നല്ല നാളേക്കായി സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ പാരിസ്ഥിതിക സമരം!

Students hold international climate change protests
പ്രതീകാത്മക ചിത്രം
SHARE

ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും ഉള്‍പ്പെടെയുള്ള പ്രതിസന്ധികള്‍ ഭൂമിയുടെ നാളത്തെ നിലനില്‍പിനു തന്നെ ഭീഷണിയാണ്. ഇക്കാര്യം മനസ്സിലായിട്ടും കണ്ടില്ലെന്നു നടിച്ച് പാരിസ്ഥിതിക വിരുദ്ധ നിലപാടുകളുമായി മുന്നോട്ടു പോകുന്നവരാണ് മിക്ക രാജ്യങ്ങളും. ഇതിനെതിരെയാണ് നാളെയുടെ അവകാശികളായ വിദ്യാർഥികള്‍ ഭൂമിയുടെ സംരക്ഷണത്തിനു വേണ്ടി സമരം പ്രഖ്യാപിച്ചു തെരുവിലിറങ്ങിയത്. ഡൽഹിയിലെ വിവിധ സ്കൂളുകളിൽ നിന്നായി അഞ്ഞൂറോളം കുട്ടികൾ സമരത്തിൽ പങ്കുചേർന്നു.

ലോകമെമ്പാടുമുള്ള സ്‌കൂള്‍ കൂട്ടികള്‍ പരിസ്ഥിതിക്കു വേണ്ടി പഠിപ്പു മുടക്കിയാണ് പ്രതിഷേധിക്കുന്നത്. നൂറ് രാജ്യങ്ങളിലായി 15,00 ഇടങ്ങളിലാണ് കുട്ടികളുടെ സ്കൂള്‍ ബഹിഷ്കരണം. 'ഇല്ലാത്ത ഭാവിയ്ക്ക് വേണ്ടി എന്തിനു പഠിക്കണം' എന്ന മുദ്രാവാക്യമാണ് ഈ കുട്ടികള്‍ ഉയര്‍ത്തുന്നത്. ഭാവി തലമുറ നേരിടാന്‍ പോകുന്ന പാരിസ്ഥിതിക ഭീഷണികളേക്കുറിച്ചു  രാഷ്ട്രത്തലവന്‍മാരേയും മനുഷ്യ സമൂഹത്തെയും ഓര്‍മിപ്പിക്കുകയായിരുന്നു ഈ പഠിപ്പു മുടക്കലിന്‍റെ ലക്ഷ്യം. വിദ്യാർഥികള്‍ക്കു പിന്തുണയുമായി നിരവധി സംഘടനകളും വിവിധ മേഖലകളിലെ പ്രമുഖരും രംഗത്തുവന്നു.

തുടക്കം സ്വീഡനിലെ സ്കൂള്‍ കുട്ടിയില്‍ നിന്ന്

സ്വീഡനിലെ ഗ്രീറ്റ ട്യുൺബര്‍ഗ് എന്ന പതിനഞ്ചു വയസ്സുകാരിയായ വിദ്യാർഥിനി കഴിഞ്ഞ ഓഗസ്റ്റ് മുതല്‍ വെള്ളിയാഴ്ചകളില്‍ സ്കൂളില്‍ പോകുന്നില്ല. ഇങ്ങനെ സ്കൂളില്‍പോകാതിരുന്നതിന് ഗ്രീറ്റയ്ക്കു ലഭിച്ചത് ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാന ശുപാര്‍ശയാണ്. കാരണം ഗ്രീറ്റയുടെ സ്കൂളില്‍പോകാതെയുള്ള പ്രതിഷേധം ഭൂമിയുടെയും ഗ്രീറ്റ ഉള്‍പ്പടെയുള്ള കുട്ടികളുടെയും ഭാവിക്കു വേണ്ടിയണ്. എല്ലാ വെള്ളിയാഴ്ചയും സ്വീഡിഷ് പാര്‍ലമെന്‍റിനു മുന്നില്‍ ക്ലൈമറ്റ് ജസ്റ്റിസ് അഥവാ കാലാവസ്ഥാ നീതി അവശ്യപ്പെട്ടു പ്ലക്കാര്‍ഡുമായി കുത്തിയിരിക്കുകയാണ് ഗ്രീറ്റ ചെയ്യുന്നത്.

