ADVERTISEMENT

ലോകത്തിൽ ഏറ്റവുമധികം പ്രദേശങ്ങളിൽ കാണപ്പെടുന്ന പക്ഷിയെന്ന വിശേഷണം ഒരുപക്ഷേ അങ്ങാടിക്കുരുവിക്കായിരിക്കും. ലോകമെമ്പാടും തങ്ങളുടെ കോളനികൾ സ്ഥാപിക്കാനായി പടയ്ക്കു പുറപ്പെട്ട യൂറോപ്യന്മാർക്കൊപ്പമായിരുന്നു അങ്ങാടിക്കുരുവികളുടെയും യാത്ര. എത്തിപ്പെട്ടയിടങ്ങളിലെല്ലാം അവ വളർന്നു പെരുകി. ഇന്ന് ഇന്ത്യ, വടക്കേഅമേരിക്ക, ഓസ്ട്രേലിയ, ന്യൂസീലൻഡ്, യുറോപ്പ് തുടങ്ങി ഭൂമിയിലെ മൂന്നിൽ രണ്ടു ഭാഗങ്ങളിലും അങ്ങാടിക്കുരുവികളുടെ സാന്നിധ്യമുണ്ട്.

∙ ചൈന, ഇൻഡോചൈന, ജപ്പാൻ, സൈബീരിയയിലെയും ഓസ്ട്രേലിയയിലെയും ചില ഭാഗങ്ങൾ, ആഫ്രിക്കൻ ഉഷ്ണമേഖല, തെക്കേഅമേരിക്കയുടെ വടക്കൻ ഭാഗങ്ങൾ തുടങ്ങിയ പ്രദേശങ്ങളിൽ അങ്ങാടിക്കുരുവികളില്ല.

∙ നാഗരികവത്കരണത്തിനൊപ്പമാണ് അങ്ങാടിക്കുരുവികളുടെയും വളർച്ച. മെഡിറ്ററേനിയൻ മേഖലയിലാണ് ഇവയുടെ ഉത്പത്തിയെന്നാണു കരുതുന്നത്. വൻകരകളും വൻദ്വീപുകളും കീഴടക്കി മുന്നേറിയ സംഘങ്ങൾക്കും കച്ചവടക്കാർക്കുമൊപ്പം ഈ കുഞ്ഞിക്കിളികളും കൂട്ടൂകൂടി. അവയ്ക്ക് ആവശ്യമുള്ള ഭക്ഷ്യധാന്യങ്ങൾ സുലഭമായി ലഭിച്ചു. ഏതു കാലാവസ്ഥയിലും ജീവിക്കാമെന്നു കൂടിയായതോടെ ലോകത്ത് ഏറ്റവുമധികം കൃത്യമായി വിതരണം ചെയ്യപ്പെട്ട പക്ഷിയായി അങ്ങാടിക്കുരുവി. ഒരുദാഹരണം നോക്കാം: 200 വർഷം മുൻപ് വടക്കേ അമേരിക്കൻ ഭൂഖണ്ഡത്തിൽ ഒരൊറ്റ പ്രദേശത്തും അങ്ങാടിക്കുരുവികളുണ്ടായിരുന്നില്ല. എന്നാൽ ഇന്ന് ആ ഭൂഖണ്ഡത്തിലാകെ അനൗദ്യോഗിക കണക്കുപ്രകാരം 15 കോടിയോളം വരും കുരുവികളുടെ എണ്ണം!

∙ താമസിക്കാനുള്ള കൂട് ഉൾപ്പെടെ മനുഷ്യന്റെ പ്രവർത്തനങ്ങളോട് ചേർന്നാണ് അങ്ങാടിക്കുരുവികൾ തയാറാക്കിയെടുത്തത്. കൊടുംകാടുകളിലോ പുൽപ്രദേശങ്ങളിലോ മരുഭൂമികളിലോ, മരങ്ങൾ തിങ്ങിനിറഞ്ഞയിടങ്ങളിലോ ഒന്നും അങ്ങാടിക്കുരുവികളെ കാണാനാകില്ല. പകരം ഫാമുകളിലും വീടുകളിലും ഇലക്ട്രിക് പോസ്റ്റുകളിലും പാർക്കുകളിലുമൊക്കെയായി നഗരപ്രദേശങ്ങളാണ് ഇഷ്ടയിടം.

∙ അങ്ങാടിക്കുരുവി തങ്ങളുടെ വീട്ടിൽ കൂട് കൂട്ടുന്നത് ഭാഗ്യമാണെന്നാണ് തെക്കേ ഇന്ത്യയിലെ ചിലയിടങ്ങളിൽ ജനം കരുതിയിരുന്നത്. മുൻകാലങ്ങളിൽ നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലുമുള്ള വീടുകളിലും ചന്തകളിലും ഇവ സുലഭമായിരുന്നു. ‘വീട്ടിൽ താമസിക്കുന്നത്’ എന്ന് ലാറ്റിൻ ഭാഷയിൽ അർഥം വരുന്ന domesticus എന്ന പേര് അങ്ങാടിക്കുരുവിയുടെ ശാസ്ത്രനാമ(Passer domesticus)ത്തോടൊപ്പം ചേർന്നതും അങ്ങനെയാണ്.

