വേനലിൽ ഓർക്കും മഴയിൽ മറക്കും; പഠിക്കാത്ത ജലപാഠം

Kabani River
വരൾച്ചയിൽ വെള്ളം കുറഞ്ഞ് കല്ലുകൾ തെളിഞ്ഞ കബനിപ്പുഴ
SHARE

മഹാപ്രളയത്തിനു ശേഷം സൂര്യൻ ഒന്ന് മുഖം കറുപ്പിച്ചതോടെ ജില്ലയിൽ പലയിടങ്ങളിലും കുടിവെള്ളം മുട്ടിയ അവസ്ഥയാണ്. ഇതിന് കാരണക്കാർ ആരാണ് ? എന്താണ് ജില്ലയിൽ ജലലഭ്യത കുറയാൻ കാരണം? എന്ന് ഈ ലോക ജലദിനത്തിലെങ്കിലും ചിന്തിച്ച് തുടങ്ങിയില്ലെങ്കിൽ വെള്ളത്തിനു പൊന്നുംവില നൽകേണ്ട കാലം വിദൂരമല്ല.

വെള്ളത്തിനായി പരക്കം പാച്ചിൽ

മഴവെള്ളത്തെ ഫലപ്രദമായ രീതിയിൽ തടഞ്ഞു നിർത്താനുള്ള ഒരു പദ്ധതിയും ഇതുവരെ ജില്ലയിൽ നടപ്പാക്കിയിട്ടില്ല എന്നു തന്നെ പറയാം. ജലസംരക്ഷണത്തിനുള്ള 2 ഡാമുകൾ ഉണ്ടെങ്കിലും അതു വേനൽക്കാലത്ത് വേണ്ടത്ര ഉപകാരപ്രദമല്ല. നമ്മൾ ഒഴുക്കിക്കളയുന്ന വെള്ളം ഫലപ്രദമായ രീതിയിൽ തടഞ്ഞു നിർത്തി കർണാടക വിവിധ പദ്ധതികൾ നടപ്പാക്കുന്നുമുണ്ട്.

വരൾച്ചയിൽ വെന്തുരുകുമ്പോഴും കൃഷി കരിഞ്ഞുണങ്ങുമ്പോഴും കുടിവെള്ളം മുട്ടുമ്പോഴും മാത്രമാണ് നഷ്ടപ്പെട്ട ജലത്തെക്കുറിച്ച് ചിന്തിക്കുന്നതും ജലത്തിനായി ഓടുന്നതും. പിന്നീട് മഴ പെയ്യുന്നതോടെ വരൾച്ച മറക്കുകയും ചെയ്യും. ജനങ്ങൾക്ക് എന്ന പോലെ ജലസംരക്ഷണ പ്രവർത്തകർക്കും നീരറിവ് നശിക്കുന്ന കാലമാണ് ഇത്.

നീർത്തട, ജലസംരക്ഷണ പദ്ധതികളെന്നാൽ സാമ്പത്തിക വർഷാവസാനത്തോടെ കണക്കുകൾ കൊടുത്തു തീർക്കേണ്ട കടലാസു പദ്ധതികളാണെന്നാണ് പലരുടെയും ചിന്ത. കോടികൾ കൊണ്ട് ജലസംരക്ഷണത്തിനായി നടത്തുന്ന പദ്ധതികളിൽ പലതും ജില്ലയിൽ പിന്നീട് ജലരേഖയാകുകയാണ്.

വേനലിൽ ഓർക്കും മഴയിൽ മറക്കും

wayanad-water-scarcity
കിണറിൽ വെള്ളമില്ലാത്തതിനാൽ പുഴയിൽ നിന്ന് വെള്ളം ശേഖരിച്ച് മടങ്ങുന്ന കുളത്താറ പൊയിൽ കോളനിക്കാർ

കുടിവെള്ള സംരക്ഷണം വേനലിൽ ഓർക്കും. പിന്നീട് പല പദ്ധതികളും പ്രവർത്തനങ്ങളും ഒരുക്കുമെങ്കിലും എല്ലാത്തിനും ഒച്ചിഴയും വേഗമാണ്. കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന ജില്ലയിലെ ലക്കിടി അടക്കമുള്ള പ്രദേശങ്ങളിൽ മഴയുടെ അളവ് കുറഞ്ഞു. പെയ്തു നിറയുന്ന മഴ ദിനങ്ങളല്ല, ചുട്ടുപൊള്ളുന്ന മരു ദിനങ്ങളാണ് കൂടിക്കൊണ്ടിരിക്കുന്നത്.