ഗ്രീറ്റയുടെ ഈ സമരമാണ്  ലോകമെമ്പാടുമുള്ള സ്കൂള്‍ കുട്ടികള്‍ സ്വന്തം ഭാവിക്കു വേണ്ടി സമരവുമായി തെരുവിലിറങ്ങുന്നതിനു കാരണമായത്. കുട്ടികളെ സ്നേഹിക്കുന്നു എന്ന്  എല്ലാവരും പറയുന്നുണ്ടെങ്കിലും കുട്ടികളുടെ ഭാവി അപകടത്തിലായിട്ടും ആരും ഒന്നും ചെയ്യുന്നില്ലെന്നു ഗ്രീറ്റ ചൂണ്ടിക്കാട്ടുന്നു. ഗ്രീറ്റയുടെ സമരത്തെ പിന്തുണച്ച് താമസിയാതെ വിവിധ പരിസ്ഥിതി സംഘടനകള്‍ രംഗത്തെത്തി. ഇതോടെ ഫ്രൈഡെയ്സ് ഫോര്‍ ഫ്യൂച്ചര്‍ അഥവാ വെള്ളിയാഴ്ചകള്‍ ഭാവിക്കു വേണ്ടി എന്നത് ലോകം മുഴുവന്‍ ഏറ്റെടുത്ത മുദ്രാവാക്യമായി മാറി. 

ആദ്യ സമരം 2015 ല്‍

2015 കേപ് 21 സമ്മേളനത്തിനിടയ്ക്കാണ് ഭാവിക്കു വേണ്ടി പഠിപ്പു മുടക്കാന്‍ കുട്ടികളോട് ആദ്യം വിവിധ പരിസ്ഥിതി സംഘടനകള്‍ ആവശ്യപ്പെടുന്നത്. 100 ശതമാനം പുനരുപയോഗ ഊര്‍ജസ്രോതസ്സുകള്‍ ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ആവശ്യപ്പെട്ടായിരുന്നു ഈ സമരം. അന്ന് നവംബര്‍ 30 ന് പാരിസില്‍ നടന്ന ഈ സമരത്തില്‍ പങ്കെടുത്തത് 50000 പേരാണ്. ഇതിനു ശേഷം ഇതേ മാതൃകയില്‍ സമരം ഉണ്ടാകുന്നത് 2018 തുടക്കത്തിലാണ്. പക്ഷേ ഇവയൊന്നും കുട്ടികളുടെ പങ്കാളിത്തം വലിയ തോതില്‍ ഉറപ്പാക്കുന്നതില്‍ വിജയിച്ചില്ല. 

വൈകാതെ 2018 ല്‍ ഗ്രീറ്റ സമരം ആരംഭിച്ചു. സമരം ആഴ്ചകള്‍ പിന്നിട്ടതോടെ രാജ്യാന്തര മാധ്യമങ്ങൾ വരെ ഗ്രീറ്റയുടെ സമരം വാര്‍ത്തയാക്കി. ഇതോടെ വിവിധ രാജ്യങ്ങളില്‍ വെള്ളിയാഴ്ചകള്‍ നാളേക്കു വേണ്ടി എന്ന മുദ്രാവാക്യം ഉയര്‍ത്തി സമരങ്ങള്‍ സംഘടിപ്പിക്കപ്പെട്ടു. സിഡ്നിയിലും ബെര്‍ലിനിലും ബ്രസ്സല്‍സിലും സ്റ്റോക്ഹോമിലും നടന്ന സമരങ്ങള്‍ വന്‍ വിജയമായി. ഇതോടെയാണ് ഈ പ്രതിഷേധം ആഗോളതലത്തില്‍ സംഘടിപ്പിക്കാന്‍ ശ്രമം ആരംഭിച്ചത്. ഈ ശ്രമമാണ് ഇന്ന് ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളെ അണിനിരത്തിയുള്ള സമരത്തിലേക്കു നയിച്ചതും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HABITAT & POLLUTION
SHOW MORE
FROM ONMANORAMA