∙ നെല്ലും വിത്തുകളും അടുക്കളയിൽ നിന്നു തള്ളുന്ന ഭക്ഷ്യമാലിന്യങ്ങളും ചന്തയിൽ ചിതറിക്കിടക്കുന്ന ഗോതമ്പും അരിയുമൊക്കെയായി എന്തും കഴിക്കും അങ്ങാടിക്കുരുവികൾ. പക്ഷേ മുട്ടവിരിഞ്ഞുവരുന്ന കുഞ്ഞുകുരുവികൾക്ക് പ്രധാന ഭക്ഷണമായി നൽകുക പുൽച്ചാടിയും ശലഭപ്പുഴുവും പോലുള്ള പ്രാണികളാണ്.

∙ ഇംഗ്ലണ്ടിലെ കൽക്കരിഖനികളിലൊന്നിൽ, ഭൂനിരപ്പിൽ നിന്ന് 2100 അടി താഴെ, അങ്ങാടിക്കുരുവികൾ കൂടുകൂട്ടിയിരുന്നതായി റിപ്പോർട്ടുകൾ വന്നിട്ടുണ്ട്. ആദ്യം രണ്ടെണ്ണമായിരുന്നു, പിന്നെ മൂന്നായി. അവയ്ക്ക് ഖനിത്തൊഴിലാളികളാണ് ഭക്ഷണം നൽകിയത്. അങ്ങനെ അവിടെ മൂന്നു വർഷവും ജീവിച്ചു. അങ്ങാടിക്കുരുവികളുടെ ശരാശരി ആയുർദൈർഘ്യവും മൂന്നു വർഷമാണ്.

∙ 16 സെന്റിമീറ്ററാണ് അങ്ങാടിക്കുരുവികളുടെ ശരാശരി നീളം, 24–39.5 ഗ്രാം ഭാരവും! ചുറ്റിലും നോക്കിയാൽ നമ്മുടെ തൊട്ടടുത്തു വരെ കാണാമെങ്കിലും ഇവയെ പിടികൂടാൻ അൽപം ബുദ്ധിമുട്ടാണ്. നിലത്തുകൂടെ നടക്കുകയല്ല മറിച്ച് പെട്ടെന്നു ചാടുകയാണ് അങ്ങാടിക്കുരുവികളുടെ പതിവ്. ചാടിച്ചാടി പോകാതെ നടന്നു പോകുന്നവയെ കാണുകയാണെങ്കിൽ ഉറപ്പിക്കാം അവയ്ക്ക് വയസ്സായെന്ന്. നിലനിൽപ് ഭീഷണിയാണെന്നു കണ്ടാൽ വെള്ളത്തിനടിയിലൂടെ നീന്താനുള്ള കഴിവു വരെയുണ്ട് അങ്ങാടിക്കുരുവികൾക്ക്!

∙ 13 വർഷം വരെ ഒരു അങ്ങാടിക്കുരുവി ജീവിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഒരു വയസ്സാകും മുൻപ് ഇവ ചത്തുപോകാനുള്ള സാധ്യതയും ഏറെയാണ്. അതിനിടെ രക്ഷപ്പെടാനുള്ള സാധ്യത 25 ശതമാനത്തിൽ താഴെയും! ഓരോ വർഷവും പ്രായപൂർത്തിയായ അങ്ങാടിക്കുരുവികളിൽ 40 ശതമാനത്തിലേറെയും ചത്തുപോകുന്നുവെന്നാണ് കണക്ക്.

 മനുഷ്യർക്കൊപ്പം വളർന്നുവന്ന അങ്ങാടിക്കുരുവികളെ അവസാനം നാം തന്നെയാണ് ഇല്ലാതാക്കുന്നത്. കൂട് വയ്ക്കാനുള്ള ഇടംപോലും കൊടുക്കാതെ നമ്മുടെ കെട്ടിട നിർമാണ രീതി മാറി. വെള്ളം കുടിക്കാൻ ചെറു കുളങ്ങൾ പോലുമില്ലാതാക്കി. പാർക്കുകളിൽ മരങ്ങൾക്കു പകരം കുറ്റിച്ചെടികളായി. ചെടികളിൽ വ്യാപകമായി കീടനാശിനി പ്രയോഗം വന്നതോടെ പ്രാണികളെയും കിട്ടാതാക്കി. ഭക്ഷ്യവസ്തുക്കളെല്ലാം പ്ലാസ്റ്റിക്കിൽ പൊതിഞ്ഞുകെട്ടി സൂക്ഷിക്കാൻ തുടങ്ങി. വലിച്ചെറിയുമ്പോൾ പോലും അത് ‘ഭദ്രമായി’ പ്ലാസ്റ്റിക്കിൽ പൊതിയുന്നു. മനുഷ്യൻ ജീവിതശൈലി മാറ്റിയതോടെ പിടിച്ചുനിൽക്കാനാകാതെ അങ്ങാടിക്കുരുവികളും തളർന്നു തുടങ്ങി. വേൾഡ് വൈൽഡ്‌ലൈഫ് ഫണ്ടിന്റെ റിപ്പോർട്ടു പ്രകാരം വംശനാശഭീഷണി നേരിടുന്ന പക്ഷികളുടെ പട്ടികയിൽ നിലവിൽ Least Concern വിഭാഗത്തിൽ ഈ കുഞ്ഞൻകുരുവികളുമുണ്ട്. പക്ഷേ ഓരോ വർഷവും അങ്ങാടിക്കുരുവികളുടെ എണ്ണം കുറയുകയാണെന്നാണ് ഇവിടെ കേരളത്തിൽ നിന്നുപോലുമുള്ള റിപ്പോർട്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com