ജനുവരി അവസാന ആഴ്ചയിൽത്തന്നെ അന്തരീക്ഷം ചുട്ടുപൊള്ളുന്ന അവസ്ഥയാണ് കഴിഞ്ഞ 3 വർഷമായി ജില്ലയിൽ. പ്രളയത്തിനു ശേഷമാണ് ജില്ലയിൽ കൂടുതലായി കുന്നുകൾ ഇടിച്ചു നിരത്തി തണ്ണീർത്തടങ്ങളും വയലുകളും, തോടുകളും, കുളങ്ങളും നികത്തുന്നതു വ്യാപകമായത്. ഏറ്റവും കൂടുതൽ പ്രളയം ബാധിച്ച പനമരം പോലുള്ള പഞ്ചായത്തുകളിലാണ് കൂടുതൽ നടക്കുന്നതെന്ന പരാതി ചില സംഘടനകൾക്ക് ഉണ്ട്.

കുടിവെള്ളത്തിന് പുഴവെള്ളം

പ്രളയത്തിനു മുൻപ് എത്ര വലിയ കഠിന വേനലിലും കുടിവെള്ളം നൽകിയിരുന്ന കിണറുകൾ വറ്റിവരണ്ട് തുള്ളി വെള്ളം പോലും ഇല്ലാത്ത അവസ്ഥയിലാണിപ്പോൾ. പനമരം പഞ്ചായത്തിൽ കുളത്താറ പൊയിൽ കോളനിയിലെ പഞ്ചായത്ത് കിണർ ഒരുദാഹരണം മാത്രം. ഇവിടെയുള്ള 28 ആദിവാസി കുടുംബത്തിനും ഒരു ജനറൽ കുടുംബത്തിനുമായി 18 വർഷം മുൻപ് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് നിർമിച്ച 100 അടിക്കു മുകളിൽ താഴ്ചയുള്ള കിണറിൽ പ്രളയ ശേഷം വെള്ളം വറ്റിവരണ്ടു.

കിണർ വറ്റിയതോടെ കുടിവെള്ളത്തിനായി പല വാതിലുകളും മുട്ടിയെങ്കിലും രക്ഷയില്ലാതായതോടെ പുഴ വെള്ളമാണ് ഇപ്പോൾ ഏക ആശ്രയം. ഇവിടെ ജലനിധിയുടെ പദ്ധതി ഉണ്ടെങ്കിലും പകുതി ദിവസവും വെള്ളം എത്തുന്നില്ലെന്നു പരാതിയാണ്. ഇതുകൊണ്ടാണ് മാലിന്യം നിറഞ്ഞ പനമരം വലിയ പുഴയിലെ വെള്ളം കുടിക്കേണ്ടി വരുന്നത്. പഞ്ചായത്തിലെ ഒട്ടേറെ കോളനികളിൽ കുടിവെള്ള ക്ഷാമം ഉണ്ട്. മഴയിൽ നിറഞ്ഞു കവിഞ്ഞ് ആർത്തലച്ച് ഒഴുകുന്ന പുഴകൾ മഴ ഒന്ന് ശമിച്ചാൽ തന്നെ ദിവസങ്ങൾക്കുള്ളിൽ വറ്റിവരളുകയാണ്.

പുഴകളിലെ നിയന്ത്രണമില്ലാത്ത മണലൂറ്റും പുഴ സംരക്ഷണമില്ലാത്തതുമാണ് കാരണം. വേനൽ കടുത്തതോടെ പല പുഴകളിലും വെള്ളമില്ല. ഇതേ തുടർന്ന് കിണറുകളും കുളങ്ങളും വറ്റി കുടിവെള്ള ക്ഷാമവും രൂക്ഷമായിട്ടുണ്ട്. കടുത്ത ചൂടിൽ കുടിവെള്ളം കിട്ടാതെ കഴിഞ്ഞ ദിവസം ജില്ലയിൽ പലയിടങ്ങളിലും അങ്ങാടിക്കുരുവികളും കർണാടക അതിർത്തിയിൽ വളർത്തു മൃഗങ്ങളും ചത്തിരുന്നു.

