ശൗചാലയ പദ്ധതി ‘കുട്ടിക്കളിയല്ല'; ഞെട്ടിക്കുന്ന ജല യാഥാർഥ്യങ്ങൾ!

HIGHLIGHTS
  • ലോകമെമ്പാടും ജലത്തിന്റെ അതിരൂക്ഷമായ പ്രതിസന്ധി നേരിടുന്നുണ്ട്
  • നൂറു കോടി ജനങ്ങൾക്ക് ലോകത്തിൽ ശുദ്ധജലം ലഭിക്കുന്നില്ല!
502996045
SHARE

എല്ലാവർക്കും ജലമെന്ന മുദ്രാവാക്യത്തോടെ ഐക്യരാഷ്ട്ര സംഘടന ലോക ജലദിനം ആചരിക്കുമ്പോഴും വിദഗ്ധർ ഒരു കാര്യത്തിൽ മുന്നറിയിപ്പു നല്‍കുന്നുണ്ട്. ലോകമെമ്പാടും ജലത്തിന്റെ അതിരൂക്ഷമായ പ്രതിസന്ധി നേരിടുന്നുണ്ട്. അത് തടയാനാകാത്ത വിധം വ്യാപിക്കുകയുമാണ്. ഇതിനു തെളിവായി യുഎൻ നിരത്തുന്ന കണക്കിങ്ങനെ– നൂറു കോടി ജനങ്ങൾക്ക് ലോകത്തിൽ ശുദ്ധജലം ലഭിക്കുന്നില്ല! 130 കോടിയിലേറെ ജനസംഖ്യയുള്ള ഇന്ത്യയിലെ അവസ്ഥയും വിഭിന്നമല്ല. ശുദ്ധജലം എന്ന ആശയം തന്നെ മാറിക്കഴിഞ്ഞു. പകരം സുരക്ഷിതമായ ജലം എന്നാണ് യുഎൻ മുന്നോട്ടു വയ്ക്കുന്ന രീതി. 

ജലം സുരക്ഷിതമാകണമെങ്കിൽ അത് വീട്ടിൽത്തന്നെ കൃത്യമായി ലഭ്യമാകണം, ആവശ്യം നേരത്തെല്ലാം ലഭ്യമാവുകയും വേണം. ഇതോടൊപ്പം, ജലത്തിൽ യാതൊരു വിധ മാലിന്യങ്ങൾ ഇല്ലെന്ന് ഉറപ്പാക്കുകയും വേണം. ജലം ലഭിക്കാത്തതിനൊപ്പം ശൗചാലയങ്ങളുടെ അഭാവവും തിരിച്ചടിയാകുന്നുണ്ട്. ഇന്ത്യയെമ്പാടും ശൗചാലയങ്ങൾക്കായി സർക്കാർ തലത്തിൽ തന്നെ ക്യാംപെയ്ൻ നടക്കുമ്പോൾ ലോകമാകെ ഏകദേശം 450 കോടി പേർക്കെങ്കിലും ഇക്കാര്യത്തിൽ വ്യക്തി ശുചിത്വം പാലിക്കാനാകുന്നില്ലെന്നാണ് റിപ്പോർട്ടുകൾ. അതായത്, പരിസരത്തേക്കു പടരാത്തവിധമോ സംസ്കരിക്കാനാകാത്ത വിധമോ മനുഷ്യ വിസർജ്യം ഇപ്പോഴും പുറന്തള്ളപ്പെടുന്നുണ്ടെന്നു ചുരുക്കം. 89.2 കോടി ജനം ഇന്നും പൊതുസ്ഥലത്താണു മലമൂത്ര വിസർജനം നടത്തുന്നതെന്നും യുഎന്നിന്റെ റിപ്പോർട്ടിലുണ്ട്. ഇതിനും അറുതി വരുത്തിയില്ലെങ്കിൽ ജലസ്രോതസ്സുകളെ മാരകമായി ബാധിക്കും. 

Water pollution

ലോകത്തെ 35 ശതമാനം ആശുപത്രികളിലും ഹെൽത്ത് സെന്ററുകളിലും കൃത്യമായി ജലം ലഭിക്കുന്നില്ല. അതിനാൽത്തന്നെ കൈകഴുകുന്നതിന് സോപ്പും ഉപയോഗിക്കാനാകുന്നില്ല. 19 ശതമാനം ആരോഗ്യകേന്ദ്രങ്ങളിലും ശൗചാലയങ്ങളുമില്ല. ശുദ്ധജലത്തിന്റെ അഭാവം കുട്ടികളുടെ പഠനത്തെയും ബാധിക്കുന്നു. ആഫ്രിക്കൻ രാജ്യങ്ങളിലും മറ്റും കിലോമീറ്ററുകളോളം നടന്നാണു പലരും ജലം ശേഖരിക്കുന്നത്. അതിനാൽത്തന്നെ കുട്ടികൾക്ക് സ്കൂളിൽ പോകാൻ സമയം ലഭിക്കാറില്ല. മിക്ക സ്കൂളുകളിലും ആവശ്യത്തിനു ശൗചാലയങ്ങളില്ല. ആർത്തവ സമയത്തും മറ്റും ശുചിത്വം പാലിക്കാനാകാത്തതിനാൽ അതിന്റെ പേരിലും കുട്ടികൾ സ്കൂളുകളിലേക്കു പോകാതെ ഒഴിഞ്ഞു മാറുന്നു. ഇവയ്ക്കൊപ്പമാണ് കാലാവസ്ഥാ വ്യതിയാനമെന്ന വലിയ പ്രശ്നവും. 

പ്രളയം, വരൾച്ച, മഞ്ഞുരുകൽ തുടങ്ങി പലവിധ ദുരന്തങ്ങള്‍ക്കും കാലാവസ്ഥാ വ്യതിയാനും കാരണമാകുന്നു. ജലസ്രോതസ്സുകൾ മലിനമാക്കപ്പെടുന്നു. ഇതിന്റെ പേരിലും ദുരിതം അനുഭവിക്കുക കുട്ടികളാണ്. 2040 ആകുമ്പോഴേക്കും ലോകമെമ്പാടുമുള്ള 60 കോടി കുട്ടികളെങ്കിലും ജലദൗർലഭ്യം ഏറെ രൂക്ഷമായ പ്രദേശങ്ങളിലായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇതോടൊപ്പം യുദ്ധവും കലാപവും വരുന്നതോടെ ജലദൗർലഭ്യം കൂടുതൽ രൂക്ഷമാകുന്നു. ഇപ്പോൾത്തന്നെ ജലം അടിയന്തരമായി ആവശ്യമുള്ള മേഖലകളിൽ 11.7 കോടി ജനങ്ങളെങ്കിലും ജീവിക്കുന്നുണ്ടെന്നാണു കണക്ക്. ഈ സാഹചര്യത്തിൽ യുണിസെഫിന്റെ നേതൃത്വത്തിൽ ലോകമെമ്പാടും ശുചിത്വവും ജലലഭ്യതയും ഉറപ്പുവരുത്താൻ കൊണ്ടുപിടിച്ച ശ്രമങ്ങൾ നടക്കുകയാണ്. ഐക്യരാഷ്ട്ര സംഘടനയ്ക്കു കീഴിലെ രാജ്യങ്ങളെല്ലാം ഇതിനെ പ്രധാന പ്രശ്നമായി കണ്ട് ചർച്ചകൾക്കു തയാറാകുന്നുമുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HABITAT & POLLUTION
SHOW MORE
FROM ONMANORAMA