‍ ജലക്ഷാമത്തെ നേരിടാന്‍ അമേരിക്കയെ സഹായിച്ചത് അണക്കെട്ടുകളും കൂറ്റന്‍ പൈപ്പ് ലൈനുകളും മറ്റുമാണ്. എന്നാല്‍ ഇനി വരാന്‍ പോകുന്ന വരള്‍ച്ചയെ നേരിടാന്‍ ഇവ സഹായകരമാകില്ല. അണക്കെട്ടുകള്‍ വലുതാക്കുന്നതോ പുതിയവ നിര്‍മിക്കുന്നതോ ഗുണം ചെയ്യില്ലെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. ഭൂഗര്‍ഭജലത്തിന്‍റെ സംരക്ഷണമാണ് ഇവര്‍ മുന്നോട്ടു വയ്ക്കുന്ന സുരക്ഷിതമായ പോംവഴികളില്‍ മറ്റൊന്ന്. ഭൂഗര്‍ഭജലം അമിതമായി വലിച്ചെടുക്കുന്നതു തടയുകയാണ് വരള്‍ച്ച ഒഴിവാക്കാന്‍ ആദ്യം ചെയ്യേണ്ടതെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. കൂടാതെ കുറച്ചു മാത്രം വെള്ളം ആവശ്യമുള്ള കാര്‍ഷികോൽപന്നങ്ങളുടെ ഉൽപാദനം മുതല്‍ മറ്റു നിരവധി പോംവഴികളും സംഘം എർത്‌സ് ഫ്യൂച്ചര്‍ എന്ന ശാസ്ത്ര മാസികയില്‍ പ്രസിധീകരിച്ച പഠനത്തില്‍ മുന്നോട്ടു വയ്ക്കുന്നുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HABITAT & POLLUTION
SHOW MORE
FROM ONMANORAMA