ഇല്ലാതാകുന്നു കുളങ്ങളും കേണികളും

 Keni

വർഷങ്ങൾക്ക് മുൻപ് പ്രകൃതിയൊരുക്കിയ പല കുളങ്ങളും മനുഷ്യന്റെ ഇടപെടലിനെ തുടർന്ന് ഇല്ലാതാവുകയാണ്. പനമരം പഞ്ചായത്തിലെ മാതംകോട് കരിങ്കുളം അടക്കം കയ്യേറ്റങ്ങളിൽ പെട്ട് നശിക്കുന്നു. പഞ്ചായത്തിന്റെ ഉടമസ്ഥതയിൽ മാതംകോട് വയലിനോടു ചേർന്ന് ഒന്നര ഏക്കർ വിസ്തൃതിയിലാണ് കുളം. വേനൽ എത്ര കനത്താലും ഈ കുളം ഒരിക്കലും വറ്റാറില്ല. ഇതിനോടു ചേർന്ന കുറ്റിക്കാടുകളിൽ അപൂർവമായ പക്ഷികളും മറ്റും കൂടു കൂട്ടിയിട്ടുണ്ട്.

ഈ കുളം വൃത്തിയാക്കി സംരക്ഷിക്കണമെന്ന ആവശ്യം പരിഗണിക്കപ്പെടുന്നില്ല. കുളം സർക്കാർ ഏറ്റെടുത്ത് നവീകരിച്ച് സംരക്ഷിക്കുമെന്നും പ്രദേശം ഒരു വിനോദ സഞ്ചാര കേന്ദ്രമാക്കുമെന്നും പറഞ്ഞിരുന്നെങ്കിലും ഒന്നും നടന്നിട്ടില്ല. ജലസംരക്ഷണത്തിനായി കഴിഞ്ഞ വർഷം മന്ത്രിയെത്തി കാട് വെട്ടിത്തെളിച്ച് ഉദ്ഘാടനം ചെയ്ത ഏരനെല്ലൂർ ക്ഷേത്രക്കുളത്തിലും പിന്നീട് ഒരു സംരക്ഷണ പ്രവൃത്തികളും നടത്തിയില്ല.

കുടിവെള്ളം മുട്ടാതിരിക്കാൻ

പ്രളയ ശേഷം ഭൂമിക്കു മുകളിലെ ജലം താഴ്ന്നു പോയെങ്കിലും ഭൂഗർഭജലത്തിന്റെ അളവ് മുൻ വർഷങ്ങളിലേതിനെക്കാൾ കൂടി എന്ന കണ്ടെത്തൽ പ്രതീക്ഷയേകുന്നു. ജല വിഭവ വകുപ്പിന്റെ കീഴിൽ 26 കുടിവെളള പദ്ധതികൾ ഉള്ള ജില്ലയിൽ ഏറ്റവും വലിയ ജല സ്രോതസ്സായ കബനിയിൽ ചെറിയ തടയണകളും ബണ്ടുകളും നിർമിച്ചാൽ ഒരു പരിധി വരെ ജില്ലയിലെ ജലക്ഷാമത്തിന് പരിഹാരമാകും. ഈ ജലം കൃഷിയിടത്തിലേക്ക് ഒഴുക്കിയാൽ മഴയെ ആശ്രയിച്ചു മാത്രം കൃഷി ചെയ്യുന്ന  കാർഷിക മേഖലയ്ക്ക് ആശ്വാസമാകും.

2003 മുതൽ ഉണ്ടായ കടുത്ത വരൾച്ചയിൽ ജില്ലയിലും വിളകളെല്ലാം നശിച്ചതിനെ തുടർന്ന് മന്ത്രിമാരും ഉന്നതോദ്യോഗസ്ഥരും അടങ്ങിയ വിവിധ സംഘങ്ങൾ എത്തിയപ്പോൾ അന്നും കൃഷിക്കാർ മുന്നോട്ടു വച്ച പ്രധാന ആവശ്യം കൃഷിക്ക് അൽപം വെള്ളം തരണമെന്നായിരുന്നു. എന്നാൽ വർഷങ്ങൾ കഴിഞ്ഞും ഇതിന് ഒരു നടപടിയും ആയില്ലെന്നു മാത്രം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HABITAT & POLLUTION
SHOW MORE
FROM ONMANORAMA